
ആലപ്പുഴ: 'എറണാകുളം, തൃശ്ശൂർ ഭാഗത്തേക്ക് ജോലിക്കുപോകുന്നവരും
പഠിക്കാൻ പോകുന്നവരുമുൾപ്പെടെ തീരദേശ റെയിൽപ്പാതയെ ദിവസേന ആശ്രയിക്കുന്ന നൂറുകണക്കിനാളുകളുണ്ട്. എന്നെപ്പോലെ മെമുവിൽ തിങ്ങി ഞെരിഞ്ഞ് ശ്വാസംമുട്ടി എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാർക്കും മെമുവിൻ്റെ റേക്ക് കൂട്ടുന്നത് ആഹ്ലാദമുള്ള വാർത്തയാണ്. ഞങ്ങളുടെ യാത്രാ ദുരിതത്തിന് ഒരാശ്വാസമാണിത് -മെമുവിലെ സ്ഥിരം യാത്രക്കാരി രാജിയുടെ വാക്കുകളാണിത്. മെമുവിനു കൂടുതൽ റേക്കുകൾ വരുന്നെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. കൊല്ലത്തെത്തിയ റേക്കുകൾ ആലപ്പുഴയിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് യാത്രക്കാർ.
രാവിലെ 7.25-ന് ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കെടുക്കുന്ന മെമു മാരാരിക്കുളം എത്തുമ്പോഴേക്കു യാത്രക്കാരെക്കൊണ്ടു നിറയും. പിന്നിടുള്ള സ്റ്റേഷനുകളിൽ നിന്ന് ഒരു വിധത്തിലാണ് യാത്രക്കാർ തിക്കിത്തിരക്കി അകത്തേക്കു കയറുന്നത്. തിക്കിലും തിരക്കിലും പെട്ട് ഒരാളെങ്കിലും ദിവസേന തലകറങ്ങി വീഴും.
പിടിച്ചുനിൽക്കാൻ പോലും ഇടമില്ലാതെ കഷ്‌ടപ്പെടുന്നവരുമായി തുറവൂരിലും കുമ്പളത്തും തീവണ്ടി പിടിച്ചിടും. പലർക്കും കൃത്യസമയത്ത് ജോലിക്കു കയറാൻ പറ്റാറില്ല. യാത്രാ ദുരിതത്തിനു പരിഹാരം കാണമെന്നും ആലപ്പുഴ-എറണാകുളം മെമു അനാവശ്യമായി പിടിച്ചിടരുതെന്നും ആവശ്യപ്പെട്ട് യാത്രക്കാർ റെയിൽവേക്കു പരാതി നൽകിയിരുന്നു. ഒപ്പം മെമുവിൻ്റെ റേക്കുകളുടെ എണ്ണം 16 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പുതിയ റേക്കുകൾ എത്തുന്നതോടെ യാത്രക്കാരുടെ ഈ ആവശ്യമാണ് യാഥാർഥ്യമാവുന്നത്.
പുതിയ റേക്കുകൾ എത്തുന്ന സന്തോഷം പങ്കിടുന്‌പോഴും ചില യാത്രക്കാർക്ക് ആശങ്കയുമുണ്ട്. ആലപ്പുഴയിലേക്കുള്ളതാണ് റേക്കുകളെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുള്ളതാണ് കാരണം. അതുകൊണ്ടുതന്നെ അടിയന്തര സാഹചര്യമുണ്ടായാൽ മറ്റെവിടേക്കെങ്കിലും റേക്കുകൾ കൊണ്ടുപോകുമോയെന്നും ഇവർ ഭയക്കുന്നു.
സന്തോഷമുള്ള വാർത്ത
തിങ്കളാഴ്ചകളിൽ ആലപ്പുഴയിൽ നിന്നുതന്നെ നിറഞ്ഞാണു മെമു മാരാരിക്കുളത്തെത്തുന്നത്. കഷ്‌ടപ്പെട്ട് അകത്തു കയറിയാൽ പിടിച്ചു നിൽക്കാൻ പോലും സാധിക്കാറില്ല. ഡോറിനരികിൽ നിൽക്കുന്നവർ മാത്രമാണ് പലപ്പോഴും മെമുവിൽ പിടിച്ചു നിൽക്കുന്നത്. അത്രയ്ക്കു ദുരിതമാണ് രാവിലത്തെ ഞങ്ങളുടെ മെമു യാത്ര.
പി.പി. സുദീപ്, യാത്രക്കാരൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group