
തിരുവനന്തപുരം: തൃശ്ശൂർപ്പൂരം കലക്കൽ സംഭവത്തിൽ രാഷ്ട്രീയഗൂഢാലോചന ആരോപിച്ച് റവന്യൂ മന്ത്രി കെ. രാജന്റെ മൊഴി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുരംകലക്കൽ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയിൽനിന്ന് മൊഴിരേഖപ്പെടുത്തിയത്.
പുരംകലക്കൽ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നെന്നും സംഭവം നടന്നപ്പോൾ എഡിജിപിയെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെന്നും മന്ത്രി മൊഴിനൽകി. പൂരസമയത്ത് പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തേത്തന്നെ എഡിജിപിയോട് പറഞ്ഞിട്ടും അദ്ദേഹം ഇടപെടാതിരുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും മന്ത്രി മൊഴിനൽകിയതായാണ് സൂചന.
പോലീസ് മേധാവിയായിരുന്ന ഷേഖ് ദർവേശ് സാഹേബ് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായും മന്ത്രി രാജൻ സമാനമൊഴി നൽകിയിരുന്നു. തൃശ്ശൂർപ്പൂരം അലങ്കോലമായതുമായിബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽ ഇനി ക്രൈംബ്രാഞ്ച് അന്വേഷണമാണ് പൂർത്തിയാകാനുള്ളത്. അന്വേഷണം പൂർത്തിയാക്കി ഈമാസം അവസാനം റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.
പൂരം അലങ്കോലമായതുസംബന്ധിച്ച് ഷേഖ് ദർവേശ് സാഹേബ് സമർപ്പിച്ച റിപ്പോർട്ട് നടപടി ശുപാർശയോടെ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പൂരംനടത്തിപ്പിൻ്റെ സുരക്ഷാ ഏകോപനത്തിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും എഡിജിപിയുടെ ഭാഗത്തുനിന്ന് നിരുത്തരവാദനടപടികളുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പൂരസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടായിട്ടും ക്രമസമാധാനച്ചുതലയുള്ള എഡിജിപി സ്ഥലത്തെത്താതിരുന്നത് വീഴ്‌ചയാണെന്നും കണ്ടെത്തിയിരുന്നു. ഉറങ്ങിപ്പോയതിനാലാണ് സ്ഥലത്തെത്താതിരുന്നത് എന്നായിരുന്നു അജിത്‌കുമാർ പോലീസ് മേധാവിക്ക് മൊഴിനൽകിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായി പോലീസ് മേധാവി വഴി സർക്കാരിന് റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടികളുണ്ടാകൂവെന്നാണ് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാൻ ഏതാനും പേരുടെ മൊഴികൾകൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group