
കാട്ടിക്കുളം: സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഇരിപ്പ് വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു. ബ്രഹ്മഗിരി മലനിരകൾക്ക് എതിർവശത്തായുള്ള കൂർഗിലെ ചരിത്രപ്രാധാന്യമുള്ള വെള്ളച്ചാട്ടമാണിത്. കാവേരിനദിയുടെ ഉദ്‌ഭവസ്ഥാനംകൂടിയാണിത്. 'ലക്ഷ്‌മൺ തീർഥ'യിൽ കുളിച്ചാൽ എല്ലാപാപങ്ങളും തീരുമെന്നാണ് വിശ്വാസം. ടൂറിസ്റ്റ് കേന്ദ്രം എന്നതിലുപരി തീർഥാടകകേന്ദ്രം എന്നനിലയിലും പ്രാധാന്യമുള്ളതാണ് ഈ വെള്ളച്ചാട്ടം.
രാമായണകഥയുമായുള്ള ഐതിഹ്യംകൂടി ഇവിടെ ഇഴപിരിയുന്നുണ്ട്. സീതയെ രാവണൻ തട്ടിക്കൊണ്ടുപോയപ്പോൾ കാട്ടിലൂടെ സീതയെ തിരഞ്ഞ് രാമനും ലക്ഷ്‌മണനും എത്തി. ദാഹിച്ചുക്ഷീണിതനായ രാമന് വെള്ളം വേണമെന്നുപറഞ്ഞപ്പോൾ ലക്ഷ്‌മണൻ മലയുടെ മുകളിലേക്ക് അസ്ത്രമയച്ച് നീരുറവ കൊണ്ടുവന്നെന്നാണ് വാമൊഴി പിന്നീട് ഈ പഴങ്കഥയുടെ നിറവിൽ ഒരു ക്ഷേത്രവും ഉയർന്നുവന്നു. കുന്നിനുതാഴെ വയലിലായി ഇന്നുകാണുന്ന രാമേശ്വരക്ഷേത്രത്തിൻ്റെ ഉത്പത്തിയിങ്ങനെയാണ്.
ശിവരാത്രികാലത്ത് ഇവിടം തീർഥാടകരാൽ നിറയും. വയലിനു നടുവിലായുള്ള ഈ അമ്പലത്തിനരികിലൂടെയാണ് വെള്ളച്ചാട്ടത്തിലെത്താൻ കഴിയുക, ബ്രഹ്മഗിരി നിത്യഹരിതവനത്തിലുള്ള വെള്ളച്ചാട്ടം കാണാൻ ദിവസവും ഒട്ടേറെ സഞ്ചാരികളാണെത്തുന്നത്. കന്നഡനാടിൻ്റെ പാപനാശിനിയായും ഇരിപ്പ് വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്.
പ്ലാസ്റ്റിക് നിരോധിതമേഖല
ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് ഇരിപ്പ് വെള്ളച്ചാട്ടത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളും മറ്റും ഇവിടേക്ക് കടത്തിവിടില്ല. ബാഗുകളും കൊണ്ടുപോകാൻ അനുവദിക്കില്ല. വേനൽക്കാലമായാൽ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക കർമസേനയുമുണ്ട്. ഇവിടെ തൂക്കുപാലവും ഒരുക്കിയിട്ടുണ്ട്.
തോൽപ്പെട്ടി വന്യജീവിസങ്കേതം, കുറുവാദ്വീപ്, തിരുനെല്ലി ക്ഷേത്രം, പക്ഷിപാതാളം എന്നിവയുൾപ്പെടുത്തി യാത്ര തീരുമാനിക്കുന്നവർക്ക് ഇരിപ്പ് വെള്ളച്ചാട്ടത്തെക്കൂടി ഉൾപ്പെടുത്താം.
കുടകിലെ പ്രധാന നഗരമായ വിരാജ്‌പേട്ടയിൽ നിന്ന് 40 കിലോമീറ്ററോളം ദുരമുണ്ട് ഇരിപ്പ് വെള്ളച്ചാട്ടത്തിലേക്ക്. മടിക്കേരിയിൽനിന്ന് 80 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടെയെത്താം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group