
തൃശ്ശൂർ: കേരള കാർഷികസർവകലാശാലയ്ക്ക് മണ്ണുത്തി എന്ന വിലാസം നഷ്ടപ്പെടുന്നു. സർവകലാശാലയുടെ മണ്ണുത്തിയിലുള്ള മുഴുവൻ ഭൂമിയും വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണിത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയ്ക്ക് വിട്ടിരിക്കുകയാണ്.
വെറ്ററിനറി സർവകലാശാല നേരത്തെമുതൽ അവകാശവാദമുന്നയിച്ചിരുന്ന ഭൂമിക്കുപുറമേ മണ്ണുത്തിയിലെ ദേശീയപാതയോടുചേർന്ന് കിടക്കുന്ന വിലയേറിയ സ്ഥലമുൾപ്പെടെ കൈമാറാനുള്ള തീരുമാനമാണ് മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. ഇതോടെ സർവകലാശാലയ്ക്ക് മണ്ണുത്തിയുമായി ബന്ധം ഇല്ലാതാകും.
മുൻചർച്ചകളിലൊന്നും ഉൾപ്പെടാത്ത, പുതുതായി കൂട്ടിച്ചേർത്ത മൂന്നേക്കർ സ്ഥലത്ത്
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ സഹായധനത്തോടെ സ്ഥാപിച്ച അഗ്രിക്കൾച്ചർ ടെക്നോളജി ഇൻഫർമേഷൻ സെൻ്റർ സമുച്ചയവും സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ഏജൻസിയുമായുള്ള ധാരണാപത്ര പ്രകാരം പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ തടസ്സപ്പെട്ടാൽ സർവകലാശാലയ്ക്ക് ലഭിക്കുന്ന സഹായധനങ്ങൾ വരെ തടസ്സപ്പെടാനിടയുണ്ട്.
ദേശീയപാതയോടുചേർന്ന് കിടക്കുന്ന മണ്ണുത്തി കാമ്പസ് കൃഷിക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടമാണ്. ഒരു കുടക്കീഴിൽ വിത്ത്, തൈകൾ, പരിശീലനം, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്ന കേന്ദ്രമാണിത്. നിലവിൽ ഓരോ ദിവസവും 1000-ലധികം കർഷകർ ഇവിടത്തെ സാങ്കേതിക സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമേ ഗ്രീൻഹൗസ്, നഴ്‌സറികൾ, സർവകലാശാല പ്രസ്, പരിശീലനത്തിനായി അഞ്ച് കോൺഫറൻസ് ഹാളുകൾ, റെക്കോഡിങ്ങിനും എഡിറ്റിങ്ങിനുമുള്ള സ്റ്റുഡിയോ, അഗ്രോ പ്രോസസിങ് യൂണിറ്റ്, കിസാൻ എക്കോ പാർക്ക് എന്നിവയും ഈ മൂന്നേക്കറിലുണ്ട്.
ഇതോടൊപ്പം കൈമാറാൻ ശ്രമിക്കുന്ന ഭൂമിയിലെ പ്ലാവ്-മാവ് എന്നിവയുടെ അപൂർവജനിതകശേഖരം നഷ്‌ടപ്പെടുമോ എന്ന ആശങ്ക നേരത്തെത്തന്നെ കാർഷിക സർവകലാശാലാ അധികൃതരും കർഷകരും മറ്റും ഉയർത്തിയിരുന്നു. ഈ പ്രദേശത്തിന് പകരം വേറെ സ്ഥലം നൽകാമെന്ന് ഏറ്റവുമൊടുവിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലും അധികൃതർ വ്യക്തമാക്കിയിരുന്നു. തീരുമാനമാകാതെ പിരിഞ്ഞ ഈ യോഗത്തിലെ മിനിറ്റ്സ് തയ്യാറാക്കിയപ്പോൾ ഭൂമി വിട്ടുകൊടുക്കുമെന്ന് രേഖപ്പെടുത്തി എന്നാണ് കെഎയു ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group