
മണ്ണുസംരക്ഷണവകുപ്പ് അധിക്യതർ സ്ഥലം പരിശോധിക്കും
പുനലൂർ :കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട് നഷ്ടമായ
താമരപ്പള്ളിയിലെ രണ്ടു കുടുംബങ്ങളെ താത്കാലികമായി പ്ലാച്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിലേക്ക് മാറ്റിപ്പാർപ്പിക്കും. താമരപ്പള്ളി പ്ലാവിളവീട്ടിൽ ഗോപിക, തടത്തിൽവീട്ടിൽ ലീല എന്നിവരെയും കുടുംബത്തെയുമാണ് മാറ്റിപ്പാർപ്പിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെ കുടുംബങ്ങളെ സന്ദർശിച്ച പി.എസ്. സുപാൽ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ കെ. പുഷ്പലതയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
നാശനഷ്ടം തിട്ടപ്പെടുത്തി അടിയന്തരമായി കളക്‌ടർക്ക് റിപ്പോർട്ട് നൽകാൻ തഹസിൽദാരെ എംഎൽഎ ചുമതലപ്പെടുത്തി. സ്ഥലത്ത് അപകടസ്ഥിതി നിലനിൽക്കുന്നതിനാൽ സ്ഥലം പരിശോധിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താൻ മണ്ണുസംരക്ഷണവകുപ്പ് ജില്ലാ ഓഫീസറോടും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് അധികൃതർ ബുധനാഴ്‌ച സ്ഥലം പരിശോധിക്കുമെന്ന് എംഎൽഎ പറഞ്ഞു.
മൂന്നുദിവസമായി തുടരുന്ന മഴയിൽ വാളക്കോട് വില്ലേജിൽപ്പെട്ട താമരപ്പള്ളി പ്രദേശത്ത് തിങ്കളാഴ്‌ച പുലർച്ചെയാണ് വീടുകൾ തകർന്നത്. ലീലയുടെ വീടിന്റെ കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്ന് ഗോപികയുടെ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗോപികയുടെ, മൺകട്ട കെട്ടിയ വീടിൻ്റെ രണ്ടു മുറികളുടെ ഭിത്തിയും മേൽക്കൂരയും പൂർണമായും തകർന്നു. ലീലയുടെ വീടിന്റെ അടിത്തറയും ഭാഗികമായി തകർന്നു. വീടിനും കേടുപാടുണ്ട്.
ഗോപികയുടെ വീട് ഇനി വാസയോഗ്യമല്ല. ലീലയുടെ വീടും അപകടനിലയിലാണ്. ഈ സാഹചര്യത്തിലാണ് രണ്ടുകുടുംബങ്ങളെയും ഫ്ളാറ്റിലേക്ക് മാറ്റാൻ നിർദേശിച്ചത്. ഇവരുടെ വീടുകൾ തകർന്നതിനു പുറമേ മാരാംകോട്ട് അനിൽകുമാറിന്റെ്റെ, മൺകട്ട കെട്ടിയ വീടിൻ്റെ അടുക്കളഭാഗം പൂർണമായും തകരുകയും താമരപ്പള്ളി റിറ്റിഭവനിൽ രാജൻ കേശവൻകുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് ദേശീയപാതയിലേക്ക് വീഴുകയും ചെയ്‌തിരുന്നു.
സ്ഥലത്ത് അപകടനില തുടരുന്ന സാഹചര്യത്തിലാണ് എംഎൽഎ ചൊവ്വാഴ്ച ഇവിടം സന്ദർശിച്ചത്. നഗരസഭാ ഉപാധ്യക്ഷൻ രഞ്ജിത് രാധാകൃഷ്ണൻ, കൗൺസിലർമാരായ പി.എ. അനസ്, എസ്. സതേഷ്, അരവിന്ദാക്ഷൻ, തഹസിൽദാർ അജിത് ജോയ്, സിപിഎം നേതാക്കളായ എസ്. രാജേന്ദ്രൻനായർ, റാണി ജേക്കബ് തുടങ്ങിയവരും എംഎൽഎയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group