MLAയും മക്കളും 2 വാർഡുകളിൽ, ജീവിച്ചിരിക്കുന്നവർ 'മരിച്ചു'; കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപകപരാതി

MLAയും മക്കളും 2 വാർഡുകളിൽ, ജീവിച്ചിരിക്കുന്നവർ 'മരിച്ചു'; കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപകപരാതി
MLAയും മക്കളും 2 വാർഡുകളിൽ, ജീവിച്ചിരിക്കുന്നവർ 'മരിച്ചു'; കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപകപരാതി
Share  
2025 Jul 27, 10:55 AM
mannan


തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തയ്യാറാക്കിയ കരട് വോട്ടർപട്ടികയെക്കുറിച്ച് വ്യാപക പരാതികൾ. ഒരേ വീട്ടിൽ കഴിയുന്നവർ രണ്ട് വ്യത്യസ്ത വാർഡുകളിലെയും പഞ്ചായത്തുകളിലെയും വോട്ടർമാരായി മാറിയിട്ടുണ്ട്.


പരാതിയുമായി വരുന്നവരോട് ഹിയറിങ്ങിൽ പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം വോട്ടർപട്ടിക പരിശോധിക്കാത്ത ആയിരക്കണക്കിനു പേർ തെറ്റുകൾ അറിയാതെ പോവുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. കല്ലിയൂർ പഞ്ചായത്തിലെ മുൻ അംഗം ഹെലന്റെ വോട്ട് ബാലരാമപുരം പഞ്ചായത്തിലെ നെല്ലിവിള വാർഡിലാണ്. അതേസമയം ഹെലന്റെ വീട്ടിൽ ഒപ്പം താമസിക്കുന്ന കുടുംബാംഗങ്ങളുടെ വോട്ട് കല്ലിയൂർ പഞ്ചായത്തിൽ നിലനിർത്തിയിട്ടുമുണ്ട്.


എം.വിൻസെന്റ് എംഎൽഎയ്ക്കും ഭാര്യയ്ക്കും ബാലരാമപുരം ഇടമലക്കുടി വാർഡിലാണ് വോട്ട്. എന്നാൽ രണ്ട് മക്കളുടെ പേര് ടൗൺ വാർഡിലെ വോട്ടർപട്ടികയിലാണ്. പാറശ്ശാലയിൽ ഭർത്താവിന്റെ വോട്ട് ടൗൺ വാർഡിലും ഭാര്യയുടെ വോട്ട് മുര്യങ്കര വാർഡിലുമായിട്ടാണ് വന്നിട്ടുള്ളത്. ടൗൺ വാർഡിൽ ഇത്തരം നിരവധി പരാതികളുണ്ട്.


പോത്തൻകോട് പഞ്ചായത്തിലെ വാവറയമ്പലം ഈസ്റ്റ് വാർഡിൽ ചേർന്നുവരുന്ന വാവറയമ്പലം ജങ്‌ഷൻ ഭാഗം ഒഴിവാക്കി. ബാക്കി തുടർച്ചയില്ലാതെ മറ്റൊരു സ്ഥലത്താണുള്ളത്. അതിർത്തിയില്ലാതെ പരസ്പരം ബന്ധമില്ലാത്ത ഭൂപ്രദേശങ്ങളാണ് നാലാം വാർഡിലും അഞ്ചാം വാർഡിലും വരുന്നത്. അഴൂർ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ പലവാർഡുകളിലും വോട്ടർമാർ വ്യാപകമായി വെട്ടി മാറ്റപ്പെട്ടതായാണ് പരാതികൾ. വാർഡിന്റെ അതിർത്തിയുമായി ഒരുബന്ധവും ഇല്ലാത്ത ചെട്ടിയാർമുക്ക് ഭാഗത്തെ 35 കുടുംബങ്ങളെക്കൂടി ഗാന്ധിസ്മാരകം വാർഡിൽ ചേർത്തു. മാടൻവിളയിൽ നിന്നും കൊട്ടാരം തുരുത്തിലേക്കും ഇത്തരത്തിൽ 50- ഓളം വോട്ടർമാരെ വെട്ടിമാറ്റിയതായും ആരോപണമുണ്ട്.


