
കൊച്ചി: എ.പി.ജെ. അബ്‌ദുൽകലാം സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവയുടെ താത്‌കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു.
വിദ്യാർഥികളുടെയും സർവകലാശാലയുടെയും ഉത്തമതാത്പര്യം കണക്കിലെടുത്ത് ചാൻസലർകൂടിയായ ഗവർണറും സർക്കാരും വിസിമാരുടെ സ്ഥിരംനിയമനത്തിനായി താമസംകൂടാതെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.വി. ബാലകൃഷ്‌ണനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതോടെ നിലവിലെ താത്കാലിക വിസിമാരായ ഡോ. കെ. ശിവപ്രസാദിനും ഡോ. സിസാ തോമസിനും തുടരാനാകില്ല. ഇരുവരുടെയും കാലാവധി മേയ് 27-ന് കഴിഞ്ഞിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്‌ത് ഗവർണവും താത്കാലിക വിസിമാരും നൽകിയ അപ്പിലുകൾ തള്ളിയാണ് ഉത്തരവ്,
സാങ്കേതിക സർവകലാശാലാ നിയമം വകുപ്പ് 13(7) പ്രകാരവും ഡിജിറ്റൽ സർവകലാശാലാ നിയമം വകുപ്പ് 11(10) പ്രകാരവും സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് താത്‌കാലിക വിസിമാരെ നിയമിക്കാൻ കഴിയുക. താത്കാലിക വിസി നിയമത്തിനായുള്ള സർവകലാശാലാ നിയമത്തിലെ വകുപ്പുകൾ യുജിസി ചട്ടങ്ങൾക്ക് എതിരല്ലെന്നും കോടതി വിലയിരുത്തി.
താത്കാലിക വിസി നിയമനത്തിൽ തിരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്. സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും സർവകലാശാലയുടെ വിസിയെയോ സർവകലാശാലയുടെതന്നെ പ്രോ വൈസ് ചാൻസലറെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ ആണ് താത്കാലിക വിസിയായി നിയമിക്കേണ്ടത്.
ഡിജിറ്റൽ സർവകലാശാലയുടെ കാര്യത്തിൽ സർക്കാർ ശുപാർശയിൽ മറ്റേതെങ്കിലും സർവകലാശാലയുടെ വിസിയെയോ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിയെയോ ആണ് താത്കാലിക വിസിയായി നിയമിക്കേണ്ടത്.
ആറുമാസത്തേക്കുള്ള ഈ നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ല. അതിനാൽ സർവകലാശാലാ നിയമം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പറയാനാകില്ല. താത്കാലിക വിസി നിയമനത്തെക്കുറിച്ച് യുജിസി ചട്ടങ്ങളിൽ പറയുന്നില്ല.
മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു സർക്കാർ ശുപാർശ കണക്കിലെടുക്കാതെ താത്‌കാലിക വിസി നിയമനം നടത്തിയത്. ഇതിനായി ചാൻസലർ 2024 നവംബർ 27-ന് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് മേയ് 19-ന് ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വി. മനു എന്നിവരാണ് ഹാജരായത്.
സർവകലാശാലയുടെ നാഥൻ എന്നനിലയിൽ വിസിയാണ് തലവനും കരുത്തുക. വിസിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് വിദ്യാർഥികളുടെ താത്പര്യത്തിന് എതിരാകുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു,
സാധ്യത താത്കാലിക നിയമനത്തിനുതന്നെ
സിംഗിൾ ബെഞ്ച് ഉത്തരവിനുപിന്നാലെ സാങ്കേതിക സർവകലാശാലയിൽ താത്കാലിക വിസി നിയമനത്തിനായുള്ള ശുപാർശ സർക്കാർ നൽകിയിരുന്നു. ഇതിനുപിന്നാലെ ഗവർണർ നൽകിയ അപ്പീലിൽ തത്സ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിലും താത്കാലിക നിയമനത്തിനുതന്നെയാണ് സാധ്യത.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group