ഇന്നുമുതൽ ‘പ്രത്യാശ’യുമായി 332 കുടുംബങ്ങൾ

ഇന്നുമുതൽ ‘പ്രത്യാശ’യുമായി 332 കുടുംബങ്ങൾ
ഇന്നുമുതൽ ‘പ്രത്യാശ’യുമായി 332 കുടുംബങ്ങൾ
Share  
2025 Aug 07, 09:42 AM
mannan

മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വ്യാഴാഴ്ചമുതൽ പുതിയ ഫ്ളാറ്റിൽ


താക്കോൽദാനം ഇന്ന്


കോവളം: എട്ടുവർഷം ഗോഡൗണുകളിലെ പ്ലാസ്റ്റിക് മറച്ച ഷെഡ്ഡിൽ നരകയാതന അനുഭവിച്ചശേഷം മേൽക്കൂരയുള്ള കെട്ടുറപ്പുള്ള വീടിൻ്റെ സുരക്ഷയിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തിലാണ് സിസിലി.


ഗോഡൗണിലെ ആറടി വലുപ്പമുള്ള ഷെഡ്ഡിൽ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ എലികളും പല്ലികളും ഇഴജന്തുക്കൾക്കുമൊപ്പം കഴിയേണ്ടിവന്ന കാലം അവസാനിക്കുന്നതിൻ്റെ ആശ്വാസത്തിലാണ് ഫിലോമിന ജോയി. കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്നുപോയി ഗോഡൗണിലെത്തിയ സെലസ്റ്റീന ക്ലമന്റിനും ഈ ദിവസം ആഹ്ലാദത്തിന്റേതാണ്.


2017-ൽ ഓഖി കൊടുങ്കാറ്റിലുണ്ടായ കടലേറ്റത്തെത്തുടർന്ന് വീട് നഷ്ട‌പ്പെട്ട് വലിയതുറ ഗോഡൗണിൽ അഭയംപ്രാപിച്ച നൂറുകണക്കിന് കുടുംബങ്ങളിൽപ്പെട്ടവരാണ് ഇവർ. ഇവരുടെ ദുരിതത്തിന് വ്യാഴാഴ്ച്‌ച അറുതിയാവുകയാണ്. ഇവർക്കുവേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചുനൽകിയ ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി വ്യാഴാഴ്‌ച രാവിലെ നിർവഹിക്കും.


അനുവദിച്ച ഫ്ലാറ്റുകൾ കാണാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ബുധനാഴ്ച മുട്ടത്തറയിലെത്തി. പാലുകാച്ച് നടത്തി താമസിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബങ്ങൾ.


വലിയതുറയിലെ ഗോഡൗണുകളിലുള്ള 162 കുടുംബങ്ങളും സ്‌കൂളുകളുകളിലെ ഷെഡ്ഡുകളിലും സർക്കാർ വാടക നൽകി വിവിധയിടങ്ങളിൽ താമസിപ്പിച്ചിരുന്നവരുമായ 170 കുടുംബങ്ങളുമടക്കം 332 പേരാണ് ഫ്ളാറ്റുകളുടെ അവകാശികളാവുക.


സംസ്ഥാന സർക്കാരിൻ്റെ പുനർഗേഹം പദ്ധതി പ്രകാരമാണ് മുട്ടത്തറയിലും 'പ്രത്യാശ' എന്നു പേരിട്ട ഫ്ളാറ്റ്സമുച്ചയം നിർമിച്ചത്.


വലിയതുറ കടൽപ്പാലത്തിൻ്റെ ഇരുവശങ്ങളിലുമായി താമസിച്ചിരുന്നവരുടെ വീടുകളാണ് അന്ന് കടലെടുത്തത്. ഒറ്റരാത്രികൊണ്ട് നിരവധിപ്പേരുടെ വീടുകളും വസ്തു‌ക്കളും നഷ്ടപ്പെട്ടു.


പിന്നീട് വലിയതുറയിലെ ഗോഡൗണിലാണ് ഇത്രയുംകാലം ഇവർ കഴിഞ്ഞുകൂടിയത്. തനിക്കുലഭിച്ച 18-ാം നമ്പർ ഫ്ളാറ്റിനു മുന്നിൽ നിൽക്കുമ്പോൾ സിസിലിക്ക് സന്തോഷം അടക്കാനാവുന്നില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാവാതെയും സൗകര്യപൂർവം ഒന്നുറങ്ങാൻ കഴിയാതെയും നേരം വെളുപ്പിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്ന് അരളി വറീത് പറഞ്ഞു.


പദ്ധതി പൂർത്തിയായത് മൂന്ന് വർഷം കൊണ്ട് - മന്ത്രി


തിരുവനന്തപുരം: മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച 332 ഫ്ളാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർവഹിക്കും. 2022-ൽ ഭരണാനുമതി നൽകിയ പദ്ധതി മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാനായതിൽ അഭിമാനമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.


പുനർഗേഹം പദ്ധതിപ്രകാരമാണ് ഫ്ളാറ്റുകൾ നിർമിച്ചത്. ഇവിടെ 68 ഫ്ളാറ്റുകൾകൂടി നിർമിക്കാനുണ്ടെന്നും ഇതിന്റെ പണി എത്രയുംവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിൻ്റെ കൈവശമുണ്ടായിരുന്ന എട്ട് ഏക്കർ സ്ഥലത്താണ് 400 ഫ്ളാറ്റുകൾ നിർമിക്കുന്നത്. 81 കോടി രൂപയാണ് ചെലവ്. നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ്. ഒരു ഫ്ളാറ്റിന് 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.


വേളിയിൽ 168 ഫ്ളാറ്റുകൾക്കും വലിയതുറ സെയ്ൻ്റ് ആന്റണീസ് സ്കൂ‌ളിന് സമീപം 24 ഫ്ളാറ്റുകൾക്കും ഭരണാനുമതി നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ആന്റണി രാജു എംഎൽഎയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan