
അഗളി: അട്ടപ്പാടിയിലെ ലഹരിമുക്ത കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചതാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. 2018 മുതൽ പ്രവർത്തിക്കുന്ന വിമുക്തികേന്ദ്രത്തെ ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) കീഴിലുള്ള ലഹരിമുക്ത ചികിത്സാകേന്ദ്രമായിഅംഗീകരിച്ചിട്ടുണ്ട്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും എക്സൈസ്-ആരോഗ്യ വകുപ്പുകളും സംയുക്തമായി നിർമിച്ച വിമുക്തി ലഹരിമോചന കേന്ദ്രത്തിന്റെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി വലിയൊരു സാമൂഹിക വിപത്താണ്. സമൂഹം ഒരുമിച്ച് ഇതിനെ ചെറുക്കണം. സ്‌കൂൾ പരിസരത്ത് എക്സൈസിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ സ്കൂൾ സമയത്ത് പുറത്തുപോകുന്നത് തടയാൻ അവർക്കാവശ്യമുള്ളതെല്ലാം സ്‌കൂളിൽ ലഭ്യമാക്കുന്നതിനായി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വരഗാർപ്പുഴ റെഗുലേറ്റർ-കം-കോസ്‌വേ ഉദ്ഘാടനം
പുതൂർ ഉമ്മത്താംപടി വരഗാർപ്പുഴ റെഗുലേറ്റർ-കം-കോസ്‌വേ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് വരഗാർപ്പുഴയ്ക്കുകുറുകെ റെഗുലേറ്റർ-കം-കോ നിർമിച്ചിട്ടുള്ളത്. ഉന്നതി നിവാസികൾക്ക് മഴക്കാലത്ത് ഇതിലൂടെ വാഹനത്തിലും അല്ലാതെയും പുഴമുറിച്ച് കടക്കാൻ സാധിക്കും. റെഗുലേറ്റർ വരുന്നതോടെ മഴക്കാലത്ത് ജലം സംഭരിക്കാനും കൃഷിക്കായി അത് പ്രയോജനപ്പെടുത്താനും സാധിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് സംയുക്തമായി വലിയപദ്ധതികൾ ഏറ്റെടുക്കാൻ കഴിയുമെന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്കൂൾക്കെട്ടിടങ്ങളുടെ ഉദ്ഘാടനം
അഗളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെയും സ്കിൽ ഡെവലപ്‌മെൻ്റ് ലാബിൻ്റെയും കാരറ ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പരിപാടികളിൽ എൻ. ഷംസുദീൻ എംഎൽ.എ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മരുതി മുരുകൻ, വൈസ് പ്രസിഡൻ്റ് കെ.കെ. മാത്യു, അഗളി-ഷോളയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായ അംബിക ലക്ഷ്മണൻ, പി. രാമമൂർത്തി, മധ്യമേഖലാ ജോയിൻ്റ് എക്സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group