
തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്‌ത പണിമുടക്ക് ഹർത്താലായി. പ്രതിഷേധക്കാർ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും സർക്കാർ ഓഫീസുകൾ പൂട്ടിക്കുകയും ചെയ്‌തതോടെ ജനം വലഞ്ഞു. സമരാനുകൂലികൾ ബസുകൾ തടഞ്ഞതോടെ യാത്രക്കാർ പെരുവഴിയിലായി. കെഎസ്ആർടിസിയിൽ നൂറിൽത്താഴെ ബസുകൾമാത്രമാണ് മടിയത്.
സ്വകാര്യവാഹനങ്ങൾ തടഞ്ഞതും കടകൾ അടപ്പിച്ചതും പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. എതിർത്തവരെ സമരാനുകൂലികൾ കൈയേറ്റംചെയ്തു. ജോലിക്കെത്തിയ സർക്കാർ ജീവനക്കാർക്കും മർദനമേറ്റും
ട്രെയിൻ ഒഴികെ പൊതുഗതാഗതമേഖല പൂർണമായി സ്‌തംഭിച്ചു. ഹോട്ടലുകൾ അടഞ്ഞുകിടന്നു.
കെഎസ്ആർടിസി തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ശൗചാലയം സമരക്കാർ പൂട്ടിയിട്ടതോടെ ജീവനക്കാരും യാത്രയ്ക്കെത്തിയവരും വലഞ്ഞു. വടക്കൻ ജില്ലകളിലും യാത്രാക്ലേശം രൂക്ഷമായിരുന്നു.
സെക്രട്ടേറിയറ്റിലും സർക്കാർ ഓഫീസുകളിലും ഹാജർ കുറവായിരുന്നു. സെക്രട്ടേറിയറ്റിൽ 600 പേർമാത്രമാണ് ജോലിക്കെത്തിയത്. പലിയിടങ്ങളിലും സർക്കാർ ഓഫീസുകൾ സമരക്കാർ അടപ്പിച്ചു.
ആറ്റിങ്ങലിൽ സമരക്കാരുമായുള്ള തർക്കത്തിനിടെ അധ്യാപകന് മർദനമേറ്റു. അരുവിക്കര എൽപി സ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട്ടെ പരപ്പയിൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ അധ്യാപകരെ ബന്ദിയാക്കി. വർക്കലയിൽ സ്കൂളിൽനിന്ന് മടങ്ങിയ അധ്യാപകരെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് സമരാനുകൂലികൾ മർദിച്ചു.
ഇടുക്കിയിലെ കുമളി ജലസേചനവകുപ്പ് ഓഫീസിലെ പ്രൊബേഷൻ ജീവനക്കാരൻ വിഷ്‌ണുവിനും പീരുമേട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ എം. മാടസ്വാമിക്കും സമരക്കാരുടെ മർദനമേറ്റു.
ഗുരുവായൂരിൽ ക്ഷേത്രനടയിലെ കടകൾക്കുനേരേ ആക്രമണമുണ്ടായി. മൂവാറ്റുപുഴയിൽ കെഎസ്‌ആർടിസി ബസിൻ്റെ ചില്ല് തകർത്തു. ചില്ലിൻ്റെ തരി തറച്ച് കണ്ടക്‌ടറുടെ കണ്ണിനുതാഴെ പരിക്കേറ്റു. കൊട്ടാരക്കരയിൽനിന്ന് കൊല്ലത്തേക്ക് വന്ന കെഎസ്ആർടിസി ബസ് കണ്ടക്‌ടർക്കും മർദനമേറ്റു.
കാസർകോട് ജില്ലയിലെ നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഏഴ് ജീവനക്കാരെ സമരാനുകൂലികൾ ഓഫീസിനകത്ത് പൂട്ടിയിട്ടശേഷം താക്കോൽ വലിച്ചെറിഞ്ഞു.
ഇടത് തൊഴിലാളിസംഘടനകളുടെ ആഭിമുഖ്യത്തിൽ രാജ്‌ഭവന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷനായി. ഐഎൻടിയുസി നേതൃത്വത്തിലുള്ള യുഡിടിഎഫ്. ജനറൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രകടനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ ചെയർമാൻ ബിന്നി അധ്യക്ഷനായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group