
തിരുവനന്തപുരം: ചരിത്രത്തിലെ കൽത്തുറുങ്കിൽ ചോരതെറിച്ച ക്രൂരതയ്ക്ക് കാലം കണക്കുതീർത്തപോലെ ഒരിക്കൽക്കൂടി വി.എസിൻ്റെ കാൽക്കീഴിൽ ആ ബയണറ്റുകളുയർന്നു, ചുറ്റും പനിനീർപ്പൂക്കളും മുല്ലമാലകളും കൊരുത്തിട്ട ശയ്യയിൽ അന്ത്യയാത്രയ്ക്കായി നെഞ്ചുവിരിച്ചുകിടന്ന ആ ജനനായകനുമുന്നിൽ.
പുന്നപ്ര-വയലാർ സമരകാലത്ത് പാലായിലെ ലോക്കപ്പിൽ വി.എസിൻ്റെ പാദം കുത്തിമുറിക്കാൻ പോലീസിൻ്റെ ബയണറ്റ് ഉയർന്നുതാഴ്ന്നതായാണ് ചരിത്രം. കൽത്തുറുങ്കിൽ വി.എസിൻ്റെ ചോര പടർന്നു. അന്നു മുറിവേറ്റ ആ പാദംകൊണ്ട് വി.എസ്. വീറോടെ നടന്നുതീർത്ത ദൂരങ്ങൾക്കൊടുവിലാണ് സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ ബയണറ്റുകൾ ആ കാൽച്ചുവട്ടിൽ നമിച്ചുനിന്നത്.
ഓർമ്മകളും വിങ്ങലും മുഷ്ട്‌ടികൾക്കൊപ്പം പ്രതിധ്വനിച്ച മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിൽ വീർപ്പുമുട്ടവേ, തോക്കുകളേന്തിയ പോലീസുകാരുടെ സല്യൂട്ട് സ്വീകരിച്ചായിരുന്നു. ജന്മദേശത്തേക്കുള്ള അന്ത്യയാത്ര.
ബാർട്ടൺഹില്ലിലെ മകൻ വീട്ടിൽനിന്ന് രാവിലെ 8.40-ന് വി.എസിന്റെ യാത്ര തുടങ്ങവേ, അനന്തപുരിയിൽ കണ്ണീരണിഞ്ഞപോലെ മഴപെയ്തിറങ്ങി. വഴിയരികിലെ അഭിവാദ്യങ്ങളേറ്റ് 9.18-ന് ദർബാർഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മൃതശരീരം ഏറ്റുവാങ്ങി. പോലീസുകാർ ഗാർഡ് ഓഫ് ഓണർ നൽകിയശേഷം, സ്വാതന്ത്ര്യസമരസേനാനികൂടിയായിരുന്ന വി.എസിന്റെ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു. സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പുഷ്‌പചക്രം സമർപ്പിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, പിബിയംഗങ്ങളായ അശോക് ധാവ്ളെ, എ. വിജയരാഘവൻ, വിജുകൃഷ്‌ണൻ, സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
തുടർന്ന്, പൊതുദർശനം. മഴയിൽ കുട ചൂടി, രാവിലെമുതൽ സെക്രട്ടേറിയറ്റിനു സമീപത്തെ റോഡുകളിൽ കാത്തുനിന്നവർ ദർബാർ ഹാളിലേക്കൊഴുകി. അല്പസമയത്തിനുള്ളിൽ ജനക്കൂട്ടത്തിൻ്റെ നിര പാളയംവരെയെത്തി.
പ്രമുഖരും സംഘടനകളും പുഷ്‌പചക്രങ്ങളുമായി വന്നപ്പോൾ, കുഞ്ഞുകൈകളിൽ പനിനീർച്ചെണ്ടുകളുമായി കുട്ടികൾ അച്ഛനമ്മമാർക്കൊപ്പം ആദരമേകി. അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനംചെയ്ത കൊടി കൈയിൽക്കരുതിയ യുവാവ്, തലപ്പാവുപോലെ വി.എസിനെ അതണിയിച്ചു.
ദർബാർഹാളിലെ പൊതുദർശനം ഉച്ചയ്ക്ക് 1.56-ന് അവസാനിച്ചു. ഔദ്യോഗികച്ചടങ്ങുകൾ തീർത്ത് 2.14-ന് മൃതദേഹം പുറത്തിറക്കി. അപ്പോൾ, പുറത്തുതമ്പടിച്ചവർക്ക് പറയാൻ ഒന്നേയുണ്ടായിരുന്നുള്ളൂ "കണ്ണേ കരളേ വി.എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ആരു പറഞ്ഞു മരിച്ചെന്ന്... ഇല്ലായില്ല മരിക്കില്ല. സഖാവ് വി.എസ്. മരിക്കുന്നില്ല..." അതുകേട്ട്, ജനപ്രവാഹത്തിലലിഞ്ഞ് ആലപ്പുഴ വലിയ പുടുകാട്ടിലേക്ക് വി.എസ്. യാത്രതിരിച്ചു.
വിലാപയാത്ര തിരുവനന്തപുരം നഗരത്തിൽ നിന്ന് 28 കിലോമീറ്റർ പിന്നിട്ട് ആറ്റിങ്ങലിലെത്താൻ 10 മണിക്കൂറെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group