
കോറോം : തൊണ്ടർനാട് തൊഴിലുറപ്പ് പണംതട്ടിപ്പിൻ്റെ പശ്ചാത്തലത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഗ്രാമപ്പഞ്ചായത്ത് തലത്തിൽ സോഷ്യൽ ഓഡിറ്റ് ആറുമാസത്തിലൊരിക്കൽ നിർബന്ധമാക്കാൻ നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാനതലത്തിൽ സോഷ്യൽ ഓഡിറ്റ് യൂണിറ്റ് പദ്ധതികൾ ആസൂത്രണംചെയ്യുകയാണ്. എംഎൻആർഇജിഎ സംസ്ഥാന സോഷ്യൽ യൂണിറ്റ് ഡയറക്‌ടർ ഡോ. എൻ. രമാകാന്തൻ്റെ നേതൃത്വത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെത്തി പരിശോധനകൾ നടത്താനുള്ള സാധ്യതകളും ഏറിവരുകയാണ്. തൊഴിലുറപ്പുപദ്ധതിയിൽ ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റ് നടത്താൻ വ്യവസ്ഥകളുണ്ട്. എന്നാൽ, പലവിധകാരണങ്ങളാൽ സോഷ്യൽ ഓഡിറ്റ് മുടങ്ങാതെ നടക്കണമെന്നില്ല.
2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ നടത്തിയ മുഴുവൻ പ്രവൃത്തികളുടെയും സോഷ്യൽ ഓഡിറ്റ് വയനാട് ജില്ലയിൽ പൂർത്തിയായിരുന്നു. സമ്പൂർണ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറുകയായിരുന്നു. ആറുമാസ കാലയളവിൽ 6142 പ്രവൃത്തികളാണ് ജില്ലയിലെ പഞ്ചായത്തുകളിൽ നടപ്പാക്കിയിരുന്നത്. 70 കോടിയിലധികം തുക ചെലവഴിച്ചു. മുഴുവൻ പ്രവൃത്തികളുടെയും ഫീൽഡ്‌തല പരിശോധനയും തുടർന്ന്, ഗ്രാമസഭ ചേർന്ന് പബ്ലിക് ഹിയറിങ് നടത്തിയുമാണ് ഓഡിറ്റ് നടപടികൾ പൂർത്തിയാക്കിയത്. ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും സോഷ്യൽ ഓഡിറ്റ് ഗവേണിങ് ബോഡിയുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലുറപ്പുപദ്ധതി ഓംബുഡ്‌സ്മാൻ സംവിധാനത്തിന്റെയും സഹകരണത്തോടെയാണ് സോഷ്യൽ ഓഡിറ്റ് നടപടികൾ പൂർത്തിയാക്കിയത്.
പദ്ധതികൾ, ചെലവുകൾ: സമൂഹം അറിയണം
ഗ്രാമീണവികസനത്തിനും ശാക്തീകരണത്തിനും വഴിതെളിക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ ദീർഘവീക്ഷണത്തോടെയാണ് സോഷ്യൽ ഓഡിറ്റ് സംവിധാനം വിഭാവനംചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും നിയമിത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നവരുടെ ഉത്തരവാദിത്വം ജനാധിപത്യഭരണത്തിന്റെ മുഖമുദ്രയാണ്. അവരുടെ നയങ്ങൾ, തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ, ധനവിനിയോഗം എന്നിവയ്ക്ക് അവരെല്ലാം ജനങ്ങളോട് ഉത്തരംപറയേണ്ടതുണ്ട്.
കാര്യക്ഷമമായ ഭരണനിർവഹണത്തിന് സോഷ്യൽ ഓഡിറ്റ് ഒരു ഉപയോഗപ്രദമായ ഉപകരണമാണ്. സർക്കാർവകുപ്പുകളും വിവിധ നിർവഹണ ഏജൻസികളും നടത്തുന്ന ചെലവുകൾ പൊതുജനങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുന്നതിനും അതിൻ്റെ കാര്യക്ഷമത, ഫലപ്രാപ്‌തി, ഉപയോഗക്ഷമത എന്നിവ പരിശോധിക്കുന്നതിനും സോഷ്യൽ ഓഡിറ്റ് അവസരം നൽകുന്നു.
കണക്കുപറയാൻ ഗ്രാമസഭ ചേരണം
2005-ലെ തൊഴിലുറപ്പുനിയമം സോഷ്യൽ ഓഡിറ്റ് നടത്തുന്നതിന് നിർബന്ധിത വ്യവസ്ഥകൾ നൽകുന്നുണ്ട്. ഗ്രാമസഭകളെ ഇതിനായി സ്ഥാപനസംവിധാനമായി നിയോഗിച്ചു. പഞ്ചായത്തുകൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന എല്ലാപ്രവർത്തനങ്ങളും ആസൂത്രണംചെയ്യുന്നതിനുമാണിത്.
സമൂഹപരിശോധനയ്ക്കായി ഒരു സ്ഥാപനസംവിധാനമായി തൊഴിലുറപ്പുനിയമം ഗ്രാമസഭകളെ അധികാരപ്പെടുത്തി. തൊഴിലുറപ്പുനിയമം സെക്‌ഷൻ 17-ൽ നടപ്പാക്കിയ എല്ലാപദ്ധതികളുടെയും സോഷ്യൽ ഓഡിറ്റ് നടത്താനും ഗ്രാമസഭകൾ ഹണ്ടുകളുടെ വിനിയോഗം പരിശോധിക്കാനും നിർബന്ധിക്കുന്നു. പൊതുഫണ്ടുകളുടെ ഉപയോഗക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് അവസരം നൽകുന്നു.
ജെപിസി പരിശോധന തുടങ്ങി
തൊണ്ടർനാട് തൊഴിലുറപ്പുപദ്ധതി പണംതട്ടിപ്പിൽ എംഎൻആർഇജിഎ ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുടെ നേതൃത്വത്തിൽ വകുപ്പുതല പരിശോധന തുടങ്ങി. തൊണ്ടർനാട് പഞ്ചായത്തിലെത്തിയ സംഘം തൊഴിലുറപ്പുപദ്ധതികളുടെ ചെലവുസംബന്ധിച്ചുള്ള വിവരശേഖരണം നടത്തി തുടങ്ങി. പി.സി. മജീദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പണംതട്ടിപ്പിൽ അന്വേഷണം തുടങ്ങിയത്. പ്രധാനമായും കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ നടപ്പാക്കിയ പദ്ധതികളും ചെലവുകളുമാണ് പരിശോധിക്കുക.
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവരുടെ ഡിജിറ്റൽ സിഗ്നേച്ചർ ദുരപയോഗംചെയ്താണ് ക്രമക്കേടുകൾ നടത്തിയെന്നതാണ് ആരോപണം, പണംതട്ടിപ്പിൽ തൊഴിലുറപ്പുവിഭാഗത്തിലെ കരാർ ജീവനക്കാരനായ അക്രെഡിറ്റഡ് എൻജിനിയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിധിൻ എന്നിവരുടെ പേരിൽ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതിയും നൽകിയിരുന്നു.
തൊഴിലുറപ്പുപണി തുടങ്ങി, തൊഴിലാളികൾക്ക് ആശ്വാസം
അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പുപ്രവൃത്തി ബുധനാഴ്‌ച തുടങ്ങി. പതിവിൽനിന്ന് വ്യത്യസ്തമായി മാന്വൽ മസ്റ്റർ റോളുകൾ ഒഴിവാക്കി ആപ്ളിക്കേഷൻവഴി ഡൗൺലോഡ് ചെയ്ത മസ്സർ റോളുകളാണ് ഉപയോഗിച്ചത്. മാന്വൽ മസ്റ്റർ റോളിൽ തൊഴിലാളികളെക്കൊണ്ട് ഒപ്പിടുവിക്കുകയും അത് സൂക്ഷിച്ചുവെക്കുന്ന രീതിയുമാണ് മുൻപുണ്ടായിരുന്നത്. അതിനൊപ്പം തൊഴിലാളികളുടെ ഫോട്ടോയും ഹാജരും ആപ്ളിക്കേഷനിൽ രേഖപ്പെടുത്തുകയുംചെയ്തിരുന്നു. ആപ്ളിക്കേഷനിൽ വിവരങ്ങൾ അപ്‌പ്ലോഡ് ചെയ്യുകയും ഹാജർ രേഖപ്പെടുത്തുകയും ഫയൽ പിഡിഎഫായി ഡൗൺലോഡുചെയ്ത‌് സൂക്ഷിക്കാനുമാണ് നിർദേശം.
ഇവ ആഴ്ചയിൽ ഗ്രാമപ്പഞ്ചായത്തിൽ ഹാജരാകുന്ന വേളയിൽ പ്രിന്റെടുത്ത് ഫയലിൽവെക്കും. സൈറ്റിൽ ആരെങ്കിലും പരിശോധനയ്ക്കുവരുമ്പോൾ ഈ പിഡിഎഫ് ഫയൽ കാണിക്കാനുമാണ് അധികൃതർ മേറ്റ് മാർക്ക് നൽകുന്ന നിർദേശം.
തട്ടുതിരിക്കൽ, തോടുനവീകരണം എന്നീ പ്രവൃത്തികളാണ് നടന്നത്. 21 സൈറ്റുകളിലായി 495 തൊഴിലാളികളെത്തി. 6693 പേരാണ് തൊണ്ടർനാട്ടിൽ ഇതുവരെ തൊഴിൽകാർഡ് നേടിയത്. തൊഴിലുറപ്പിലെ പണംതട്ടിപ്പുകൾ ആകെയുള്ള തൊഴിലും നഷ്ട്‌ടപ്പെടുത്തുമോ എന്ന ഭീതിയിലായിരുന്നു തൊഴിലാളികളെല്ലാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group