
അഗളി : സഞ്ചരിക്കാൻ നല്ല റോഡെന്ന ആവശ്യവുമായി അട്ടപ്പാടിക്കാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും പുരുഷൻമാരും മുതിർന്നവരുമെല്ലാം പങ്കെടുത്ത മാർച്ചിലും പൊതുയോഗത്തിലും അധികൃതർക്കും ജനപ്രതിനിധികൾക്കുമെതിരേ ജനരോഷമിരമ്പി. പ്ലക്കാർഡുകളും മുദ്രാവാക്യംവിളിയുമായി നൂറുക്കണക്കിനുപേർ റോഡിൽ അണിനിരന്നപ്പോൾ യാത്രക്കാർപോലും അഭിവാദ്യങ്ങളർപ്പിച്ചു. അട്ടപ്പാടി ചുരം റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് അട്ടപ്പാടി ജനകീയസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതപരിഹാരവും അട്ടപ്പാടിയിലേക്ക് സമാന്തരപാതയുൾപ്പെടെയുള്ള ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു. അട്ടപ്പാടിയുടെ വിവിധഭാഗങ്ങളെ പ്രതിനിധീകരിച്ച് ആദിവാസികളും കുടിയേറ്റജനതയുമെല്ലാം എത്തിയിരുന്നു.
ഗുളിക്കടവ് ജങ്ഷനിൽനിന്നു വ്യാഴാഴ്ച്‌ച രാവിലെ 10-ന് മാർച്ച് തുടങ്ങി. ഗായിക നഞ്ചിയമ്മ ഉദ്ഘാടനംചെയ്‌തു. ജനകീയസമിതി ചെയർമാൻ റോബിൻ പുതുപ്പറമ്പിൽ അധ്യക്ഷനായി. ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടുന്നതായി ജനങ്ങൾ ഒപ്പിട്ട ഹർജി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും നൽകുമെന്ന് ജനകീയസമിതി ഭാരവാഹികൾ അറിയിച്ചു.
നജീബ്, ജയൻ നെല്ലിപ്പതി, റഷീദ്, സുധീർ ആനക്കട്ടി, ജയ്‌സൺ ജെയിംസ്, സാബു തോമസ്, ദേവരാജ് തുടങ്ങിയവർ സംസാരിച്ചു. സിജോ കുറവൻപാടി ജനകീയസമിതി രക്ഷാധികാരികളായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗം വി. ഷാജു, പി.വി. സന്തോഷ് ആനക്കട്ടി എന്നിവർ നേതൃത്വം നൽകി. ഗതാഗതം നിയന്ത്രിച്ച് പോലീസും സ്ഥലത്തുണ്ടായിരുന്നു.
'പണിതീർക്കാൻ ആത്മാർഥശ്രമമില്ല'
രണ്ട് മഴക്കാലത്തിനിടയിലും മണ്ണാർക്കാട് ചിന്നത്തടാകം റോഡ് പണിപൂർത്തിയാക്കാൻ ആത്മാർഥമായ ശ്രമം നടന്നില്ലെന്ന് റോബിൻ പുതുപ്പറമ്പിൽ കുറ്റപ്പെടുത്തി. ചുരം റോഡ് എത്രയുംപെട്ടെന്ന് പണി പൂർത്തിയാക്കണം. ഭരണപ്രതിപക്ഷവ്യത്യാസമില്ലാതെ കൂട്ടായ ശ്രമത്തിലൂടെ ആവശ്യങ്ങൾ നേടിയെടുത്തുതരാൻ ജനപ്രതിനിധികളും ശ്രമിക്കണം. റോഡ് നന്നാക്കിയാൽ അട്ടപ്പാടിയുടെ വിനോദസഞ്ചാരസാധ്യതയും വർധിക്കുമെന്ന് റോബിൻ പറഞ്ഞു. പാലക്കാട് കർഷക സംരക്ഷണസമിതി പ്രതിനിധി ഫാ. സജി വട്ടുകളത്തിൽ മുഖ്യപ്രഭാഷണം നടത്തി.
'സംവിധാനങ്ങൾ ഉറക്കം തൂങ്ങുന്നു'
'ഒരാഴ്ചകൊണ്ട് 500 മീറ്റർദൂരം എന്ന രീതിയിലെങ്കിലും നിർമാണം നടത്തിയിരുന്നെങ്കിൽ തീരുമായിരുന്ന റോഡായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഉറക്കംതൂങ്ങുകയാണ്. സേവനം ചെയ്യുമെന്ന് പറഞ്ഞുവന്ന ജനപ്രതിനിധികൾ ഇതിനെല്ലാം ഉത്തരം നൽകണണെന്ന് ഫാ. സജി വട്ടുകളത്തിൽ ആവശ്യപ്പെട്ടു. 'ഇവിടെ ആരും ആർക്കും എതിരല്ല. പക്ഷേ ഇങ്ങനെപോയാൽ എങ്ങനെയാണ് റോഡുണ്ടാവുക. വന്യജീവിശല്യവും വർധിച്ചുവരുന്നു'. വനം വർധിപ്പിക്കാനാണ് വനംവകുപ്പിന് താത്പര്യമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിന്റെ ദുരവസ്ഥ മാധ്യമങ്ങൾ ഏറ്റെടുക്കുകയും അട്ടപ്പാടിക്കാരുടെ ദുരിതം തുറന്നുകാട്ടുകയും ചെയ്തത് അഭിനന്ദനീയമാണെന്നും വേദിയിൽ അഭിപ്രായമുയർന്നു.
നടന്നുപോയ പാത ഒന്നിനും കൊള്ളാതായെന്ന് നഞ്ചിയമ്മ
അട്ടപ്പാടിക്കാൻ മുൻപ് നടന്നുപോയ റോഡ് ഇപ്പോൾ നടക്കാൻപോലും പറ്റാത്ത അവസ്ഥയിലായെന്ന് നഞ്ചിയമ്മ പറഞ്ഞു. 'മണ്ണാർക്കാട്‌മുതൽ ആനക്കട്ടിവരെ വാഹനങ്ങൾ നിരങ്ങിയാണുപോകുന്നത്. ആശുപത്രിയിലേക്കുപോകാനാണ് ബുദ്ധിമുട്ടുന്നത്. മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തുമ്പോഴേക്കും തീരെ വയ്യാതാവുന്നു. റോഡ് സർക്കാർ ശരിയാക്കണം. വൃത്തിയായി കിടക്കണം. ആനയും പുലിയും കരടിയുമൊക്കെ ഇറങ്ങുന്നു. ഏതുനേരത്താണ് ആനയിറങ്ങുന്നതെന്ന് അറിയില്ല. കൃഷിചെയ്യാനാവാത്ത അവസ്ഥയാണ്. കൃഷിചെയ്യാതെ എങ്ങനെ ഞങ്ങൾ ജീവിക്കും. ഭൂമിക്കുചുറ്റും കമ്പിവേലി കെട്ടികൊടുത്ത് ആശ്വാസം കൊടുക്കണം'. ഇതെല്ലാം സർക്കാർ കൊടുക്കണമെന്നും നഞ്ചിയമ്മ കുട്ടിച്ചേർത്തു,
സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഞ്ചിയമ്മ പാട്ടുംപാടി, തുടർന്ന് അഗളി സിവിൽസ്റ്റേഷനുമുന്നിലേക്ക് മാർച്ച് തുടങ്ങി. പാതയോരത്ത് പ്രത്യേകം സജ്ജീകരിച്ച സമരവേദിയിൽ എല്ലാവരും ഒത്തുചേർന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group