
കല്പറ്റ : മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച മാതൃകാവീടിന്റെ നിര്‍മാണ ചെലവിനെ ചൊല്ലി വിവാദങ്ങള്‍ കടുക്കുന്നു.
ടൗണ്‍ഷിപ്പില്‍ പണി പൂര്‍ത്തിയായ മാതൃകാ വീടിന് 30 ലക്ഷം രൂപ ചെലവ് വരില്ലെന്നും നിര്‍മാണത്തിന് ചുമതലപ്പെടുത്തിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. 1000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 410 വീടുകള്‍, റോഡുകള്‍, പൊതുകെട്ടിടങ്ങള്‍, ജലവിതരണ സംവിധാനം, വൈദ്യുതി, ലാന്‍ഡ് സ്‌കേപ്പിംങ് മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടൗണ്‍ഷിപ്പ്. 253 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ടൗണ്‍ ഷിപ്പിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ മാതൃകാ വീടിന് ടാക്‌സ് ഉള്‍പ്പടെ 30 ലക്ഷം രൂപ ചെലവ് വരുമെന്നും ഗുണനിലവാരത്തില്‍ വിട്ടു വീഴ്ചയില്ലാതെയാണ് വീട് നിര്‍മിക്കുന്നത് എന്നുമാണ് ഊരാളുങ്കലിന്റെ മറുപടി.
എന്നാല്‍ ഈ മാതൃകയില്‍ ഒരു വീട് നിര്‍മിക്കാന്‍ 30 ലക്ഷം രൂപ എന്തിനെന്നാണ് സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്ന ചോദ്യം.
വിവിധ ഏജന്‍സികളും സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതബാധിതര്‍ക്കായി വീട് വെച്ച് നല്‍കുന്നുണ്ട്. നാട്ടില്‍ പലയിടത്തും സ്വകാര്യ വ്യക്തികളും വീട് വെക്കുന്നുണ്ട്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടിന്റെ സ്‌ക്വയര്‍ ഫീറ്റ് നിരക്കും അതില്‍ ഒരുക്കിയ സൗകര്യങ്ങളും മറ്റുവീടുകളുമായി താരതമ്യം ചെയ്താല്‍ നിലവിലെ ആരോപണങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാം എന്ന് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഒരു പദ്ധതിയാവുമ്പോള്‍ പിഡബ്ല്യൂഡി റേറ്റ് അനുസരിച്ച് ഒരു എസ്റ്റിമേറ്റ് വേണം. ഈ പദ്ധതിക്ക് അപ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ എന്നും എംഎല്‍എ ചോദിച്ചു.
സര്‍ക്കാര്‍ ഒരു വീട് പൂര്‍ത്തിയാക്കിയത് ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ് എന്നാല്‍ പുന്നപ്പുഴയിലെ കല്ല് മാറ്റാനെന്ന പേരില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് 195 കോടി രൂപ കൊടുത്ത സര്‍ക്കാര്‍ 15 ലക്ഷം രൂപയോളം ചെലവ് വരുന്ന വീട് നിര്‍മിക്കാന്‍ മുപ്പത് ലക്ഷം നല്‍കി ദുരന്തത്തിന്റെ ഗുണഭോക്താവായി ഊരാളുങ്കലിനെ മാറ്റുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ആരോപിച്ചു.
'ദുരിത ബാധിതനായ നൗഫലിന് മസ്‌ക്കറ്റ് കെഎംസിസി നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. 1200 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ ചുറ്റുമതില്‍ അടക്കം മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയിട്ട് ആകെ ചിലവ് വന്നത് 20 ലക്ഷം രൂപയാണ്. ക്വാറി അസോസിയേഷന്‍ പൂത്തൂര്‍ വയലില്‍ പണിത് നല്‍കുന്ന വീടുകളുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി.1250 സ്‌ക്വയര്‍ഫീറ്റ് വീടിന് 17 ലക്ഷം രൂപയാണ് നിര്‍മാണ ചിലവ് വരുന്നത്. അതേ സ്ഥാനത്ത് 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 30 ലക്ഷം രൂപ നിര്‍മാണ ചിലവ് വരുന്നത് ഊരാളുങ്കലിനെ സഹായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്' കെ എം ഷാജി ചോദിച്ചു.
ദുരിതബാധിതരായ മനുഷ്യര്‍ക്ക് കിട്ടുന്നത് എന്തും അവര്‍ക്ക് ആശ്വാസം പകരുന്നതാണ്. അവര്‍ക്ക് വീടുകള്‍ കിട്ടുന്നതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഒരാള്‍ മാരുതി സ്വിഫ്റ്റുമായി വന്ന് ആ കാറിന് 50 ലക്ഷം രൂപയാണ് വില എന്ന് പറയുന്നത് പോലെയാണ് വീടിന്റെ ചെലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ സ്‌മൈല്‍ ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. എട്ട് ലക്ഷം രൂപയാണ് വീടൊന്നിന് ചെലവാകുക. പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍മിച്ചു നല്‍കുന്ന വീടിനും 10 ലക്ഷത്തില്‍ താഴെയാണ് ചിലവ് വരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.
'നാട്ടു നടപ്പനുസരിച്ച് സാമാന്യം നല്ല രീതിയില്‍ ചെയ്യാന്‍ സ്‌ക്വയര്‍ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കെടുക്കുന്നത്. കിച്ചണിലും മറ്റും അടിസ്ഥാനപരമായ ഫര്‍ണീഷിംഗും പുട്ടി ഫിനിഷില്‍ പെയിന്റ് ചെയ്യുന്നതുമടക്കമുള്ള റേറ്റാണിത്. 1000 സ്‌ക്വ.ഫീറ്റ് വീടിന് 17- 18 ലക്ഷം വന്നേക്കും. കുറച്ചുകൂടി നന്നാക്കിച്ചെയ്താല്‍ 20 ലക്ഷം വരെ ആവാം. സര്‍ക്കാരിനും ഊരാളുങ്കലിനും ഇത് 30 ലക്ഷം ആവുന്നതെങ്ങനെയെന്ന് അവര്‍ തന്നെ ആധികാരികമായി വിശദീകരിക്കട്ടെ' കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.
വീടൊന്നിന് 25 ലക്ഷം രൂപ വെച്ച് 299 കോടി ഊരാളുങ്കലിനു സര്‍ക്കാര്‍ കൈമാറി കഴിഞ്ഞു. എന്നാല്‍ രണ്ട് മുറിയുള്ള ഒരു വീടിന് ഇത്ര നിര്‍മാണ ചിലവൊ എന്ന സംശയം ജനങ്ങള്‍ക്ക് ഉണ്ട്. പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ഇതിന്റെ ചിലവ് സംബന്ധിച്ചു ഒരു വിലയിരുത്തല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കല്പറ്റ എംഎല്‍ എ ടി.സിദ്ദിഖ് പറഞ്ഞു
എന്നാല്‍ പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന രീതിയില്‍ ഗുണമേന്‍മ ഉറപ്പുവരുത്തിയാണ് വീട് പണിയുന്നത് എന്നാണ് സര്‍ക്കാരും വീട് നിര്‍മിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അധികൃതരും പറയുന്നത്. പിസിസി പില്ലര്‍ ഉപയോഗിച്ച് ഫൗണ്ടേഷന്‍ കെട്ടി ഗുണനിലവാരമുള്ള പെയിന്റും വയറിംങ് സംവിധാനങ്ങളും ജനലുകളും വാതിലുകളും ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് വീടെന്നും ചുറ്റുമതില്‍ ഉള്‍പ്പടെ കെട്ടിയാണ് വീട് പൂര്‍ത്തിയാക്കുന്നത് എന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
നേരത്തെ തേയിലത്തോട്ടമായിരുന്ന ഭൂമി ആയതിനാല്‍ മൂന്ന് മീറ്റര്‍ വരെ ആഴത്തില്‍ ഫൗണ്ടേഷനിട്ട് പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ പാകത്തിനാണ് വീടിന്റെ നിര്‍മാണം. പെയിന്റും സിമന്റും സ്റ്റീലും ഉള്‍പ്പടെ ഉയര്‍ന്ന ഗുണനിലവാരമുളള വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. വാതിലും ജനലും കിച്ചണ്‍ കബോഡും ഉള്‍പ്പടെയുള്ളവ ഏറെക്കാലം നിലനില്‍ക്കുന്നതുമാണെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.
105 ദിവസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു വീട് നിര്‍മിച്ച് കഴിഞ്ഞാല്‍ ഗുണഭോക്താക്കള്‍ക്കും അധികൃതര്‍ക്കും ഈ വീടിനെ കുറിച്ചും ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിനെ കുറിച്ചും അതിന്റെ ക്വാളിറ്റി എങ്ങനെയെന്നും മനസ്സിലാവും. ഓരോഘട്ടത്തിലും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ മാറ്റം വരുത്തിയാണ് വീട് പൂര്‍ത്തിയാക്കിയത്. മുകള്‍നില പണിയാന്‍ പാകത്തിന് താത്കാലിക സ്റ്റീല്‍ സ്റ്റെയര്‍കേസ് ഉള്‍പ്പടെയാണ് വീടിന്റെ നിര്‍മാണം. ഡിസംബര്‍ 31-നകം മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും ഊരാളുങ്കല്‍ പറഞ്ഞു. അടുത്തമാസം മുതല്‍ തൊഴിലാളികളുടെ എണ്ണം കൂട്ടി പണി നടക്കുന്ന സ്ഥലത്തിന് താഴെ താമസിക്കുന്ന ആളുകളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കും എന്നും ഊരാളുങ്കല്‍ അറിയിച്ചു.
മാതൃകാ വീടിന്റെ പ്രത്യേകതകള്‍ (അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്)
നിര്‍മാണം പൂര്‍ത്തിയായ മാതൃക വീടിന്റെ സവിശേഷതകളില്‍ പ്രധാനം ബലവത്തും ഈടുനില്‍ക്കുന്നതുമായ ആര്‍സിസി (റീഇന്‍ഫോഴ്സ്ഡ് സിമന്റ് കോണ്‍ക്രീറ്റ്) ഫ്രെയിം ചെയ്ത ഘടനയാണ്. 9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയര്‍ ഭിത്തികള്‍, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സോളിഡ് ബ്ലോക്ക് പ്രവൃത്തിയാണ് ചുവരുകള്‍ക്ക്. 12 മില്ലീമീറ്റര്‍ കട്ടിയുള്ള സിമന്റ് മോര്‍ട്ടാറില്‍ 1:4 അളവില്‍ മതില്‍ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റര്‍ കട്ടിയുള്ള സിമന്റ് മോര്‍ട്ടറില്‍ 1:3 അളവില്‍ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്തിട്ടുള്ളത്.
അടുക്കളയുടെ മേല്‍ഭാഗത്തുള്ള സ്റ്റോറേജ് ചെയ്തിട്ടുള്ളത് ലാമിനേറ്റഡ് മറൈന്‍ പ്ലൈവുഡിലും കബോര്‍ഡുകള്‍ക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെന്‍സിറ്റി മള്‍ട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ജനലുകള്‍ 20 വര്‍ഷം വാറന്റിയുള്ള പ്ലാസ്റ്റിക് ചെയ്യാത്ത പോളിവിനൈല്‍ ക്ലോറൈഡ് (യുപിവിസി) ഉപയോഗിച്ചിട്ടുള്ളതാണ്. അടുക്കളയിലും വര്‍ക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്, സിറ്റ്ഔട്ടിലും പടികളിലും തറ ഗ്രാനൈറ്റ് പാകിയതുമാണ്.
ശുചിമുറിയ്ക്ക് ഘടിപ്പിച്ച, തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആര്‍പി (ഫൈബര്‍ഗ്ലാസ് റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വര്‍ഷത്തെ വാറന്റിയുണ്ട്.
ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകള്‍, ട്രസ് (താങ്ങുപണി) പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീല്‍ ട്യൂബുകള്‍, ഏഷ്യന്‍ പെയിന്റ്‌സിന്റെ പെയിന്റ് (7 വര്‍ഷം വാറന്റി), കിറ്റ്‌പ്ലൈയുടെ മറൈന്‍ ഗ്രേഡ് വുഡ് ഫിനിഷ് ഫ്‌ലഷ് ഡോര്‍ (5 വര്‍ഷം വാറന്റി), ഗോദ്‌റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീല്‍ വാതില്‍ (5 വര്‍ഷം വാറന്റി), സെറയുടെ ശുചിമുറി ഉല്‍പ്പന്നങ്ങള്‍ (10 വര്‍ഷം വാറന്റി), കിറ്റ്‌പ്ലൈയുടെ കിടപ്പുമുറി കബോര്‍ഡുകള്‍, അടുക്കളയ്ക്കും വാഷ്‌ബേസിനും സെറയുടെ സിങ്ക് (10 വര്‍ഷം വാറന്റി), വി-ഗാര്‍ഡ് വയറിംഗ് കേബിളുകള്‍, എംകെ സ്വിച്ചുകള്‍, ഹാവല്‍സിന്റെ ഫാനുകള്‍, എല്‍ & ടി യുടെ സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ഫിലിപ്പ്‌സിന്റെ ലൈറ്റുകള്‍, ഹെന്‍സലിന്റെ മീറ്റര്‍ ബോര്‍ഡ് എന്നിങ്ങനെ മുഴുവനും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.
രണ്ട് കിടപ്പുമുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയായത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group