
കൊച്ചി: കേരളതീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി പരിസ്ഥിതിയ്ക്കടക്കമുണ്ടായ നാശനഷ്‌ടത്തിന് 9531 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എംഎസ്‌സി കമ്പനിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി സ്യൂട്ട് ഫയൽചെയ്തു. ഹർജി പരിഗണിച്ച ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം എംഎസ്‌സി കമ്പനിയുടെ വിഴിഞ്ഞം തുറമുഖത്തെത്തിയ എംഎസ്‌സി അകിറ്റേറ്റ 2 എന്ന കപ്പൽ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടു.
ഈ കപ്പൽ ചൊവ്വാഴ്‌ച രാവിലെ തീരംവിടാനുള്ള സാധ്യത കണക്കിലെടുത്താണ് തിങ്കളാഴ്‌ച വൈകീട്ട് 5.30-ന് അടിയന്തിരഹർജി കോടതിയുടെ പരിഗണനയ്ക്കെത്തിച്ചത്. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് ഇത്രവലിയ നഷ്ടപരിഹാരത്തുകയ്ക്ക് അഡിമിറാലിറ്റി സ്യൂട്ട് ഫയൽചെയ്യുന്നത്.
കപ്പൽ മുങ്ങിയതുമൂലമുള്ള പരിസ്ഥിതിനാശം, ഇതിന് പരിഹാരംകാണാനുള്ള നടപടികൾക്കായുള്ള ചെലവ്, മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം തടസ്സപ്പെട്ടതിനുള്ള നഷ്‌ടപരിഹാരം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടത്. വിഴിഞ്ഞത്തുള്ള കപ്പൽ ജൂലായ് 10 വരെ അറസ്റ്റുചെയ്യാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്, സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, ഗവൺമെന്റ് പ്ലീഡർ പാർവതി കോട്ടോൾ എന്നിവർ ഹാജരായി.
ഹർജിയിൽ പറഞ്ഞത്
* കടലിൽ പടർന്ന ഓയിൽപാടയും ഒഴുകിനടക്കുന്ന കാർഗോയും പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും വൻ ഭീഷണിയായി
* 78,498 മത്സ്യബന്ധനകുടുംബങ്ങൾക്കും 27,020 അനുബന്ധകുടുംബങ്ങൾക്കുമായി ഒരാൾക്ക് 1000 രൂപവീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചു. ആറുകിലോവീതം അരി സൗജന്യമായി നൽകുന്നു
അഞ്ച് ഡോൾഫിനും ഒരു തിമിംഗലവും തീരത്ത് ചത്തടിഞ്ഞത് കപ്പലിൽനിന്നുള്ള പ്ലാസ്റ്റിക് തരികളടക്കം ഭക്ഷിച്ചാണെന്ന് സംശയിക്കുന്നു.
നഷ്ടം നിശ്ചയിച്ചത് (കോടി രൂപയിൽ)
മലിനീകരണം 8625.12
പരിസ്ഥിതി വീണ്ടെടുക്കലും പ്രതിരോധവും 378.48
മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തികനഷ്ടം 526.51
ആകെ 9531
* ഹർജിയിൽ തീർപ്പാക്കുന്നതുവരെ ആറുശതമാനം പലിശയും അനുവദിക്കണം
ഹർജി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന്
അപകടവുമായി ബന്ധപ്പെട്ട ഹർജി നേരത്തേ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നഷ്‌ടപരിഹാരം ഖജനാവിൽനിന്നല്ല ചെലവഴിക്കേണ്ടതെന്നും കപ്പൽക്കമ്പനിയിൽനിന്നാണ് ഈടാക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അഡ്‌മിറലിറ്റി സ്യൂട്ട് ഫയൽചെയ്തത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group