
രാവിലെ 11-ന് വെള്ളായണി ശിവോദയം റോഡിലെ ശ്രീനാരായണ ഹാളിലാണ് ചർച്ച
തിരുവനന്തപുരം: വെള്ളായണിക്കായൽ സംരക്ഷിക്കേണ്ടതിന്റെയും
കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മാതൃഭൂമി സംഘടിപ്പിക്കുന്ന ജനകീയ ചർച്ച വെള്ളിയാഴ്‌ച നടക്കും. രാവിലെ 11-ന് വെള്ളായണി ശിവോദയം റോഡിലെ ശ്രീനാരായണ ഹാളിലാണ് ചർച്ച നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും കാർഷികമേഖലയുടെ തിരിച്ചുവരവിനും കർഷകരുടെ ക്ഷേമത്തിനും അഭിപ്രായ രൂപവത്കരണത്തിനുമാണ് ചർച്ച. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പരിസ്ഥിതിപ്രവർത്തകരും കർഷകസംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
വെള്ളായണിക്കായലുമായി ബന്ധപ്പെട്ട് മാത്യഭൂമി കഴിഞ്ഞമാസങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താപരമ്പരകളുടെ പശ്ചാത്തലത്തിലാണ് ജനകീയ അഭിപ്രായരൂപവത്‌കരണം നടത്തുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി കായലെടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന കർഷകരുടെ ദുരിതം മാതൃഭൂമി വാർത്തയാക്കിയിരുന്നു. തങ്ങളുടെ ഭൂമിയുടെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന മനുഷ്യരുടെ വേദന ചർച്ചയിൽ സജീവ വിഷയമാകും.
ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്ന വെള്ളായണി ശുദ്ധജലതടാകം ഇന്ന് നാശത്തിൻ്റെ വക്കിലാണ്. നഗരത്തിൻ്റെ കുടിനീരായ കായൽ സംരക്ഷണത്തിനുള്ള മാർഗങ്ങളും ഇവിടെ ചർച്ചയാകും.
കായലിൽ നഷ്‌ടപ്പെട്ട കൃഷിഭൂമിയുടെ നഷ്‌ടപരിഹാരത്തിന് വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകളിലെ 650 കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. കായലിൽ മുങ്ങിപ്പോയ പുഞ്ചപ്പാടങ്ങളുടെ നഷ്ടപരിഹാരം കിട്ടാൻ ഇപ്പോഴും ഇവർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. സർക്കാരുകൾ മാറിമാറി വരുമ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാതായതോടെയാണ് സാധാരണക്കാരായ മനുഷ്യരുടെ ഭൂമിയും സ്വത്തും വെള്ളത്തിലായത്. കൃഷിചെയ്യാനാകാതെ വന്നതും ഭൂമിക്കു നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയും ഇവർക്കു വായ്‌പ തിരിച്ചടയ്ക്കാനും കഴിയാതായി ജപ്തിഭീഷണിയിൽ കഴിയുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.
കായൽ മലിനീകരണത്തിനും പരിഹാരം വേണം
ജലസമൃദ്ധിയും മത്സ്യസമ്പത്തുംകൊണ്ട് വിഭവസമൃദ്ധമാണെങ്കിലും ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങൾ വെള്ളായണിക്കായലിനു വെല്ലുവിളിയാണ്. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കായൽ നേരിടുന്ന പ്രധാന വെല്ലുവിളി മലിനീകരണമാണ്.
കോർപ്പറേഷനിലും രണ്ടു പഞ്ചായത്തുകളിലും വിഴിഞ്ഞം തുറമുഖപ്രദേശത്തും കുടിവെള്ളമെത്തിക്കുന്ന നീരുറവകൂടിയാണ് കായൽ. കൈത്തോടുകളിലൂടെ കക്കൂസ് മാലിന്യങ്ങളും അറവുമാലിന്യങ്ങളും കായലിനെ മലിനമാക്കുകയാണ്.
മാലിന്യങ്ങൾ നിറഞ്ഞ് വീർപ്പുമുട്ടുന്ന വെള്ളായണിക്കായൽ ഇന്ന് പുനരുജ്ജീവനത്തിൻ്റെ വഴിയിലാണ്. ജലസേചനവകുപ്പ് 96.5 കോടി ചെലവഴിച്ച് ഘട്ടംഘട്ടമായാണ് കായൽ പുനരുദ്ധാരണപദ്ധതി നടപ്പാക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group