
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് അന്ത്യയാത്ര പോകാനുള്ള
കെഎസ്ആർടിസി ബസിന് വഴിയൊരുക്കാൻ മുന്നിലിരുന്നത് മന്ത്രി കെ.ബി.ഗണേഷ് കുമാർ. എസി ലോഫ്‌ളോർ ബസാണ് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്കായി ഒരുക്കിയത്. മഞ്ഞപ്പൂക്കൾക്കൊണ്ട് അലങ്കരിച്ച ബസ് നേരത്തെ തയ്യാറാക്കി സെക്രട്ടേറിയറ്റ് വളപ്പിലെത്തിച്ചു. എന്നാൽ, രണ്ടുമണിക്ക് ദർബാർഹാളിന്റെ മുൻപിലേക്ക് ബസ് എത്തിക്കുന്നതിൽ കണക്കുകൂട്ടൽ തെറ്റി. ഈ ഘട്ടത്തിലാണ് മന്ത്രി വഴിയൊരുക്കാനെത്തിയത്.
ആൾക്കൂട്ടത്തിനിടയിലൂടെ ദർബാർഹാളിന് മുൻപിലേക്ക് ബസ് കയറ്റിനിർത്താൻ കഴിയാത്തതാണ് പ്രശ്നമായത്.
ബസിന്റെ മുൻസീറ്റിലിരുന്ന് ഗണേഷ് കുമാർ കൂടിനിന്നവരോട് മാറിനിന്ന് ബസിന് വഴിയൊരുക്കാൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബസ് പുറകിലേക്ക് എടുക്കുമ്പോഴും വശങ്ങളിലേക്ക് നീക്കുമ്പോഴും മന്ത്രി മൈക്കിലൂടെ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. 20 മിനിറ്റ് പരിശ്രമിച്ചിട്ടും ബസ് ദർബാർ ഹാളിന് മുൻപിലേക്ക് കയറ്റാനായില്ല. ഇതോടെ, കുറച്ചുമാറ്റിനിർത്തിയാണ് വി.എസിൻ്റെ മൃതദേഹം ബസിലേക്ക് കയറ്റിയത്.
പൊളിച്ചുമാറ്റി ചില്ലുകൾ
വഴിയോരത്ത് കാത്തുനിൽക്കുന്നവർക്കെല്ലാം വി.എസിനെ കാണാൻ അവസരമൊരുക്കണമെന്ന് നേരത്തെ സിപിഎം നേതാക്കൾ തീരുമാനിച്ചതാണ്.
കെഎസ്ആർടിസി ബസിന് പുറത്തുനിന്നാൽ അകത്തുള്ള വി.എസിനെ കാണാനാകുന്നവിധത്തിൽ ക്രമീകരിക്കാനായിരുന്നു നിർദേശം.
ബസ് സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി.ജോയ് എന്നിവർ ബസ് പരിശോധിച്ചപ്പോൾ, എസി ലോഫ്ളോർ ബസിൻ്റെ ചില്ലിലൂടെ വി.എസിനെ കാണാനാകില്ലെന്ന് വിലയിരുത്തി.
ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തു. ഉടനെ ബസ് ഡിപ്പോയിലേക്ക് തിരികെ കൊണ്ടുപോയി, ഇരുവശങ്ങളിലുമുള്ള ചില്ലുകൾ ഇളക്കിമാറ്റി പ്രശ്നം പരിഹരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group