ബലാത്സം​ഗ- കൊലപാതക കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

ബലാത്സം​ഗ- കൊലപാതക കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
ബലാത്സം​ഗ- കൊലപാതക കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
Share  
2025 Jul 25, 09:15 AM
mannan

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് തടവുചാടിയത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ സെല്ലില്‍ കാണാതായത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.


അതീവസുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. സെല്ലിലെ കമ്പി വളച്ചാണ് ഇയാൾ പുറത്തിറങ്ങിയതെന്ന് സംശയിക്കുന്നു.


2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.


തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകൾ പ്രകാരം നൽകിയ ശിക്ഷകളും നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.


ട്രെയിനിൽനിന്ന് വീണപ്പോൾ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാൽ, ട്രെയിനിൽനിന്ന് പെൺകുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകി കൊലപാതകക്കുറ്റവും അതിന് നൽകിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.


വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.


2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവച്ച് പെൺകുട്ടി മരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan