
കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിൻ്റെ വിശദപദ്ധതിരേഖ (ഡിപിആർ) കേന്ദ്രസർക്കാരിന് സമർപ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡിപിആർ പറയുന്നു. ഡിപിആർ തയ്യാറാക്കിയ കൺസൽട്ടിങ് ഏജൻസിയായ 'സ്റ്റേപ് ഈ മാസം ആദ്യമാണ് കെഎസ്ഐഡിസിക്ക് ഇത് കൈമാറിയത്.
നേരത്തെ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിനാൽ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. സംസ്ഥാനസർക്കാരിൻ്റെ ഭരണാനുമതി അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു. വർഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീർഥാടകർക്കും പ്രവാസികൾക്കും ഏറെ പ്രയോജനംചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും തമിഴ്‌നാടിന്റെ ഭാഗമായ അയൽജില്ലകൾക്കും ഗുണകരമാകും. എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുംവിധമാണ് രൂപകൽപ്പന. കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണിത്. മണിമല, എരുമേലി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തെ സ്വകാര്യ ഭൂമിയിലുമായാണ് വിമാനത്താവളം വ്യാപിച്ച് കിടക്കുക.
വിമാനത്താവളം ഇങ്ങനെ
ഏറ്റെടുക്കുന്ന ഭൂമി 2570 ഏക്കർ
ചെറുവള്ളി എസ്റ്റേറ്റ് 2263 ഏക്കർ
സ്വകാര്യഭൂമി 307 ഏക്കർ
പദ്ധതിച്ചെലവ് 7047 കോടി രൂപ
ആദ്യം കണക്കാക്കിയിരുന്ന ചെലവ് 3450കോടി
ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം 2408 കോടി
സാങ്കേതിക കാര്യങ്ങൾ
റൺവേ 3500 മീറ്റർ നീളം
പാസഞ്ചർ ടെർമിനൽ 54,000 ചതുരശ്രഅടി
കാർഗോ ഏരിയ 1200 ചതുരശ്രഅടി
ഭൂമി ഏറ്റെടുക്കൽ
2013-ലെ കേന്ദ്രനിയമപ്രകാരം നഷ്‌ടപരിഹാരം അനുവദിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സർവേ പ്രദേശത്ത് നടക്കുന്നു. ഇതിനുള്ള 11(1) റവന്യൂചട്ടപ്രകാരമുള്ള വിജ്ഞാപനം വന്നിരുന്നു.
കടമ്പ
പദ്ധതി പ്രദേശത്തിൻ്റെ സിംഹഭാഗവും ചെറുവള്ളി എസ്റ്റേറ്റാണ്. ഇത് ബിലീവേഴ്‌സ് ചർച്ചിൻ്റെ കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കൈവശമാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ആയതിനാൽ ഇത് റവന്യൂവകയാണെന്ന് സർക്കാർ പറയുന്നു. ഭൂമിയിൽ അവകാശം ഉന്നയിച്ച് റവന്യൂവകുപ്പ് പാലാ കോടതിയിൽ സിവിൽകേസ് നൽകിയിട്ടുണ്ട്. പദ്ധതിയുടെ പഠനങ്ങൾ ചോദ്യംചെയ്ത‌് ട്രസ്റ്റ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group