
ചിറയിൻകീഴ്: കേരളത്തിലെ കലാസാംസ്കാരികരംഗത്തെ തലയെടുപ്പുള്ള
വ്യക്തിത്വമായിരുന്നിട്ടും പ്രേംനസീറിന് സ്മാരകമൊരുക്കാൻ കാത്തിരിക്കേണ്ടിവന്നത് മൂന്ന് പതിറ്റാണ്ടാണ്. ചിറയിൻകീഴ് നിവാസികൾ നിരന്തരം ഈ ആവശ്യം പൊതുസമക്ഷം കൊണ്ടുവന്നിരുന്നു. സിനിമാപ്രേമികളും പ്രവർത്തകരും പ്രേംനസീറിൻ്റെ സ്‌മാരകത്തിനായി പലപ്പോഴും വാദിച്ചു. നിഷ്‌കളങ്കമായ സ്നേഹം എല്ലാവരിലും ചൊരിഞ്ഞ പ്രേംനസീറിനെ സ്നേഹിക്കുന്ന എല്ലാവരും അതാഗ്രഹിച്ചു. കാലമെത്രകഴിഞ്ഞാലും പ്രേംനസീറിനെ മറക്കാനോ അവഗണിക്കാനോ മലയാളിക്ക് കഴിയില്ല. സ്മാരകനിർമാണം വൈകിയപ്പോഴും പരിഭവം പറയാതെ എല്ലാവരും കാത്തിരുന്നതും ആ മഹാപ്രതിഭയോടുള്ള ആദരവായിരുന്നു.
വിനോദസഞ്ചാര കേന്ദ്രമാകും
2021-ൽ പണി ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നിണ്ടുപോയി. പദ്ധതിക്കായി ഇതുവരെ 2.95 കോടി രൂപയാണ് വിനിയോഗിച്ചത്. 15000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മന്ദിരത്തിൻ്റെ ഭൂനിരപ്പുനിലയാണ് പൂർത്തിയായത്. അടുത്തഘട്ട നിർമാണത്തിൽ ഉൾപ്പെടുന്ന ഒന്നും രണ്ടും നിലകളുടെ നിർമാണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. മലയാളം പള്ളിക്കൂടത്തിൻ്റെ വകയായിരുന്ന 66.22 സെന്റ് ഭൂമി വിദ്യാഭ്യാസവകുപ്പിൽനിന്ന് ഏറ്റെടുത്താണ് സ്‌മാരക നിർമാണം ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌മാരകം എന്ന ആവശ്യം മുൻനിർത്തിയാണ് മന്ദിരത്തിൻ്റെ രൂപകൽപ്പന. സ്‌മാരകത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യവും അധികൃതർക്കുണ്ട്. മൂന്നുനിലകളുള്ള മന്ദിരമാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. സ്‌മാരകത്തിന്റെ പ്രധാന ആകർഷണനില 6699 ചതുരശ്ര അടിയിലാണ് സജ്ജീകരിക്കുന്നത്. പ്രേംനസീർ സ്മാരക സമുച്ചയത്തിൻ്റെ ഒന്നാമത്തെ നിലയിൽ ലൈബ്രറിയും കഫറ്റീരിയയും രണ്ടാമത്തെ നിലയിൽ മൂന്ന് ബോർഡ് റൂമുകളുമാണ് സജ്ജീകരിക്കുക. കൂടാതെ സ്‌മാരകത്തിൽ പ്രേംനസീറിൻ്റെ മുഴുവൻ സിനിമകളുടെയും ശേഖരം, പലച്ചിത്രപഠനത്തിനുവേണ്ടിയുള്ള പ്രത്യേക സംവിധാനം, താമസസൗകര്യം തുടങ്ങിയവയും ഉണ്ടാകും.
സ്വപ്നസാക്ഷാത്കാരം
നാടകനടനിൽനിന്ന് നായകനടനിലേക്കുള്ള യാത്രയിൽ പിന്നിട്ടവഴികളൊന്നും മറക്കാത്ത വ്യക്തിത്വത്തിനുടമയായിരുന്നു നസിർ, സിനിമാക്കാരനെന്ന മേലങ്കിയില്ലാതെ നാടിനെയും നാട്ടുകാരെയും നസീർ ചേർത്തുവെച്ചു. ചിറയിൻകീഴ് എന്ന പേരിനപ്പുറം പ്രേംനസീറിൻ്റെ നാട്ടുകാരൻ എന്ന വിളിപ്പേരിനെയാണ് ചിറയിൻകീഴുകാൻ ഇഷ്‌ടപ്പെട്ടത്. എന്നിട്ടും അദ്ദേഹമുറങ്ങുന്ന നാട്ടിൽ ഒരു സ്‌മാരകം നിർമിക്കുന്നതിന് മുപ്പതാണ്ടുകൾ വേണ്ടിവന്നു. കഴിഞ്ഞുപോയ ആ വലിയ തെറ്റിന്റെ പ്രായശ്ചിത്തമാവുകയാണ് പ്രേംനസീറിനായി ഒരുങ്ങുന്ന സ്‌മാരക മന്ദിരം.
കെട്ടിടത്തിലൊതുങ്ങരുത്
വെറുമൊരു കെട്ടിടത്തിലൊതുക്കേണ്ടതല്ല പ്രേംനസീറിൻ സ്മാരകം. കെട്ടിടനിർമാണത്തോടെ ചുമതലകൾ അവസാനിക്കുകയല്ല. യഥാർഥ പ്രവർത്തനങ്ങൾ കെട്ടിടനിർമാണത്തിന് ശേഷമാണുണ്ടാകേണ്ടത്. സിനിമയിലും പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും എക്കാലത്തെയും വലിയ പാഠപുസ്തകമാണ് പ്രേംനസീർ. വരും തലമുറകൾ ഈ മാതൃകയെ നെഞ്ചോടുചേർത്ത് പ്രേംനസീറെന്ന വികാരത്തെ ഉൾക്കൊള്ളണം. സ്മാരകമന്ദിരത്തിന് ജീവൻ നല്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. സിനിമാ പ്രേമികളായ സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ പഠനത്തിനും ഗവേഷണങ്ങൾക്കും സൗകര്യമൊരുക്കണം. അതിനുള്ള സൗകര്യങ്ങൾകൂടി സ്‌മാരകത്തിൽ സജ്ജമാക്കുകയും പ്രവർത്തനങ്ങൾ ഉഷാറാക്കുകയും വേണം. അപ്പോൾമാത്രമേ ആ മഹാനടനോട് മലയാളത്തിന് നീതിപുലർത്താനാകും സാംസ്കാരികവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധവെക്കുമെന്നാണ് ചിറയിൻകീഴുകാരുടെ പ്രതീക്ഷ.
തിരുത്തപ്പെടാത്ത റെക്കോഡുകൾ
മരുമകൾ മുതൽ ധ്വനി വരെ 781 സിനിമകളിൽ നായകനടനായി വേഷമിട്ടയാളാണ് പ്രേംനസീർ. മലയാളത്തിൽമാത്രം 672 ചലച്ചിത്രങ്ങൾ. 56 തമിഴ് സിനിമകൾ, 21 തെലുങ്ക് സിനിമകൾ, 32 കന്നഡ സിനിമകൾ. മിസ് കുമാരി മുതൽ അംബിക വരെ എൺപതിലധികം നായികമാർ. ഷീല എന്ന ഒറ്റ നായികയ്ക്കൊപ്പംമാത്രം നൂറ്റിമുപ്പതോളം സിനിമകൾ. ഇങ്ങനെ പ്രേംനസീറിനുമാത്രം അവകാശപ്പെട്ടതും ആരാലും ഇതുവരെ തിരുത്തപ്പെടാത്തതുമായ റെക്കോഡുകൾ പലതാണ്. കുറ്റാന്വേഷകനായും എഴുത്തുകാരനായും കർഷകനായും കുടുംബനാഥനായും വടക്കൻപാട്ടുകളിലെ വീരനായും പ്രണയഭാവം നിറഞ്ഞുനിന്ന നായകനായും പ്രേക്ഷക മനസ്സുകളിൽ അദ്ദേഹം നിറഞ്ഞു. സസ്പെൻസും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം അദ്ദേഹം അനായാസം വെള്ളിത്തിരയിൽ പകർന്നാടി. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയെ പ്രേംനസീർ എത്ര സ്വാധീനിച്ചിരുന്നെന്ന് ഈ കണക്കുകളിൽനിന്ന് വ്യക്തമാണ്. അഭിനയത്തിൽ മാത്രമല്ല സിനിമയുടെ സർവമേഖലകളേയും പ്രേംനസീറിൻ്റെ സാന്നിധ്യം വലിയതോതിൽ സ്വാധീനിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group