
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർഥി
മിഥുൻ ഷോക്കേറ്റുമരിച്ച സംഭവത്തിൽ പ്രഥമാധ്യാപിക എസ്. സുജയെ സസ്പെൻഡുചെയ്‌തു. സ്‌കൂൾ അധികൃതർ വീഴ്‌ചവരുത്തിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അന്വേഷണറിപ്പോർട്ട് അനുസരിച്ചാണ് നടപടി.
മൂന്നുദിവസത്തിനുള്ളിൽ മറുപടിയാവശ്യപ്പെട്ട് മാനേജ്മെന്റിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള വിദ്യാഭ്യാസചട്ടം അനുസരിച്ച് പുതിയ മാനേജരെ നിയമിക്കാനും വേണമെങ്കിൽ സ്‌കൂൾ ഏറ്റെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് മുഖേന മിഥുൻ്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകും. അടിയന്തരസഹായമായി മൂന്നുലക്ഷംരൂപ നൽകും. മുഖ്യമന്ത്രി മടങ്ങിവന്നശേഷം കൂടുതൽ സഹായത്തെക്കുറിച്ച് ആലോചിക്കും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമെടുക്കാൻ നിർദേശിച്ച് മേയ് 13-ന് സർക്കാർ വിശദമായ മാർഗരേഖ പുറപ്പെടുവിച്ചിരുന്നു. എല്ലാ സ്കൂളിനും വിദ്യാഭ്യാസ ഓഫീസർമാർക്കും ഈ നിർദേശം അയച്ചുകൊടുത്തിരുന്നു -മന്ത്രി വ്യക്തമാക്കി.
ശമ്പളംമാത്രം മതിയെന്ന നിലപാട് ശരിയല്ല -അധ്യാപകരോട് മന്ത്രി
എന്തുതന്നെ, ആരുതീരുമാനിച്ചാലും ഞങ്ങൾക്ക് ശമ്പളം കിട്ടിയാൽമതിയെന്ന ഒരുവിഭാഗം അധ്യാപകരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓർമ്മപ്പെടുത്തൽ. സ്‌കൂളിലൊരു പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസിൽ ഒരു കടലാസ് നൽകി പോയിട്ട് കാര്യമില്ല. തുടർച്ചയായിച്ചെന്ന് അത് പരിഹരിക്കൽ സ്‌കൂളിൻ്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ നാലുവർഷം ഒരു പ്രശ്നവുമുണ്ടായില്ല. അധ്യാപകസമൂഹത്തിൻ്റെ നല്ല പ്രവർത്തനം ഇകഴ്ത്തിക്കാണുന്നുമില്ല. -മന്ത്രി പറഞ്ഞു,
മറ്റുശുപാർശകൾ
സ്കൂളിന്റെ ചുമതലയുള്ള എഇഒയുടെ വിശദീകരണം തേടും. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായധനം നൽകുന്നത് മാനേജ്മെന്റ് പരിഗണിക്കണം. മിഥുൻ്റെ സഹോദരന് പ്ലസ്‌ടുവരെ പരീക്ഷാഫീസ് ഉൾപ്പെടെയുള്ളവ ഒഴിവാക്കും. സ്കൂൾ പിടിഎ പുനഃസംഘടിപ്പിക്കണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group