.jpeg)
എം .കെ .കൃഷ്ണൻ മാസ്റ്റർ
ആറാം ചരമവാർഷികദിനം
തട്ടോളിക്കര :ആദർശസുക്ഷ്‌മതയും നിസ്വാർത്ഥസേവനവും കൈമുതലാക്കി തട്ടോളിക്കരയിൽ ജിവിച്ച എം കെ കൃഷ്ണൻ മാസ്റ്റർ വിടവാങ്ങിയത് 1999 ആഗസ്‌ത് 4 ന് ,
പൊതു പ്രവര്‍ത്തനത്തിലൂടെ ജീവിതത്തില്‍ സ്ഥാനാമങ്ങളോ, പ്രശസ്‌തിയോ, സാമ്പത്തിക ലാഭമോ ഒന്നും തന്നെ ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥ സേവകനായിരുന്നു ചോമ്പാല പ്രദേശത്തെ തട്ടോളിക്കരയിലെ എം.കെ കൃഷ്ണന്‍ മാസ്റ്റര്‍ എന്ന പൊതുപ്രവര്‍ത്തകന്‍ .
ഏതൊരു പ്രവര്‍ത്തിക്കിടയിലും മുഖ്യസഹകാരികളോട് 'സത്യം വദ ധര്‍മ്മം ചര' എന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയാറുള്ള തികച്ചും ഗാന്ധിയനായ കൃഷ്ണന്‍ മാസ്റ്റര്‍ ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയും തികഞ്ഞ ആദര്‍ശവാനുമായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റും, ജനതാദള്‍ നേതാവും, സഹകാരിയും , കരിയാട് നമ്പ്യാര്‍സ് സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനുമായിരുന്ന തിരൂകൊയിലോത്ത് എം.കെ കൃഷ്ണന്‍ മാസ്റ്ററുടെആറാം ചരമ വാർഷികദിനമാണ് ഇന്ന് .തട്ടോളിക്കരയിലും പരിസരപ്രദേശങ്ങളിലുമായ് കൃഷ്ണ മാസ്റ്ററെ അടുത്തറിയാവുന്നവരിൽ പലരും അദ്ദേഹത്തിൻറെ ഭവനത്തിലെത്തുകയും കുടുംബാംഗങ്ങളുമായിസൗഹൃദം പങ്കുവെയ്‌ക്കുകയുമുണ്ടായി.

കൃഷ്‌ണൻ മാസ്റ്റർ അന്ത്യവിശ്രമമം കൊള്ളുന്ന തട്ടോളിക്കരയിലെ തിരൂകൊയിലോത്ത് ഭവനത്തിൽ ഇന്ന് രാവിലെ നടന്ന അനുസ്മരണച്ചടങ്ങിലും പുഷ്പ്പാർച്ചനയിലും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രാദേശികപ്രമുഖരും അയൽക്കാരും പങ്കാളികളായി .
മുന്‍നിരയില്‍ ഇടിച്ചു കയറി പ്രവര്‍ത്തിക്കുന്നതിലുപരി പിന്‍നിരയില്‍ നിന്നുകൊണ്ട് സാധാരണയിലും സാധാരണക്കാരനായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു വിജയം നേടിയ കൃഷ്ണന്‍ മാസ്റ്ററെക്കുറിച്ചുള്ള കഥകള്‍ പറയാനേറെ.
കിസാന്‍ ജനത വടകര മണ്ഡലം പ്രസിഡണ്ട് , കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ശ്രീ മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രകമ്മിറ്റി പ്രസിണ്ട്, വയലോരം റസിഡന്‍സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സ്‌തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള ജനസമ്മതനായ ഈ പൊതുകാര്യ പ്രസക്തൻറെ വേര്‍പാടില്‍ കക്ഷിഭേദം മറന്നുകൊണ്ട് ഇവിടുത്തെ നാട്ടുകാര്‍ ഇന്നും ദുഖിതരാണ് .
ചോമ്പാലയിലും ഏറാമലയിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ഇദ്ദേഹം കെ. കുഞ്ഞിരാമക്കുറുപ്പ് കുന്നുമ്മക്കരയില്‍ കേന്ദ്ര യുവക് സംഘ് രൂപവത്ക്കരിച്ചപ്പോള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
കുണ്ടനിടവഴികളായിരുന്ന ഈ ഗ്രാമത്തിലെ പല ഭാഗങ്ങളിലൂമുള്ള താറിട്ട റോഡിലൂടെ വാഹനമോടിച്ചു പോകുന്ന നാട്ടുകാര്‍ കൃതജ്ഞതയോടെ ഇന്ന് ഓര്‍ക്കുന്ന പേരാണ് കൃഷ്ണന്‍ മാസ്റ്ററുടേത്.
പല സ്ഥലങ്ങളിലും റോഡ് നിര്‍മ്മാണ കമ്മറ്റിയില്‍ അമരക്കാരനായിരുന്നു ഈ പൊതുസേവകന്‍.
നിര്‍ധന കുടുംബങ്ങളിലെ രക്ഷാകര്‍ത്താക്കളുടെ വേര്‍പാടില്‍ ദുഖിക്കുന്നവരെ വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്നത് മാത്രമായിരുന്നില്ല കൃഷ്ണന്‍ മാസ്റ്ററുടെ പതിവ് പ്രവര്‍ത്തനരീതി.
നിര്‍ദ്ധിഷ്ട വ്യക്തിയുടെ അവകാശികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സാമ്പത്തിക സമാഹരണ കമ്മറ്റിയുണ്ടാക്കി പിരിവെടുക്കാന്‍ മുന്നിട്ടിറങ്ങുക.
താൻ പഠിപ്പിച്ച ശിഷ്യന്മാർ മുതൽ നാട്ടുകാരുടെ ,പരിചയക്കാരുടെ വീടുകകളിലെല്ലാം അതിരാവിലെതന്നെ കൃഷ്ണൻ മാസ്റ്റരെത്തും . കക്ഷത്തിലൊതുക്കിവെച്ച പത്രത്തിനുള്ളിൽ രസീറ്റ് ബുക്കും കാണും .പലപ്പോഴും പാർട്ടിപിരിവിനായിരിക്കും .ചിലപ്പോൾ കുടുംബസഹായത്തിനാവാം ,റോഡുനിർമ്മാണത്തിനാവാം ,ആരുടെയെങ്കിലും ആശുപത്രിചിലവിനാകാം ,ഏതെങ്കിലും നിർദ്ധനനകുടുംബത്തിലെ വിവാഹത്തിനാകാം ഫണ്ട് സമാഹരണം .നാടിന്റെ നാനാഭാഗത്തും പല പൊതു ആവശ്യങ്ങള്‍ക്കുമായി അതിരാവിലെ മുതല്‍ പിരിവിനിറങ്ങുന്നതുകൊണ്ടു തന്നെ അദ്ദേഹത്തെ 'പിരിവ് മാഷ്' എന്ന് വിളിക്കുന്നവരും ഇല്ലാതില്ല.
ദുരിതാശ്വാസത്തിന്റെ ഭാഗമായി കൃഷ്ണന്‍ മാസ്റ്റര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ സ്വരൂപിച്ചു കൊടുത്തുകൊണ്ട് സഹായിച്ചവരില്‍ കൃതജ്ഞത നഷ്ട്ടപ്പെടാത്ത പലരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇന്നും ദുഖിതരാണ് .
ചുറ്റുപാടിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വത്തുതര്‍ക്കം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരവും സാമൂഹ്യപരവുമായ മറ്റു പ്രശ്‌നങ്ങള്‍ എല്ലാറ്റിനും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്നവരില്‍ ഏറെ മുന്നിലായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ കഠിനാദ്ധ്വാനിയും നല്ലൊരു കൃഷിക്കാരനുമായിരുന്നു.
മികച്ച വായനാശീലമുള്ള അദ്ദേഹം സ്വാമി വിവേകാനന്ദന്റെ പുസ്‌തകങ്ങള്‍ നിധിപോലെ സൂക്ഷിക്കുമായിരുന്നു . ഹിന്ദി അദ്ധ്യാപകൻ ആയിരുന്നെങ്കിലും അതിനും പുറമെ സ്വന്തമായി അറബി ഭാഷ പഠിക്കുകയും അത് വഴി അറബി എഴുതാനും വായിക്കാനും വരെ അദ്ദേഹം കഴിവ് പ്രകടിപ്പിച്ചിരുന്നു .
കയ്യില്‍ കാശുണ്ടെങ്കില്‍ ആര് കടം ചോദിച്ചാലും കടം കൊടുക്കും.കഴിവുകേടുകൊണ്ടോ അനാസ്ഥകൊണ്ടോ കടം വാങ്ങിയവർ തിരിച്ചുകൊടുത്തില്ലെങ്കിൽ അവരോട് വഴക്കിടുകയോ തിരിച്ചുചോദിക്കുകയോ ചെയ്യുന്ന ശീലവും അദ്ദേഹത്തിനില്ലായിരുന്നു .
മിത ഭാഷിയും ശാന്തനുമായിരുന്ന ഇദ്ദേഹത്തിന് മിത്രങ്ങളല്ലാതെ ശത്രുക്കളായി ആരും ഉണ്ടെന്നു അറിവുമില്ല ല്ല.
സാമൂഹ്യപ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ മുഖ്യ സഹകാരി സി.പി.എം പ്രവര്‍ത്തകൻ പരേതനായ കെ.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.
ഇവര്‍ രണ്ടുപേരും തോളോട് തോള്‍ ചേര്‍ന്നായിരുന്നു ഇവിടെ ഒട്ടു മുക്കാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഒരുകാലത്ത് നടത്തിയത്.
പതിവായി യോഗാസനങ്ങള്‍ മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന അദ്ദേഹം ശ്രീ ശ്രീരവിശങ്കര്‍ജിയുടെ ആരാധകനായി മാറുകയുമുണ്ടായി .
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ഉയര്‍ന്ന സാമൂഹ്യ ബോധത്തിനുടമയായ ഇദ്ദേഹത്തെ മുന്‍ കേരള കാര്‍ഷിക മന്ത്രി കെ.പി മോഹനൻ മുൻപ് പൊതുവേദിയിൽ നാട്ടുക്കൂട്ടത്തെ സാക്ഷിയാക്കി ആദരിക്കുകയുമുണ്ടായി..


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group