റബ്ബർ കർഷകർക്ക് ദുരിതത്തിന്റെ പെരുമഴക്കാലം

റബ്ബർ കർഷകർക്ക് ദുരിതത്തിന്റെ പെരുമഴക്കാലം
റബ്ബർ കർഷകർക്ക് ദുരിതത്തിന്റെ പെരുമഴക്കാലം
Share  
2025 Jul 19, 10:07 AM
mannan

പത്തനാപുരം: റബ്ബർ കർഷകർക്ക് ഇത് പ്രതിസന്ധിയുടെയും ദുരിതത്തിന്റെയും പെരുമഴക്കാലം. റബ്ബറിന് മതിയായ വില ലഭിക്കാത്തതും വർധിച്ച ഉത്പാദനച്ചെലവും കാരണം ബുദ്ധിമുട്ടുന്നതിനിടെ തുടർച്ചയായി ടാപ്പിങ് മുടങ്ങുന്നതും തിരിച്ചടിയായി. മുൻകാലങ്ങളെ അപേക്ഷിച്ച് മഴക്കാലം നേരത്തേ തുടങ്ങിയതാണ് വിനയായത്. ജനുവരിയോടെ ടാപ്പിങ് നിർത്തിവെക്കുന്ന തോട്ടങ്ങളിൽ ജൂണിൽ കാലവർഷം തുടങ്ങുന്നതുവരെ ഇടയ്ക്കു കിട്ടുന്ന വേനൽമഴയുടെ കരുത്തിൽ ഏപ്രിൽമുതൽ ടാപ്പിങ് ആരംഭിക്കും. എന്നാൽ ഇക്കുറി കഥമാറി. ഏപ്രിൽ, മേയ് മാസങ്ങളിലെ മിക്കദിവസങ്ങളിലും മഴ ശക്തമായതോടെ പ്രതീക്ഷിച്ച വെട്ട് കിട്ടിയില്ല. ജൂൺമുതൽ കാലവർഷവും തുടങ്ങി. ഒരാഴ്ച്‌ചയെങ്കിലും തുടർച്ചയായി ടാപ്പിങ് നടന്നാൽമാത്രമേ വെട്ടുപട്ട തെളിഞ്ഞ് നല്ല പാൽ ഉത്പാദനം ഉണ്ടാകൂവെന്ന് കർഷകർ പറയുന്നു. മഴമാറി രണ്ടുദിവസം ടാപ്പിങ് തുടങ്ങുമ്പോൾ എത്തും തുടർച്ചയായി മഴ, കാലാവസ്ഥ പ്രതികൂലമായതോടെ നല്ലൊരുശതമാനം കർഷകരും ടാപ്പിങ് തുടങ്ങിയിട്ടുമില്ല. ഇതിനിടെ മരങ്ങൾക്ക് പലവിധ രോഗബാധയുമേറി.


