
അഡൂർ : സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക്
ലഭിച്ചത് ഒരേയൊരു അവാർഡ്, മികച്ച ഫാം ഓഫീസറായി തിരഞ്ഞെടുത്തത് കാസർകോട് കൃഷിവകുപ്പിൻ്റെ ആദുരിലുള്ള ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാഡിലെ ഫാം ഓഫീസർ സൂരജിനെയാണ്. തോട്ടത്തിൽ ശാസ്ത്രീയമായ ഉത്പാദനരീതികൾ നടപ്പാക്കിയതും കൃത്യമായ കീടരോഗനിയന്ത്രണമാർഗങ്ങൾ തൊഴിലാളികളെ പരിശീലിപ്പിച്ചതും വികസനപദ്ധതികൾ നടപ്പിലാക്കിയതും പരിഗണിച്ചാണ് അവാർഡ്. അത്യുത്‌പാദനശേഷിയുള്ള കശുമാവിൻതൈകളാണ് ഫാമിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഒരുകോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് ഓർച്ചാഡിലുണ്ടായത്. പത്തിലധികം ഇനങ്ങളിൽപ്പെട്ട 1.62 ലക്ഷം കശുമാവിൻ ഒട്ടുതൈകളാണ് ഇവിടെ ഉത്‌പാദിപ്പിച്ച് കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്തത്.
കശുമാവിന് പുറമേ മാവിൻ ഒട്ടുതൈകൾ, കുറിയ ഇനം തെങ്ങിൻതൈകൾ, ഒട്ടുപ്ലാവ്, പേരലയർ, വിവിധയിനം നടീൽവസ്‌തുക്കൾ, കശുവണ്ടി തുടങ്ങിയവയും ഫാമിൽ തയ്യാറാക്കിയിട്ടുണ്ട്. ഇളനീർ, വിവിധയിനം മാങ്ങകൾ. വിയറ്റ്നാം ഏർളി ചക്ക എന്നിവയും ഫാമിൽ നിന്നും വാങ്ങാം. ഡ്രാഗൺ ഫ്രൂട്ട് ഓർച്ചാഡ്, ഇടവിളയായി അത്യുത്പാദനശേഷിയുള്ള കുരുമുളകു കൃഷി, വിവിധ ഇനം അലങ്കാരച്ചെടികൾ, ചെണ്ടുമല്ലി കൃഷി എന്നിവയും ഫാമിലുണ്ട്.
കേന്ദ്രസർക്കാരിൻ്റെ ആർകെവിവൈ പ്രകാരം വിവിധ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി 2.7 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കശുവണ്ടി സംസ്‌കരണ യൂണിറ്റ്, വില്പനശാല, കശുവണ്ടി മ്യൂസിയവും പരിശീലന കേന്ദ്രം എന്നിവ നിർമിച്ചു. ഫാം ടൂറിസത്തിന്റെ ഭാഗമായി മയിലാംകോട്ട കുന്നിൽ വ്യൂ പോയിൻ്റിൻ്റെ പണി പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് കശുവണ്ടി ഗോഡൗൺ, ഡ്രയിങ് യാർഡ് എന്നിവയും തോട്ടത്തിലുണ്ട്. ഫാമിന് കാർബൺ ന്യൂട്രൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുമായി ചേർന്ന് സ്വന്തം കാലാവസ്ഥാനിരീക്ഷണ കേന്ദ്രവും ഫാമിൽ സ്ഥാപിച്ചു
കൃഷി അസി. ഡയറക്‌ടർ തോമസ് സാമുവൽ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. രാഘവേന്ദ്ര, ഡെപ്യൂട്ടി ഡയറക്‌ടർ പി. ഉണ്ണിരാജൻ, അസി. ഡയറക്ടർ കെ.എ. ഷിജോ എന്നിവരുടെ ഉപദേശനിർദേശങ്ങൾ ഫാമിന്റെ വികസനത്തിന് സഹായിച്ചിട്ടുണ്ട്. ഫാമിൽ ആത്മാർഥമായി ജോലിചെയ്യുന്ന 40 തൊഴിലാളികൾക്കും മറ്റു ജീവനക്കാർക്കും അവാർഡ് സമർപ്പിക്കുന്നതായി സൂരജ് പറഞ്ഞു. കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയാണ്. കർഷകദിനത്തിൽ തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group