
പീരുമേട് കാട്ടാനകൾ കല്ലാറിനെ പേടിപ്പിക്കുകയാണ്. കാട്ടാനക്കൂട്ടം ഇവിടെ തന്‌പടിച്ചിട്ട് ദിവസങ്ങളായി. കാട്ടിലേക്ക് തിരിച്ചുപോകുന്നില്ല. തുരത്താനുള്ള നടപടിയും ഇതുവരെ വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. വർഷങ്ങളായി ഇവിടെ കാട്ടാന ശല്യമുണ്ട്.
ദേശീയപാതയിൽനിന്ന് വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിലേക്കുള്ള റോഡ് വ്യാഴാഴ്ച കാട്ടാനകൾ മുറിച്ചുകടന്നു. ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് സഞ്ചാരികളുടെ തിരക്കുള്ള ഈ റോഡ് മുറിച്ചുകടക്കുന്നത്. അപകടം ഒഴിവായത് ഭാഗ്യംകൊണ്ടാണ്.
തൊട്ടടുത്ത പഞ്ചായത്തായ പെരുവന്താനം മതമ്പയിൽ രണ്ട് ദിവസം മുൻപാണ് ഒരു കർഷകനെ കാട്ടാന കൊന്നത്. കല്ലാർഭാഗത്തെ ആനകളെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.വനംവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുട്ടിക്കാനത്ത് എത്തിയപ്പോൾ എരുമേലി റേഞ്ച് പരിധിയിൽ ഒരു ദ്രുതകർമസേനയെക്കൂടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം രണ്ട് പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ദ്രുതകർമസേനയുടെ അഭാവത്തിൽ പ്രദേശത്ത് മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനസൗഹൃദ സദസ്സിൽ അന്ന് മന്ത്രിക്ക് പരാതി നൽകിയ കൊമ്പൻപാറ സ്വദേശി സോഫിയയാണ് ആദ്യം പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസമേഖലയിലേക്ക് കൂടുതലായി ആനകൾ ഇറങ്ങിത്തുടങ്ങിയതോടെ കൂടുതൽ ജീവനക്കാരെ പ്രതിരോധ നടപടികൾക്കായി പ്രദേശത്ത് നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.
ആളില്ലാത്ത ദ്രുതകർമസേന
എരുമേലി റേഞ്ചിൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിയോഗിച്ചിരിക്കുന്ന ദ്രുതകർമസേനയിൽ ആകെ 18 പേർ മാത്രമാണ് സേവനത്തിനുള്ളത്. പീരുമേട്, പെരുവന്താനം പഞ്ചായത്തുകളിലായി 48 ആനകൾ വനത്തിന് പുറത്തിറങ്ങിയതായാണ് കണക്ക്. ഇവ ജനവാസമേഖലയിലേക്ക് എത്തിയാൽ ജനങ്ങളുടെ സംരക്ഷണത്തിന് എത്തേണ്ടത് രണ്ട് ദ്രുതകർമസേനകളാണ്.
പീരുമേട്, വണ്ടൻപതാൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി ആനകൾ ഇറങ്ങിയാൽ കിലോമീറ്ററുകൾ താണ്ടി ഇവയെ തുരത്താനുള്ള ശേഷി ഇവർക്കില്ല. ഒപ്പം പ്രദേശം പരിചയമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും പകരം വനിതകൾ അടക്കമുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്‌തു. ഇതും വലിയ പരാതികൾക്കാണ് ഇടയാക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group