ഉത്പാദനച്ചെലവേറി; മതിയായ വിലയുമില്ല


റബ്ബർകൃഷി ജീവനോപാധിയാക്കിയ ചെറുകിട കർഷകർക്ക് റബ്ബറിന് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയാണുള്ളത്. ഗ്രേഡ് ഷീറ്റിന് കിലോഗ്രാമിന് 206 രൂപ വിലയുണ്ടെങ്കിലും റബ്ബർകടകൾ അത്രയും വില നൽകുന്നില്ല. നാലാംതരത്തിന് വിലയേറെ കുറയും. വളത്തിൻ്റെ വിലയും ടാപ്പിങ് കൂലിയും ഷീറ്റ് തയ്യാറാക്കുന്ന ചെലവും കഴിഞ്ഞാൽ കാര്യമായൊന്നും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മഴയെ പ്രതിരോധിക്കാൻ മരങ്ങളിൽ റെയിൻ ഗാർഡിങ് നടത്താൻ ചെലവേറിയതിനാൽ ഇക്കുറി അതും ഉപേക്ഷിച്ചു. കിലോഗ്രാമിന് 250 രൂപയെങ്കിലും ലഭിച്ചാൽമാത്രമേ ഒരുപരിധിവരെയെങ്കിലും പിടിച്ചുനിൽക്കാനാകൂവെന്നാണ് കർഷകരുടെ പക്ഷം. ഷീറ്റ് തയ്യാറാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ലാറ്റക്‌സ് വിൽക്കുന്നവർക്കും കാര്യമായ ഗുണമില്ലാത്ത സ്ഥിതിയാണ്. വെട്ട് കുറഞ്ഞതോടെ ഒരു വീപ്പ നിറയാൻ നാളേറെ കാത്തിരിക്കണം. വിആർസി നിശ്ചയിച്ച് കിലോഗ്രാമിന് 190 രൂപവെച്ചാണ് ലഭിക്കുന്നത്. ഒരുവീപ്പയ്ക്ക് 62 കിലോഗ്രാമാണ് കിട്ടേണ്ടതെങ്കിലും ഡിആർസി കുറഞ്ഞാൽ തൂക്കവും വിലയും കുറയും. മാത്രമല്ല, ഉള്ള വില പൂർണമായി കർഷകന് കിട്ടാൻ ആഴ്‌ചകൾ കാത്തിരിക്കുകയും വേണം.


വിലസ്ഥിരതാ ഫണ്ടും നിലച്ചു


റബ്ബറിന്റെ അടിസ്ഥാനവില 180 രൂപയായി നിശ്ചയിച്ച് സർക്കാർ തുടങ്ങിയ റബ്ബർ വിലസ്ഥിരതാഫണ്ടിൻ്റെ കാര്യമായ പ്രയോജനവും കർഷകന് കിട്ടിയില്ല.


2023 ഓഗസ്റ്റ് മുതൽ കുടിശ്ശികയാണ്. ഇതിനിടെ റബ്ബർവില 180-നുമുകളിൽ കടന്നതോടെ റബ്ബർവിലസ്ഥിരതാഫ്രണ്ടിന് പ്രസക്തിയില്ലാതായി. സർക്കാൻ റബ്ബറിന്റെ അടിസ്ഥാനവില 250 രൂപയായി വർധിപ്പിച്ച് വിലസ്ഥിരതാഫണ്ട് പുനഃസ്ഥാപിക്കുകയും കുടിശ്ശിക തുക പൂർ‌ണമായി നൽകണമെന്നതും റബ്ബർ കർഷകരുടെ ദീർഘനാളായുള്ള ആവശ്യമാണ്. റബ്ബർ കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഗുണമാകുന്നില്ലെന്ന പരാതിയാണ് കർഷകർക്ക്.


ടാപ്പിങ് നിലച്ച് തോട്ടങ്ങൾ


നഷ്ടക്കണക്ക് പെരുകിയതോടെ ടാപ്പിങ് വർഷങ്ങളായി നിർത്തിവെച്ചവരും ഒട്ടേറെയുണ്ട്. കാടുമൂടി കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ആവാസമായനിലയിലാണ് ഇത്തരം തോട്ടങ്ങൾ, റബ്ബർവെട്ടാൻ ആളെ കിട്ടാത്തതും പ്രതിസന്ധിയാണ്. നാട്ടുകാരെ കിട്ടാതായതോടെ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നവരുമുണ്ട്.


തോട്ടം ഉടമയ്ക്കും തൊഴിലാളിക്കും പകുതിവീതമെന്ന കരാറിൽ വെട്ട് തുടരുന്നവരുമേറെ നിശ്ചിതകാലത്തേക്ക് ഉടമയുമായി തുക നിശ്ചയിച്ച് ടാപ്പിങ് നടത്താൻ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവരും വ്യാപകമാണ്. എല്ലാത്തിനും പ്രതിസന്ധിയായി തോരാമഴയും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan