വെളിച്ചെണ്ണ വില ഉയർന്നതിന്റെ യഥാർഥ കാരണം ഇതാണ്; കേരാഫെഡ് മാനേജിങ് ഡയറക്ടർ പറയുന്നു... മനോരമ ലേഖകൻ

വെളിച്ചെണ്ണ വില ഉയർന്നതിന്റെ യഥാർഥ കാരണം ഇതാണ്; കേരാഫെഡ് മാനേജിങ് ഡയറക്ടർ പറയുന്നു... മനോരമ ലേഖകൻ
വെളിച്ചെണ്ണ വില ഉയർന്നതിന്റെ യഥാർഥ കാരണം ഇതാണ്; കേരാഫെഡ് മാനേജിങ് ഡയറക്ടർ പറയുന്നു... മനോരമ ലേഖകൻ
Share  
2025 Jul 18, 10:23 PM
mannan

വെളിച്ചെണ്ണ വില ഉയർന്നതിന്റെ യഥാർഥ കാരണം ഇതാണ്; കേരാഫെഡ് മാനേജിങ് ഡയറക്ടർ പറയുന്നു...


തിരുവനന്തപുരം ∙ ഓണക്കാലത്തേക്കുള്ള കേരാഫെഡിന്റെ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി മാനേജിങ് ഡയറക്ടർ സാജു സുരേന്ദ്രൻ. വസ്തുതാപരമായ കണക്കുകളെയും കേരാഫെഡിന്റെ നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളെയും സൗകര്യപൂർവം വിസ്മരിച്ച് കൊണ്ടും, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും സുസ്ഥിരതയും ഉറപ്പ് വരുത്താൻ കൈക്കൊണ്ട നടപടികൾ കണക്കിലെടുക്കാതെയുമാണ് ഇപ്പോഴത്തെ ആരോപണങ്ങൾ എന്ന് സാജു സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരാഫെഡിന്റെ മറുപടികൾ ചുവടെ:

സുവ്യക്തമായ സ്റ്റോക്ക് കണക്കുകൾ

ഓണത്തിന് ആവശ്യമായ കൊപ്ര കേരാഫെഡ് സംഭരിക്കുന്നില്ലെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. 2025 ജനുവരി മുതൽ ജൂൺ വരെ, കേരാഫെഡ് ശരാശരി 912.2 മെട്രിക് ടൺ കൊപ്ര സ്റ്റോക്ക് നിലനിർത്തിയിരുന്നു. 2024നെ അപേക്ഷിച്ച് (618.2 മെട്രിക് ടൺ) വളരെ കൂടിയ അളവാണിത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷമായ 2023-ലെ സ്റ്റോക്കിന് (998.8 മെട്രിക് ടൺ) അടുത്തെത്തുന്നതാണ് ഈ കണക്ക്. വിപണിയിൽ അസ്ഥിരത ഉണ്ടായിരുന്നിട്ടും, എണ്ണയുടെ സ്റ്റോക്ക് 818.5 മെട്രിക് ടൺ ആയി നിലനിർത്താനും കഴിഞ്ഞു. കൊപ്രയുടെ സംഭരണവും എണ്ണയുടെ സ്റ്റോക്കിങ്ങും ഉത്തരവാദിത്തത്തോടെയും മുൻകൂറായും നടത്തിയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.


യഥാർഥ പ്രശ്നം: വിതരണക്കാരുടെ വീഴ്ച

ഉറപ്പിച്ച കരാറുകൾ പാലിക്കുന്നതിൽ വിതരണക്കാർ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ യഥാർഥ കാരണം. 2025 മേയിൽ, 4 വിതരണക്കാർക്കായി കേരാഫെഡ് 2000 മെട്രിക് ടൺ കൊപ്രയ്ക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ വിപണി വിലയിലെ അഭൂതപൂർവമായ വർധനവു മൂലം പല കരാറുകാരും വിതരണത്തിൽ നിന്നും പിന്മാറി. അതിനാൽ 2000 മെട്രിക് ടൺ കൊപ്ര ഓർഡർ നൽകിയതിൽ, 200 മെട്രിക് ടൺ (10%) മാത്രമേ കരാറുകാർ വിതരണം ചെയ്തുള്ളൂ. കേരാഫെഡിന്റെ നടപടികളുടെ പരാജയമല്ല, മറിച്ച് കരാറുകാർ വരുത്തിയ വീഴ്ചയാണ് കൊപ്ര സംഭരണത്തിൽ കുറവ് ഉണ്ടാക്കിയത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

എന്തുകൊണ്ട് കർഷകർക്ക് പകരം സ്വകാര്യ വ്യാപാരികൾ?

കർഷക കേന്ദ്രീകൃതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ മിൽമ മാതൃകയിലാണ് കേരാഫെഡ് ആദ്യം രൂപകൽപന ചെയ്യപ്പെട്ടത്. അഫിലിയേറ്റഡ് പിഎസിഎസുകളും മാർക്കറ്റിഘ് ഫെഡറേഷനുകളും കർഷകരിൽ നിന്ന് നേരിട്ട് കൊപ്രയും തേങ്ങയും സംഭരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് സാധ്യമാക്കുന്നതിനായി, 1990കളുടെ അവസാനത്തിലും 2000കളുടെ തുടക്കത്തിലും ഈ സൊസൈറ്റികളുടെ സംഭരണ, സംസ്കരണ, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സർക്കാർ സാമ്പത്തിക സഹായം നൽകി പല സൊസൈറ്റികളും ഫണ്ട് പ്രയോജനപ്പെടുത്തിയെങ്കിലും, നിർമിച്ച അടിസ്ഥാന സൗകര്യങ്ങൾ മിക്കതും കാലഹരണപ്പെടുകയും ഉപയോഗശൂന്യമായിത്തീരുകയും ചെയ്തു.

കഴിഞ്ഞ 15 വർഷമായി, ഈ സഹകരണ സ്ഥാപനങ്ങൾ ഒരു കിലോഗ്രാം കൊപ്ര പോലും കേരാഫെഡിലേക്ക് വിതരണം ചെയ്തിട്ടില്ല. ഇവയുടെ തുടർച്ചയായ പരാജയം കാരണമാണ് കേരാഫെഡ് ഓപ്പൺ ടെൻഡറുകളിലേക്കും സ്വകാര്യ വ്യാപാരികളിലേക്കും തിരിയാൻ നിർബന്ധിതമായത്. കേരാഫെഡിന്റെ ഡയറക്ടർ ബോർഡിൽ ഈ സൊസൈറ്റികളുടെ പ്രതിനിധികൾ അംഗങ്ങളായിട്ടുണ്ടെങ്കിലും ഈ സംവിധാനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. 2024ൽ, രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി, സംഭരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സഹകരണ സംഘങ്ങളുടെ സന്നദ്ധത ആരായുന്നതിനായി യോഗം വിളിച്ചെങ്കിലും ഒരു സൊസൈറ്റി പോലും താൽപര്യം പ്രകടിപ്പിച്ചില്ല. സഹകരണ സംഘങ്ങളുടെ പ്രവർത്തനരാഹിത്യവും ഘടനാപരമായ ജീർണതയും കൂടി ചർച്ച ചെയ്തെങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രശ്നത്തിന്റെ സമ്പൂർണചിത്രം ലഭിക്കുകയുള്ളൂ. അതിന് പകരം കേരാഫെഡിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്ന സമീപനമാണ് പല മാധ്യമങ്ങളും പിന്തുടരുന്നത്.

കേരാഫെഡിന്റെ സംഭരണ പ്രക്രിയ

സുതാര്യവും, ഘടനാപരവും, ഉത്തരവാദിത്തമുള്ളതുമായ സംഭരണ പ്രക്രിയയാണ് കേരാഫെഡ് സ്വീകരിച്ച് വരുന്നത്. മൂന്ന് വ്യക്തമായ മാർഗങ്ങളിലൂടെയാണ് കേരാഫെഡ് കൊപ്ര സംഭരിക്കുന്നത്:

(i) ഓപ്പൺ ടെൻഡറിങ്: വലിയ തോതിലുള്ള സംഭരണത്തിന് ഈ മാർഗം അവലംബിക്കുന്നു; എല്ലാ വിതരണക്കാർക്കും ഇതിൽ പങ്കെടുക്കാം.

(ii) ലിമിറ്റഡ് / പരിമിതമായ ടെൻഡറിങ്: എംപാനൽ ചെയ്ത വിതരണക്കാർ ദിവസേന ഇതിൽ പങ്കെടുക്കുന്നു; ഒരു ടെൻഡറിന് 20–250 മെട്രിക് ടൺ ആയി കൊപ്രയുടെ അളവ് പരിമിതപ്പെടുത്തിയിരിക്കുന്നു.

(iii) കർഷകരിൽ നിന്ന് നേരിട്ടുള്ള കൊപ്ര സംഭരണം: നാളികേര വികസന ബോർഡിന്റെ (സിഡിബി) ദൈനംദിന വില + ഗതാഗത സഹായമായി കിലോയ്ക്ക് 2 രൂപ എന്ന നിരക്കിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നു.

ആദ്യത്തെ രണ്ട് മാർഗങ്ങൾക്കും ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) നിർബന്ധമാണ്. കൂടാതെ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ കണ്ടുകെട്ടലിനും കരിമ്പട്ടികയിൽപെടുത്തുന്നതിനും കാരണമാകുകയും ചെയ്യും. യഥാർഥ കർഷകരെ പിന്തുണയ്ക്കുന്നതിന് സൃഷ്ടിച്ച മൂന്നാമത്തെ പ്രക്രിയയിൽ ഇഎംഡിയോ പിഴകളോ ബാധകമല്ല. എന്നാൽ ദൗർഭാഗ്യകരമായ കാര്യം, ഈ മാർഗം ഇപ്പോൾ വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ്. മുൻകാലങ്ങളിൽ വിതരണത്തിൽ വീഴ്ച വരുത്തിയ ഒരു വിഭാഗം, സംഭരണ നിയമങ്ങൾ മറികടക്കുവാൻ പുതിയ പേരുകളിലെത്തി ഈ മാർഗം ദുരുപയോഗം ചെയ്യുന്നു. ഉയർന്ന കൃഷിച്ചെലവും സംസ്കരണ സൗകര്യങ്ങളുടെ അഭാവവും കാരണം മിക്ക കർഷകരും കൊപ്ര ഉൽപാദനം നിർത്തിയതിനാൽ, മൂന്നാമത്തെ മാർഗം അവലംബിക്കുന്നവരിൽ 1% ൽ താഴെ മാത്രമാണ് യഥാർഥ കർഷകരായിട്ടുള്ളത്.

അമിതവില എന്ന അടിസ്ഥാനരഹിതമായ ആരോപണം

കേരഫെഡ് അമിത വിലയ്ക്കാണ് കൊപ്ര വാങ്ങുന്നത് എന്നതാണ് ആവർത്തിച്ചുള്ള മറ്റൊരു ആരോപണം. ഇത് പൂർണമായും തെറ്റാണ്. വിപണി അടിസ്ഥാനമാക്കിയുള്ള വിലനിർണയം ഉറപ്പാക്കുന്നതിനായി മത്സരാധിഷ്ഠിത ടെൻഡറിങ്ങിലൂടെയാണ് കേരാഫെഡ് എല്ലാ സംഭരണവും നടത്തുന്നത്. കേരാഫെഡിന്റെ ടെൻഡറുകളിൽ നിയമപരമായ നിബന്ധനകൾ പാലിച്ച് ആർക്കും പങ്കെടുക്കാം. കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ തയാറായവരെ ഒഴിവാക്കി കൂടിയ വിലയ്ക്ക് കൊപ്ര വാങ്ങുന്നുവെന്നതാണല്ലോ പ്രധാന ആരോപണം. ഇങ്ങനെ കുറഞ്ഞ നിരക്കിൽ കൊപ്ര വിതരണം ചെയ്യുവാൻ സന്നദ്ധരായ വിതരണക്കാരുടെ പേരും വിലാസവും പങ്കിടാൻ മാധ്യമങ്ങളെയും, പ്രസ്തുത അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെയും ക്ഷണിക്കുകയാണ്. അങ്ങനെയെങ്കിൽ ആ വിതരണക്കാരെക്കൂടി ഞങ്ങൾ ടെൻഡർ പ്രക്രിയയിൽ ഉൾപ്പെടുത്തും.

