
പുനലൂരിൽ എസ്‌പിജി-സിപിജി യോഗം ചേർന്നു
പുനലൂർ :കുട്ടികളെ കരുവാക്കി സമൂഹത്തിൽ ലഹരിവസ്തുക്കൾ വ്യാപിപ്പിക്കുന്നത് നോക്കിനിൽക്കരുതെന്നും കാര്യക്ഷമമായി ഇടപെടാൻ ഓരോരുത്തർക്കും കഴിയണമെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് അഡീഷണൽ സൂപ്രണ്ട് എ.ആർ. ഷാനിഹാൻ പറഞ്ഞു. ലഹരിവ്യാപനമുൾപ്പെടെ കുട്ടികളെ നിയമവിരുദ്ധപ്രവൃത്തികൾക്ക് ഇരയാക്കുന്നത് തടയാൻ കർശന നിയമനടപടികൾക്കൊപ്പം ബോധവത്കരണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനലൂർ പോലീസ് സബ്‌ഡിവിഷനിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്‌പിജി/സിപിജി) പദ്ധതി വിശദീകരിക്കാൻ പുനലൂരിൽ ചേർന്ന കോഡിനേറ്റർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടൊക്കെ മുതിർന്നവരിൽ ഒതുങ്ങിയിരുന്ന ലഹരി ഇപ്പോൾ സിന്തറ്റിക് രൂപത്തിൽ കുട്ടികളിൽവരെ എത്തിച്ചേർന്നിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന മിക്ക കേസുകളിലും 'ബെംഗളൂരു' ബന്ധം കാണുന്നുണ്ടെന്നും ലഹരി ഉത്പാദനത്തിൻ്റെ കേന്ദ്രമായി ഈ നഗരം മാറിയിട്ടുണ്ടെന്നും പുനലൂർ ഡിവൈഎസ്‌പി വി.എസ്. പ്രദീപ്‌കുമാർ ചൂണ്ടിക്കാട്ടി.
ഉപരിപഠനത്തിനായി ബെംഗളൂരുവിൽ എത്തിച്ചേരുന്ന കുട്ടികളിൽ പലരും സ്വയമറിയാതെ ലഹരിപദാർഥങ്ങുടെ വാഹകരമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ ഇൻസ്പെക്‌ടർ ടി. രാജേഷ്‌കുമാർ അധ്യക്ഷനായി. സ്കൂൾ, കോളേജ് പ്രിൻസിപ്പൽമാർ, എസ്എച്ച്ഒമാർ തുടങ്ങിയവർ പ്രസംഗിച്ചു.
'പരാതി ഗൗരവമായി കാണണം'
സ്കൂളുകളിലും കോളേജുകളിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്നും ഇനിയും പെട്ടികൾ സ്ഥാപിച്ചിട്ടില്ലാത്ത വിദ്യാലയങ്ങളിൽ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. പെട്ടിയിൽ നിക്ഷേപിക്കുന്ന ഓരോ പരാതിയും ഗൗരവമായി കാണണം. എന്തുതന്നെ പ്രശ്നനങ്ങളുണ്ടായാലും അധ്യാപകർ പരിഭ്രാന്തരാകേണ്ടതില്ല. എസ്‌പിജി/സിപിജിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കും.
കൗൺസലിങ് ആവശ്യമുള്ള കുട്ടികൾക്കായി കൊട്ടാരക്കരയിൽ റൂറൽ പോലീസ് ആസ്ഥാനത്ത് കേന്ദ്രം പ്രവർത്തിക്കുന്നു. മൂന്ന് വനിതാ കൗൺസലർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ സേവനം ലഭ്യമാക്കാം. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പരിൽ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം.
ലഹരിവസ്തുക്കളുടെ ഉപയോഗമോ കടത്തോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ 'യോദ്ധാവ്' പദ്ധതിയിലേക്ക് 99959 66666 എന്ന നമ്പരിലും അറിയിക്കാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group