
മാനന്തവാടി: ഒരുകിലോ നേന്ത്രപ്പഴത്തിന് ഇപ്പോൾ കടയിൽ നാല്പതുരൂപ കൊടുക്കണം. ഇവ ഉത്‌പാദിപ്പിക്കുന്ന കർഷകന് ഇതിൻ്റെ പകുതിവിലപോലും ലഭിക്കുന്നില്ല. ഈ വർഷം ആദ്യം ഒരുകിലോ നേന്ത്രക്കായക്ക് അൻപതുരൂപവരെ ലഭിച്ചിരുന്നു. ഈ വിലകണ്ട് കൃഷിയിറക്കിയവരുമുണ്ട്. ഉത്പാദനംകൂടിയപ്പോൾ ഒരുകിലോയ്ക്ക് ലഭിക്കുന്നത് ഇരുപതുരൂപയും അതിൽ കുറവുമാണ്. അപ്രതീക്ഷിതമായുണ്ടായ വിലയിടിവിൽ അന്ധാളിച്ചുനിൽക്കുകയാണ് ഇവർ.
ഈ മാസം രണ്ടാംവാരം ഒരുകിലോ നേന്ത്രക്കായക്ക് 27 രൂപവരെ ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ ഒറ്റയടിക്ക് കുറഞ്ഞത്. മുപ്പെത്തിയ കുലകൾ വെട്ടിവിറ്റില്ലെങ്കിൽ പഴുത്തുനശിക്കും. കിട്ടുന്നവിലയ്ക്ക് കൊടുത്തൊഴിവാക്കേണ്ട ഗതികേടിലാണ് കർഷകർ.
ജില്ലയിലെ ഭൂരിഭാഗംപേരുടെയും ഉപജീവനമാർഗമാണ് നേന്ത്രവാഴക്കൃഷി.
വയലും കരഭൂമിയും പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകരും ഒട്ടേറെയാണ്. വിളവെടുക്കുമ്പോൾ നല്ല വിലലഭിക്കുമെന്നുകരുതി വായ്‌പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയവർ ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ്, അതേസമയം, കർണാടകയിൽനിന്നും മറ്റും എത്തുന്ന നേന്ത്രക്കായ കിലോയ്ക്ക് 45 രൂപവരെ കച്ചവടക്കാർ നൽകുന്നുണ്ടെന്നാണ് കൃഷിക്കാരുടെ പരാതി. ഉത്പാദനം കൂടിയതോടെ ഗുണനിലവാരംകൂടിയ നേന്ത്രക്കായകളുടെ വിലയിടിക്കുന്ന ലോബികളും പ്രവർത്തിക്കുന്നതായി കർഷകർ ആരോപിച്ചു. കൃഷിയിടങ്ങളിൽനിന്ന് കച്ചവടംചെയ്‌ത് നേരിട്ടു കയറ്റിയയക്കുന്ന ഇടനിലക്കാരാണ് വിലയിടിവിനുകാരണമെന്ന് കർഷകർ പറയുന്നു.
തറവിലയിലും താഴ്ന്ന്
നേന്ത്രക്കായ്ക്ക് 2019-ൽ ഏർപ്പെടുത്തിയ തറവിലയിൽനിന്ന് മാറ്റംവേണമെന്ന കർഷകരുടെ മുറവിളിതുടങ്ങിയിട്ട് നാളുകളേറെയായി. 24 രൂപയാണ് ആറുവർഷം മുൻപ് തറവില നിശ്ചയിച്ചത്. ഈ വിലപോലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു, ഒന്ന്, രണ്ട്, മൂന്ന് ഗ്രേഡുകളിലാക്കിയാണ് കച്ചവടക്കാർ നേന്ത്രക്കായ സ്വീകരിക്കുന്നത്. ഒന്നാംഗ്രേഡിൽനിന്ന് രണ്ടിലേക്കെത്തുമ്പോൾ കിലോയ്ക്ക് 10 രൂപയും മൂന്നിലേക്കെത്തുമ്പോൾ എട്ടുരൂപയും കുറയും. രണ്ടും മൂന്നും ഗ്രേഡ് തിരിച്ച് കർഷകരിൽനിന്ന് ശേഖരിക്കുന്ന നേന്ത്രക്കായകൾ ഒന്നാംഗ്രേഡിന്റെ വിലയിൽ കച്ചവടക്കാർ വിൽക്കുന്നതായും ആരോപണമുണ്ട്.
ജില്ലയിലെ മിക്കയിടങ്ങളിൽനിന്നും എത്തുന്ന നേന്ത്രക്കായകൾ കാണാൻ വൃത്തിയില്ലാത്തതിനാൽ ആളുകൾ വാങ്ങാൻ മടിക്കുന്നതായാണ് കച്ചവടക്കാർ പറയുന്നത്. കായകളുടെ തൊലിക്കുപുറത്ത് കറുത്തകുത്തുകൾ വ്യാപകമായുണ്ട്. അതേസമയം, കർണാടകയിൽനിന്നും മറ്റും എത്തുന്ന കായകൾക്ക് നല്ല വൃത്തിയുണ്ട്.
സംസ്ഥാനത്തെ എല്ലായിടത്തേക്കും വയനാടൻ കായകൾ കയറ്റിയയക്കുന്നുണ്ട്. തമിഴ്‌നാട്ടിൽനിന്ന് ചിപ്‌സിനായും വയനാടൻ നേന്ത്രക്കായകൾക്ക് ആളുകളെത്തുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group