സമീപകാലത്ത് കേരാഫെഡ് അതിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാനായി പല നടപടികളും സ്വീകരിച്ചതു കാരണം, മുൻകാലങ്ങളിൽ നിയമത്തെ മറികടന്നും അധാർമികമായും ലാഭം നേടിയ പലർക്കും ഇപ്പോൾ അതിന് കഴിയാതെ വരുന്നു എന്നതാണ് യാഥാർഥ്യം. മുൻപ്, ലോഡുകൾ ഏകപക്ഷീയമായി / അകാരണമായി നിരസിക്കുകയും പിന്നീട് ‘ചർച്ചകൾക്കും കമ്മിഷനുകൾക്കും’ ശേഷം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന്, എല്ലാ സംഭരണവും ഗുണനിലവാര പരിശോധനകൾ നടത്തി ക്യാമറ നിരീക്ഷണത്തിലാണ് നിർവഹിക്കുന്നത്. അതിനാൽ കൃത്രിമത്വത്തിനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് അധാർമികമായി ലാഭം നേടിയ വ്യക്തികളാണ് ദുഷ്പ്രചാരണങ്ങളിലൂടെയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും കേരാഫെഡിന്റെ സുതാര്യമായ ചട്ടക്കൂടിനെ തകർക്കാൻ ശ്രമിക്കുന്നത്.

വെളിച്ചെണ്ണ വില വർധനവ് എന്ന വിപണി യാഥാർഥ്യം

വെളിച്ചെണ്ണ വിലയിലെ വർധനവ് കൊപ്ര വിലയിലെ വർധനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 2024ൽ, കൊപ്രയുടെ വില കിലോഗ്രാമിന് 90–100 രൂപ മാത്രമായിരുന്നു. 2025-ൽ വില കിലോഗ്രാമിന് 280–300 രൂപ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് 2024-25 കാലയളവിൽ വെളിച്ചെണ്ണ വില ലീറ്ററിന് 210 ൽ നിന്ന് 529 രൂപ ആയി വർധിച്ചത്. സർക്കാർ സബ്‌സിഡികളൊന്നുമില്ലാതെ ഒരു വാണിജ്യ സ്ഥാപനമായാണ് കേരാഫെഡ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ ലാഭകരവും സുസ്ഥിരവുമായ നിലനിൽപ്പിന് ഉൽപന്നങ്ങളുടെ വിപണി വിലയിലൂന്നിയ ന്യായമായ വിലനിർണയം അത്യന്താപേക്ഷിതമാണ്. എന്നാൽ പോലും കേര വെളിച്ചെണ്ണയുടെ വില കേരളത്തിലെ മുൻനിര ബ്രാൻഡുകളുടെ വിലയെക്കാൾ അധികമില്ല. കേരാഫെഡ് അമിതവില ഈടാക്കുന്നു എന്ന ആരോപണം സാമ്പത്തികമായി യുക്തിരഹിതവും വസ്തുതാ വിരുദ്ധവുമാണ്.

