
ഫോർട്ട്കൊച്ചി : വിലക്കുകൾ ലംഘിച്ച് ഫോർട്ട്‌കൊച്ചി തീരത്തേക്ക് വരുന്ന കൂറ്റൻ മീൻ പിടിത്തവള്ളങ്ങൾ അഴിമുഖത്ത് അപകടഭീഷണി ഉയർത്തുന്നു. കമാലക്കടവിലെ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കാനെത്തുന്ന യാനങ്ങൾ അഴിമുഖത്തിന് പേടിസ്വപ്‌നമായി മാറുകയാണ്. ഈ വള്ളങ്ങൾ തീരത്തോട് ചേർന്ന് കെട്ടിയിടുന്നത് ജില്ലാ കളക്‌ടർ വിലക്കിയിട്ടുള്ളതാണ്. കൊച്ചി അഴിമുഖത്ത് പല അപകടങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായ ഫോർട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിനും കാരണമായത് കുറ്റൻ ഇൻബോർഡ് വള്ളമായിരുന്നു. മുൻഭാഗം വളരെ ഉയർന്നുനിൽക്കുന്ന രീതിയിൽ നിർമിച്ച വള്ളങ്ങളാണിവ. പിന്നിൽ നിൽക്കുന്നയാളാണ് വള്ളം നിയന്ത്രിക്കുന്നത്. മുൻ ഭാഗത്തെ കാഴ്ച്‌ച ഇവർക്ക് കിട്ടില്ല. ഈ രീതിയിൽ ഓടുന്ന വള്ളം, ബോട്ടിന്റെ നടുഭാഗത്ത് വന്നിടിച്ചാണ് ഫോർട്ട്‌കൊച്ചിയിൽ അപകടമുണ്ടായത്. അതിനുശേഷം വള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും കാര്യങ്ങൾ പഴയ രീതിയിൽ തന്നെയാണ്. ജങ്കാർ ഉൾപ്പെടെ അടുക്കുന്ന ജെട്ടിക്ക് തൊട്ടടുത്തായാണ് പമ്പ്. ഈ പമ്പിലും ജങ്കാർ ജെട്ടിയോട് ചേർന്നുമൊക്കെ കൂറ്റൻ വളങ്ങൾ കെട്ടിയിടുന്നതും അവിടെ തൊഴിലാളികളെ ഇറക്കുന്നതുമൊക്കെ വിലക്കിയിട്ടുള്ളതാണ്. ഇതൊക്കെ അപകടത്തിന് വഴിവെക്കുമെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫോർട്ട്കൊച്ചി ടൂറിസ്റ്റ് ജെട്ടിയിൽ ഈ വളങ്ങൾ ഇടിച്ച് പലപ്പോഴും അപകടങ്ങളുണ്ടായിട്ടുണ്ട്. യാത്രാ ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും കടന്നുപോകുന്ന ജലപാതയിലേക്ക് വള്ളങ്ങൾ വേഗത്തിൽ കടന്നുവരുന്നതും അപകടത്തിന് വഴിയൊരുക്കും. പമ്പിന് സമീപം കെട്ടിയിടുന്ന വള്ളങ്ങൾ പലപ്പോഴും ഈ രീതിയിൽ ബോട്ടുകൾക്ക് ഭീഷണിയാകുന്നുണ്ട്. ഈ വള്ളങ്ങൾ നിയന്ത്രണം വിട്ട് ഒഴുകിയും അപകടമുണ്ടായിട്ടുണ്ട്. നിയന്ത്രണം വിട്ടുപോയ വള്ളങ്ങൾ പീനവലകളിൽ ഇടിച്ചും അപകടമുണ്ടായിട്ടുണ്ട്. ടൂറിസ്റ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ കെട്ടഴിഞ്ഞുപോയ സംഭവങ്ങളുമുണ്ടായി. ഇതൊക്കെ വലിയ ദുരന്തങ്ങൾക്ക് കാരണമാകും, പത്തോളം വള്ളങ്ങൾ ഒരേസമയം ഇവിടെ പമ്പിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. ഇവയുടെ യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നത് കൂടുതൽ ഓളമുണ്ടാക്കും. ഈവഴി പോകുന്ന ബോട്ടുകളൊക്കെ ഓളത്തിൽ ആടിയുലയും. ഇതൊക്കെ പതിവ് സംഭവങ്ങളായി മാറുന്നു. അഴിമുഖമായതിനാൽ യാത്രാബോട്ടുകൾ ഈ വിധത്തിൽ ആടിയുലയുന്നത് വലിയ അപകടമുണ്ടാക്കും. ഭീതിയുണർത്തുന്ന അന്തരീക്ഷത്തിലൂടെയാണ് ടൂറിസ്റ്റ് ബോട്ടുകൾ പോകുന്നതെന്ന് ബോട്ടുകളിലെ ജീവനക്കാർ പറയുന്നു. അപകട ഭീഷണിയുണ്ടായിട്ടും വളങ്ങളെ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടാകുന്നില്ല. പരാതി ഉയരുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group