
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ വീണ്ടും
ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ. സർക്കാരിനെ കൂസാതെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ (കെടിയു) താത്കാലിക വിസിമാർക്ക് ഗവർണർ പുനർനിയമനം നൽകി. ഡിജിറ്റലിൽ ഡോ. സിസാ തോമസിനെയും കെടിയുവിൽ ഡോ. കെ. ശിവപ്രസാദിനെയുമാണ് ആറുമാസത്തേക്കു നിയമിച്ച് ഉത്തരവിറക്കിയത്, രണ്ടുപേരും ചുമതലയേറ്റു.
വിസി നിയമനങ്ങളിൽ സർക്കാരിനെ കേൾക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നെങ്കിലും ഗവർണർ പരിഗണിച്ചില്ല. ഇതോടെ, താത്കാലിക വിസിമാരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈകീട്ട് മുഖ്യമന്ത്രി വീണ്ടും ഗവർണർക്കു കത്തയച്ചു.
ഗവർണർ ചട്ടലംഘനം നടത്തിയതായി കുറ്റപ്പെടുത്തി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും രംഗത്തിറങ്ങിയതോടെ ഏറ്റുമുട്ടൽ കടുത്തു. ഗവർണറുടെ നടപടിയിൽ തുടർനീക്കത്തിനായി സർക്കാർ നിയമോപദേശവും തേടി.
സർക്കാർ പാനലിൽനിന്ന് നിയമിക്കാത്തതിനാൽ ഡിജിറ്റൽ, കെടിയു വിസിമാർക്ക് തുടരാനാവില്ലെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്‌ത് ഗവർണർ നൽകിയ ഹർജിയിൽ ബുധനാഴ്‌ച സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലുള്ളവർക്കു തുടരാൻ ഗവർണർക്ക് പുതിയ വിജ്ഞാപനമിറക്കാമെന്ന് അതിൽ വ്യക്തമാക്കി.
എന്നാൽ, ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് വിധിയെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. രണ്ടു വിസിമാരെയും നിയമിച്ചിട്ടുള്ളത് നിയമപ്രകാരമല്ല. സുപ്രീംകോടതിവിധിവന്ന ശേഷവും അതിന്റെ അന്തസ്സത്തയ്ക്കെതിരായ നടപടിയാണ് ഗവർണറുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ വിസി നിയമനങ്ങളിൽ ഗവർണറുടെ സഹകരണം തേടിയായിരുന്നു രാവിലെ മുഖ്യമന്ത്രിയുടെ കത്ത്. രണ്ടിടങ്ങളിലും സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി, ഗവർണറുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്ക് മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിയോഗിച്ചതായും അറിയിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group