299 രൂപയ്ക്ക് കൊപ്ര വാങ്ങിയ ടെൻഡറിനെക്കുറിച്ചുള്ള സത്യാവസ്ഥ

കിലോഗ്രാമിന് 299 രൂപയ്ക്ക് കൊപ്ര വാങ്ങിയ പുതിയ ടെൻഡർ അഴിമതിയുടെയോ ഗൂഢാലോചനയുടെയോ ഭാഗമാണെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാർഥത്തിൽ, മുൻപ് കൊപ്ര വിതരണത്തിനായി കരാർ ചെയ്ത വിതരണക്കാർ 2,000 മെട്രിക് ടൺ കൊപ്ര നൽകാനാണ് സമ്മതിച്ചത്, എന്നാൽ വെറും 200 ടൺ മാത്രമേ നൽകിയിട്ടുള്ളൂ (10% മാത്രം). ഇതു മൂലം ഉൽപാദനം തടസ്സപ്പെടുകയും, ഫാക്ടറി അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു. വിലയിൽ പ്രതിദിനം ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ കാരണം വലിയ അളവിൽ ഒരുമിച്ച് കൊപ്ര വാങ്ങുന്നത് ബുദ്ധിമുട്ടാണ്. അതിനാലാണ് കേരഫെഡ് പുതിയ രീതിയിലേക്ക് മാറിയത്. 50 ദിവസത്തേക്ക് ദിവസവും 50 ടൺ കൊപ്ര സ്ഥിരമായി നൽകുന്ന തരത്തിൽ ടെൻഡർ ക്ഷണിച്ചു. ഇത്തരമൊരു സ്ഥിരമായ വിതരണത്തിന് ഇപ്പോൾ തീരുമാനിച്ച നിരക്കാണ് 299 രൂപ. ഇത് മൊത്തം 2,500 ടൺ ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചതും, ഉൽപാദനം തുടർച്ചയായും തടസ്സമില്ലാതെയുമാക്കുന്നതിനും ഉള്ള ദീർഘകാല പരിഹാരമായിട്ടാണ് വന്നിട്ടുള്ളത്. ഈ നിരക്ക്, സാധാരണ വാങ്ങുന്ന ചെറിയ അളവിലെ കൊപ്രയുടെ നിരക്കുമായി താരതമ്യം ചെയ്യുന്നത് യുക്തിയില്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്.

വെളിച്ചെണ്ണ വില ഉയർന്നതിന്റെ യഥാർഥ കാരണം

കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില 419 രൂപയിൽ നിന്ന് 529ലേക്കുയർന്നത് ചിലർ ചോദ്യം ചെയ്യുന്നു. എന്നാൽ, ഇത് ലാഭമോ അമിത വിലനിർണയമോ അല്ല.

* ഇന്നത്തെ തേങ്ങ വില: 77 രൂപ കിലോ

* 1 കിലോ കൊപ്രയ്ക്ക് 3.5 കിലോ തേങ്ങ ആവശ്യമാണ് – ചെലവ്: 269.50 രൂപ

* 1 ലിറ്റർ എണ്ണയ്ക്കായി 1.56 കിലോ കൊപ്ര വേണ്ടിവരും – ചെലവ്: 420.42 രൂപ

* കൂടാതെ മറ്റു ചെലവുകളും, ജിഎസ്ടി 25.19 രൂപ.

ഇതിന്റെ അടിസ്ഥാനത്തിൽ, 529 രൂപ എന്ന എംആർപി വളരെ കുറവ് മാർജിനിലാണ് നിശ്ചയിച്ചത്. കേരാഫെഡ് സ്വന്തം ലാഭം കുറച്ച് ഉൽപന്നം നൽകുകയാണ്. 910 ഗ്രാം പരിശുദ്ധിയും സുരക്ഷയും ഉറപ്പുള്ള വെളിച്ചെണ്ണയാണ് കേരഫെഡ് വാഗ്ദാനം ചെയ്യുന്നത്.

വിലകുറവിൽ‍ സൂക്ഷിക്കേണ്ട കാര്യങ്ങൾ:

* പല കമ്പനികളും 1 ലീറ്ററിന് പകരം 900 എംഎൽ മാത്രമാണ് നൽകുന്നത്.

* ചിലത് മായം ചേർത്ത എണ്ണ ആകാം.

* ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവയിൽ വിട്ടുവീഴ്ച നടക്കുന്നു.


nes courtesy :manorama

bhakshysree-cover-photo
visham-theendia-pachakkari-(1)
ghk
manna-firs-page-shibin
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan