
തിരുവനന്തപുരം: ഗവർണറോടുള്ള വെല്ലുവിളിയിൽ നിന്നു പിന്മാറി,
സിപിഎമ്മും സർക്കാരും അനുനയപാത സ്വീകരിച്ചതോടെ കേരള സർവകലാശാലയിലെ തർക്കത്തിൽ സമവായസാധ്യത തെളിയുന്നു. രണ്ടാഴ്ചത്തെ ഭരണസ്‌തംഭനം തീർക്കാൻ മന്ത്രി ആർ. ബിന്ദു നേരിട്ടു ചർച്ചയ്ക്കിറങ്ങി, വിസിയെയും സിൻഡിക്കേറ്റംഗങ്ങളെയും വെവ്വേറെ നേരിൽക്കണ്ട മന്ത്രി വിട്ടുവീഴ്‌ച ചെയ്യാൻ അഭ്യർഥിച്ചതോടെ, പ്രശ്ന പരിഹാരത്തിന് അടിയന്തര സിൻഡിക്കേറ്റ് വിളിക്കാൻ ധാരണയായി. ഇരുവിഭാഗവും യോഗം വിളിക്കാൻ സമ്മതിച്ചതായി മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർവകലാശാലയിൽ നേരിട്ടെത്തി എസ്.എഫ്.ഐ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രശ്നത്തിലാണ് ഇപ്പോൾ പാർട്ടിയുടെയും സർക്കാരിൻ്റെയും വെടിനിർത്തൽ.
അതേസമയം, രജിസ്ട്രാറുടെ സസ്പെൻഷനിൽ ഉടക്കി നിൽക്കുകയാണ് (പ്രശ്നപരിഹാരം, രജിസ്ട്രാറെ സസ്പെൻഡു ചെയ്‌തതിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ വിസി വ്യക്തമാക്കി, സസ്പെൻഷൻ റദ്ദാക്കിയതു പിൻവലിച്ച്, വിസിക്കു കീഴടങ്ങാനാവില്ലെന്ന് സിൻഡിക്കേറ്റും നിലപാടെടുത്തു. ഇതോടെ, അടിയന്തര സിൻഡിക്കേറ്റിൽ പരിഹാരഫോർമുല കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
ഗവർണറുടെ നിർദേശാനുസരണം വിസി ഡോ. മോഹനൻ കുന്നുമ്മേൽ വെള്ളിയാഴ്ച്‌ച സർവകലാശാലയിലെത്തി. വിസിയെ ഇടതുസിൻഡിക്കേറ്റംഗങ്ങളോ എസ്എഫ്ഐയോ തടഞ്ഞില്ല.
ഓഫീസിലെത്തിയ വിസി 1838 ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. പിഎച്ച്ഡി ഫയലുകളും ബദൽ രജിസ്ട്രാർ മിനി കാപ്പൻ നേരിട്ടു കൈമാറിയ ചില ഫയലുകളും ഒപ്പിട്ടു. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിലുണ്ടായിരുന്നെങ്കിലും വിസിയെ മുഖാമുഖം കണ്ടില്ല. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ഭരണസമിതി യോഗത്തിലും വിസി പങ്കെടുത്തു.
മന്ത്രിയുടെ ക്ഷണമനുസരിച്ച് അദ്ദേഹം വസതിയിലെത്തി അവരെ സന്ദർശിച്ചു. അതിനുശേഷം സിൻഡിക്കേറ്റംഗങ്ങളുമായും മന്ത്രി സംസാരിച്ചു. അവരുമായും ധാരണയിലെത്തിയ ശേഷമാണ് അടിയന്തര സിൻഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിച്ചത്.
തർക്കം തുടങ്ങിയത് ഭാരതാംബയിൽ
* അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികമായ ജൂൺ 25-ന് ശ്രീ പദ്‌മനാഭസേവാസമിതി സർവകലാശാലയിലെ സെനറ്റ് ഹാളിൽ ഗവർണർ മുഖ്യാതിഥിയായ സെമിനാറിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചു
* തർക്കം സംഘർഷത്തിലേക്കു നീങ്ങിയതോടെ, രജിസ്ട്രാർ സെനറ്റ് ഹാളിനുള്ള അനുമതി റദ്ദാക്കി. എന്നാൽ, ഗവർണർ പരിപാടിയിൽ പങ്കെടുത്തു
* രജിസ്ട്രാർ പോലീസിൽ പരാതി നൽകി. റിപ്പോർട്ട് തേടിയ വിസി രജിസ്ട്രാറുടെ വിശദീകരണം അംഗീകരിച്ചില്ല
* ജൂൺ രണ്ടിന് വിസി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു. അദ്ദേഹം ഹൈക്കോടതിയിൽ പോയെങ്കിലും സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ റദ്ദാക്കിയതിനാൽ ഹർജി പിൻവലിച്ചു
* സസ്പെൻഷൻ പിൻവലിച്ചത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിസി അംഗീകരിച്ചില്ല. ബദൽ രജിസ്ട്രാറായി മിനി കാപ്പനെ ചുമതലപ്പെടുത്തി
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം രൂക്ഷമായി
*ഭീഷണിയുള്ള അന്തരീക്ഷത്തിൽ സർവകലാശാലയിൽ പോകാനാകില്ലെന്നു പരാതിപ്പെട്ട് വിസി ഗവർണറെ കണ്ടു
* സർക്കാർ സമവായശ്രമം തുടങ്ങിയതോടെ, വിസി വെള്ളിയാഴ്ച്‌ച സർവകലാശാലയിലെത്തി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group