
പേരാമ്പ്ര : കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ശനിയാഴ്‌ച വൈകീട്ടുമുതൽ തുടങ്ങിയ
ബസ് തടയൽ സമരം അവസാനിപ്പിക്കാൻ ആർഡിഒ അൻവർ സാദത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. അപകടമുണ്ടാക്കിയ 'ഒമേഗ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാൻ നടപടിസ്വീകരിക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പുനൽകി. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ബസുകൾക്ക് ഓടിയെത്താനുള്ള സമയം ഒരുമണിക്കൂർ 40 മിനിറ്റെന്നത് ഒരുമണിക്കൂർ 52 മിനിറ്റായി മാറ്റുന്നവിധത്തിൽ പെർമിറ്റ് പുനഃക്രമീകരിക്കുമെന്ന് വടകര ആർടിഒ പി. രാജേഷ് യോഗത്തെ അറിയിച്ചു.
ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ശക്തമാക്കും. ബസ് രേഖകളും ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതും തുടർച്ചയായി പരിശോധിക്കും. ആർടിഒ, പോലീസ്, എക്സൈസ് സംയുക്തപരിശോധനയുണ്ടാകും. ബസ് ഓടിക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന പോലീസിൻ്റെ അനുമതിപത്രം നൽകുന്ന നിയമം ഓഗസ്റ്റ് ഒന്നുമുതൽ നിലവിൽവരും. മൂന്നിടങ്ങളിൽ പഞ്ചിങ് നടത്താനുള്ള നടപടിയെടുക്കും.
കെഎസ്ആർടിസി ബസുകൾ റൂട്ടിൽ കൂടുതലായി അനുവദിക്കണമെന്ന യോഗത്തിന്റെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. പരാതികളറിയിക്കാനുള്ള ടോൾഫ്രീ നമ്പർ എല്ലാ ബസിൻന്റെയും പിന്നിൽ പ്രദർശിപ്പിക്കും. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ എയ്‌ഡ്‌പോസ്റ്റ് സ്ഥാപിക്കും. അത്തോളി, നടുവണ്ണൂർ, പേരാമ്പ്ര മേഖലയിൽ ബസ് പരിശോധനയ്ക്ക് മോട്ടോർവാഹനവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിക്കും.
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ മഫ്‌തിയിലും ബസിൽ യാത്രചെയ്യും. റൂട്ടിലെ എല്ലാ ബസുകളിലെയും ഡ്രൈവർ, കണ്ടക്‌ടർ എന്നിവർക്ക് മൂന്നുമാസത്തിനകം എടപ്പാളിലെ മോട്ടോർവാഹനവകുപ്പിൻ്റെ ഐഡിടിആർ കേന്ദ്രത്തിൽ പ്രത്യേക ക്ലാസ് നൽകും.
ഈ റൂട്ടിലെ ബസ് ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും വിവരങ്ങളടങ്ങിയ ഡേറ്റാ ബുക്ക് തയ്യാറാക്കും. സ്‌പീഡ് ഗവർണർ പരിശോധന ശക്തമാക്കി ഇല്ലാത്തവയുടെ പെർമിറ്റ് റദ്ദാക്കും.
ബസ് സ്റ്റാൻഡുകളിൽ എജൻറുമാരെ നിർത്തി ബസ് ഡ്രൈവർമാർക്ക് വേഗം നിയന്ത്രിക്കാനുള്ള നിർദേശം നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇതു തടയാൻ പോലീസ് പരിശോധനയുണ്ടാകുമെന്ന് ഡിവൈഎസ്‌പി എൻ. സുനിൽകുമാർ അറിയിച്ചു. വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ പോലിസിനെ നിയോഗിക്കും. ബസ് സ്റ്റാൻഡിൽ രാത്രികാല പാർക്കിങ് നിർത്തലാക്കും. എടുത്ത തീരുമാനങ്ങൾ നടപ്പാകുന്നുണ്ടോ എന്നുള്ളത് പരിശോധിക്കാൻ ഒരുമാസംകഴിഞ്ഞ് അവലോകനയോഗം ചേരാനും തീരുമാനിച്ചു. ബസ് ഉടമ, ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗവും അടുത്തദിവസം ചേരും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു യോഗത്തിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ്, ജില്ലാപഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, പേരാമ്പ്ര ഇൻസ്‌പക്‌ടർ പി. ജംഷീദ്, ജോ. ആർടിഒ ടി.എം. പ്രഗീഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി, യുവജന, വിദ്യാർഥി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group