
ഒൻപതുപേരുടെ ഫലം നെഗറ്റീവ്
പാലക്കാട്: നിപ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അതിഥിത്തൊഴിലാളിയെ കണ്ടെത്താൻ ശ്രമവുമായി പോലീസ്. ഇയാൾ മലപ്പുറത്തുള്ളതായി വിവരം ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മണ്ണാർക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെത്തിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രാഥമിക സമ്പർക്കപ്പെട്ടികയിലുൾപ്പെട്ടതായി കണ്ടെത്തിയത്. പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കിയെന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ചേർന്ന നിപ അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിപ കേസുകളുടെ ഉറവിടം കണ്ടെത്താൻ ജൂൺ ഒന്നുമുതൽനടന്ന മരണങ്ങൾ പരിശോധിക്കും. ആറുമാസത്തിനിടെ മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ രോഗകാരണവും പരിശോധിക്കും. സ്വകാര്യ ആശുപത്രികളുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സഹകരണത്തോടെയാകും പരിശോധന.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് മോണോക്ലോണൽ ആൻ്റിബോഡിയുടെ രണ്ടാംഡോസ് തിങ്കളാഴ്‌ച നൽകി. രോഗിയുടെ വീട്ടിലും പരിസരത്തും മൃഗങ്ങൾ ചത്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതി മൃഗസംരക്ഷണ വകുപ്പിന് നൽകാൻ കേന്ദ്രത്തോട് അഭ്യർഥിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിൽ നിപ ബാധിച്ച എല്ലാവരും മരിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞത് തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള അഞ്ച് പാലക്കാട് സ്വദേശികളുടെ ഫലം നെഗറ്റീവാണ്. പാലക്കാട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഏഴുപേരിൽ നാലുപേരുടെ പരിശോധനാഫലവും തിങ്കളാഴ്ച നെഗറ്റീവായി. രോഗിയുടെ മകനുൾപ്പെടെ കോഴിക്കോട്, പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ആകെ 12 പേരാണ് നിരീക്ഷണത്തിലുള്ളത്.
യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.
നിരീക്ഷണത്തിൽ 208 പേർ
നിപ ബാധിതയുമായി സമ്പർക്കമുള്ള 208 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഏഴുപേർ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലാണ്. പാലക്കാട്ടും മലപ്പുറത്തുമായി നിരീക്ഷണത്തിലുണ്ടായിരുന്ന ഒൻപത് പാലക്കാട്ടുകാരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. ഇനി മൂന്നുപേരാണ് പാലക്കാട്ട് നിരീക്ഷണത്തിലുള്ളത്. തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്‌ടറുടെ നേതൃത്വത്തിൽ, ഇവർക്കാവശ്യമായ ഭക്ഷണസാമഗ്രികളും മറ്റവശ്യവസ്തുക്കളും മെഡിക്കൽ കോളേജിലെത്തിക്കുന്നുണ്ട്.
പനി, ചുമ, തലവേദന, ശ്വാസതടസ്സം, മാനസികവിഭ്രാന്തി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻതന്നെ വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ കൺട്രോൾറൂം നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണമെന്ന് കളക്‌ടർ ജി. പ്രിയങ്ക അറിയിച്ചു.
വ്യാജവാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് കളക്ടർ നിർദേശം നൽകി. വ്യാജവാർത്തകൾക്കെതിരേ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
ഇതുവരെ 2,921 വീടുകളിൽ ആരോഗ്യപ്രവർത്തകൻ സന്ദർശനം നടത്തി. 171 പേർക്ക് മാനസികാരോഗ്യവിഭാഗം കൗൺസലിങ് നൽകി, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് കൺട്രോൾ സെല്ലിൽ ഇതുവരെ 36 വിളികളെത്തിയെന്നും കളക്‌ടറുടെ ഓഫീസ് അറിയിച്ചു. തീവ്രബാധിതമേഖലകൾ മാറ്റമില്ലാതെ തുടരുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തി
തച്ചനാട്ടുകര പഞ്ചായത്തിൽ സബ്‌കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി, ഒറ്റപ്പാലം സബ്‌കളക്‌ടർ മിഥുൻ പ്രേംരാജ്, മണ്ണാർക്കാട് തഹസിൽദാർ ഉൾപ്പെയുള്ള റവന്യൂ ഉദ്യോഗസ്ഥൻ, ആരോഗ്യപ്രവർത്തകർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന്, തച്ചനാട്ടുകര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ യോഗം ചേർന്നു.
നിലവിