ട്രോളിങ് നിരോധനം അവസാനിച്ചു; ബോട്ടുകൾ കടലിലിറങ്ങി

ട്രോളിങ് നിരോധനം അവസാനിച്ചു; ബോട്ടുകൾ കടലിലിറങ്ങി
ട്രോളിങ് നിരോധനം അവസാനിച്ചു; ബോട്ടുകൾ കടലിലിറങ്ങി
Share  
2025 Aug 01, 08:57 AM
mannan

കൊല്ലം: ട്രോളിങ് നിരോധനം വ്യാഴാഴ്‌ച രാത്രി അവസാനിച്ചതോടെ ബോട്ടുകൾ കടലിൽ ഇറങ്ങിത്തുടങ്ങി. നിരോധനം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി, നീണ്ടകര പാലത്തിലെ സ്‌പാനുകളെ ബന്ധിപ്പിക്കുന്ന ചങ്ങല അഴിച്ച് ബോട്ടുകളെ അഷ്ടമുടിക്കായലിൽനിന്ന് കടത്തിവിടുന്ന പതിവുരീതി ഇത്തവണയുണ്ടായില്ല.


ദേശീയപാതനിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലങ്ങളുടെ നിർമാണം നടക്കുന്നതിനാൽ ബോട്ടുകൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇത് കണക്കിലെടുത്ത്, വ്യാഴാഴ്‌ച രാവിലെമുതൽതന്നെ ബോട്ടുകൾക്ക് അഴിമുഖത്ത് നങ്കൂരമിടാൻ അനുവാദം നൽകിയിരുന്നു. നിരോധനം അവസാനിച്ചതായുള്ള ഫിഷറീസ് വകുപ്പിൻ്റെ അറിയിപ്പ് രാത്രി 12 മണിക്ക് ലഭിച്ചതോടെയാണ് ബോട്ടുകൾ കടലിലേക്ക് പോയിത്തുടങ്ങിയത്. 12 മണിക്കുമുൻപ് ആരും കടലിൽപ്പോകാതിരിക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സസ്മെന്റും കടലിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.


മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്‌ടറേറ്റിൽ ഫിഷറീസ് വകുപ്പ് അധികൃതരുടെയും ബോട്ടുടമകളുടെയും സംയുക്തയോഗം ചേർന്നിരുന്നു. അഴിക്കൽ, നീണ്ടകര, തങ്കശ്ശേരി ഹാർബർ മാനേജ്‌മെൻ്റ് സൊസൈറ്റികളുടെ യോഗവും കൂടി. ചെറുമീനുകളെ വളത്തിൻ്റെ ആവശ്യത്തിനായി പിടിക്കരുതെന്നും ലൈറ്റ് ഉപയോഗിച്ചുള്ളതടക്കം അനധികൃത മീൻപിടിത്തരീതികൾ ഉപേക്ഷിക്കണമെന്നും കർശന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് വകുപ്പ് അധികൃതർ നൽകിയിരുന്നു. ഇതിനുപുറമേ, ലൈസൻസ്, രജിസ്ട്രേഷൻ, ബോട്ടുകളിലും വള്ളങ്ങളിലും പോകുന്ന തൊഴിലാളികളുടെ ആധാർ ഇവയുടെ പകർപ്പുകളും യാനങ്ങളിലുണ്ടാകണമെന്ന് നിർദേശമുണ്ട്. ഇവ തുറമുഖങ്ങളിൽ മൈക്ക് വഴിയും വയർലെസ് സെറ്റുകൾവഴിയും അറിയിച്ചിട്ടുമുണ്ട്.


കാലാവസ്ഥ അനുകൂലമായതിനാൽ, സുലഭമായി മീൻ ലഭിക്കുമെന്ന പ്രതീക്ഷയാണ് മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും അനുബന്ധ ജോലിക്കാർക്കുമുള്ളത്. ബോട്ടുകളിൽ ജോലിക്കുപോയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ കഴിഞ്ഞദിവസങ്ങളിൽ മടങ്ങിയെത്തുകയും ചെയ്തിരുന്നു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan