
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ബിജെപി ഇതിനെ പ്രധാന പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ ഇത്തരത്തിലുള്ള ലേഖനം. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂര്‍ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്.
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തുന്നു.
'21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും, ആ കാലഘട്ടം 'അടിയന്തരാവസ്ഥ'യായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നു' തരൂര്‍ ലേഖനത്തില്‍ കുറിച്ചു.
അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളില്‍ സ്വേച്ഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.
ഈ പ്രവൃത്തികളെ പിന്നീട് നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തില്‍നിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലര്‍ വാദിച്ചേക്കാം. എന്നാല്‍, ഈ അക്രമങ്ങള്‍ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേര്‍ഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടിവന്നു.
വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്ക ത്തിലെ ഇടര്‍ച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങള്‍ എണ്ണമറ്റ മനുഷ്യര്‍ക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളില്‍ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം 1977 മാര്‍ച്ചില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാര്‍ട്ടിയെയും വന്‍ ഭൂരിപക്ഷത്തില്‍ പുറത്താക്കി അവര്‍ അതു പ്രകടിപ്പിക്കുകയും ചെയ്തുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group