
തിരൂർ : കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ തിരൂർ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 19 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലാ ആശുപത്രിയോടനുബന്ധിച്ച് നിർമിച്ച ഓങ്കോളജി കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയാ സൗകര്യം ഉടനെ കൂടുതൽ മെഡിക്കൽ കോളേജുകളിൽ ഒരുക്കുമെന്നും ജീവിക്കുന്ന സമയത്ത് ഗുണനിലവാരമുള്ള ജീവിതം വേണമെന്നും രോഗം പ്രതിരോധിക്കാനും രോഗം നിയന്ത്രിക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ മാമോഗ്രാം മെഷീൻ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. കുറുക്കോളി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ, ഇസ്‌മയിൽ മൂത്തേടം, നസീബ അസീസ് മയ്യേരി, എ.പി. നസീമ, വി.കെ.എം. ഷാഫി, രാമൻകുട്ടി പാങ്ങാട്ട്, ഫൈസൽ എടശ്ശേരി, ഇ. അഫ്‌സൽ, ടി. ഷാജി, ഡോ. ആർ. രേണുക, ടി.എൻ. അനൂപ് എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ പേരുകൾ കാര്യപരിപാടിയിലുണ്ടെങ്കിലും വേദിയിലിരിക്കാൻ കസേരയും പ്രസംഗിക്കാൻ അവസരവും നൽകിയില്ല. നേതാക്കളായ വെട്ടം ആലിക്കോയ, യാസർ പൊട്ടപ്പോല, ടി.ജെ. രാജേഷ്, പാറപ്പുറത്ത് കുഞ്ഞൂട്ടി, മനോജ് പാറശ്ശേരി, പിമ്പുറത്ത് ശ്രീനിവാസൻ, രാജ് കെ. ചാക്കോ, നാസർ കൊട്ടാരത്ത്, മേച്ചേരി സെയ്‌തലവി, സി.പി. അബ്ദുൾ വഹാബ്, മുതുവാട്ടിൽ അലി, കമ്മുകൊടിഞ്ഞി, മുഹമ്മദ് കാസിം, എം. സന്തോഷ് എന്നിവർ പങ്കെടുത്തു.
ജില്ലാ ആശുപത്രിയിൽ അർബുദ ചികിത്സ
തിരൂർ: ജില്ലാ ആശുപത്രിയിൽ അർബുദരോഗികളുടെ ചികിത്സക്കായി പുതിയ ഓങ്കോളജി കെട്ടിടമുയരുന്നുവെന്ന് പ്രഖ്യാപനത്തിലും രേഖയിലുമുണ്ടെങ്കിലും ഉദ്ഘാടനശിലാഫലകത്തിൽ ഓങ്കോളജിയെന്ന വാക്ക് അപ്രത്യക്ഷമായി. അധ്യക്ഷപ്രസംഗത്തിൽ കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ഈ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിൽ ഓങ്കോളജി കെട്ടിടം എന്നു പറയുകയും ചെയ്‌തു.
ഒൻപത് നിലകളുള്ള കെട്ടിടത്തിൻ്റെ മുഴുവൻ നിലകളും തുറന്നുകൊടുക്കാൻ കഴിഞ്ഞില്ല. ഇതുകൂടാതെ രണ്ടു വർഷമായി സോണോളജിസ്റ്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ നെഫ്രോളജിസ്റ്റുമില്ല. അർബുദരോഗികൾക്ക് റേഡിയേഷൻ കൊടുക്കാൻ ലിനാക്ക് മെഷീൻ സ്ഥാപിക്കാൻ 30 കോടി രൂപ വേണം. റേഡിയോളജിസ്റ്റില്ല. ഓങ്കോ സർജനുമില്ല. രണ്ടു ഡോക്ടർമാരുടെയും 15 സ്റ്റാഫ് നഴ്സിന്റെയും ഒഴിവുണ്ട്. സ്റ്റാഫ് ക്വാർട്ടേഴ്‌സുമില്ല. നിലവിൽ ദിവസം 40 രോഗികൾ കീമോതെറാപ്പിക്കെത്തുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group