കഴിഞ്ഞതവണത്തെ പേരുകൾ കാണാനില്ല; ജീവിച്ചിരിക്കുന്നവർ പട്ടികയിൽ ‘മരിച്ചു’


:നെടുമങ്ങാട് നഗരസഭയിൽ ജീവിച്ചിരിക്കുന്ന പലരും വോട്ടർപട്ടികയിൽ മരിച്ചവരുടെ ലിസ്റ്റിൽ. മിക്ക വാർഡുകളിലും 50 മുതൽ 70 വരെ കുടുംബങ്ങളെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി. പുതുതായി വന്ന വാർഡുകളിൽ പട്ടികയിൽ ആർക്കൊക്കെ എവിടെയൊക്കെയാണ് വോട്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. 20 വർഷം മുൻപ്‌ മരിച്ചുപോയവരും പട്ടികയിലുണ്ട്, വോട്ടുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല.


ടൗൺ വാർഡ്, മാർക്കറ്റ് വാർഡ്, പത്താംകല്ല് തുടങ്ങിയ വാർഡുകളിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വർഷം മുൻപ്‌ വീട് വിറ്റുപോയ കുടുംബങ്ങളുടെ പേരുപോലും നിലവിൽ വോട്ടർപട്ടികയിലുണ്ട്. പാറശ്ശാല പഞ്ചായത്തിലെ നെടുവാൻവിള വാർഡിലെ വോട്ടർപട്ടികയിൽ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് വോട്ടുചെയ്ത പല വ്യക്തികളുടെയും പേരില്ല്ല. ബാലരാമപുരം പഞ്ചായത്തിൽ വീട് വിറ്റും ഒഴിഞ്ഞും പോയവർക്കുള്ള വോട്ടുകൾ നിലനിർത്തിയിട്ടുമുണ്ട്. കരകുളം, പെരിങ്ങമ്മല, പനവൂർ ഗ്രാമപ്പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.


വീടില്ലെങ്കിലും വോട്ടുണ്ട്


കോർപ്പറേഷനിലെ പല വാർഡുകളിലും വിടില്ലാത്തവരുടെ വോട്ടുകൾ അനധികൃതമായി ചേർത്തതായി പരാതി. ആറ്റുകാൽ വാർഡിൽ വീടോ താമസമോ ഇല്ലാത്ത 50 വോട്ടർമാരെ പുതുതായി ചേർത്തിട്ടുണ്ട്. ഇവർ മിക്കവരും പൂന്തുറ, ബീമാപള്ളി വാർഡുകളിലെ സ്ഥിരതാമസക്കാരാണ്. പട്ടം വാർഡിലെ ഒരു വീട്ടിലെ വിലാസത്തിൽ താമസക്കാരല്ലാത്ത 13 പേരുടെ പേരുകൾ ചേർത്തിട്ടുണ്ട്.


തീരദേശത്തെ ചില വാർഡുകളിൽ വോട്ടർമാരുടെ എണ്ണം 11000 കടന്നിട്ടുണ്ട്. ഇത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഒരു വാർഡിൽ ശരാശരി 9000 മുതൽ 9500 വോട്ടർമാരാണ് വരേണ്ടത്. പുതുതായി രൂപവത്കരിച്ച പാങ്ങപ്പാറ വാർഡിൽ 2800 വോട്ടർമാർ മാത്രമാണുള്ളതെന്നാണ് ആരോപണം.


സമീപകാലത്തെ വല വാർഡുകളിലേയും വോട്ടർമാരുടെ എണ്ണം 10000-ത്തിന് മുകളിലാണ്. വോട്ടർമാർ 10000-ത്തിന് മുകളിൽ കടന്ന വാർഡുകളിൽ മതിയായ പോളിങ് സ്റ്റേഷൻ ഇല്ലെന്നും നാട്ടുകാർ പറയുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan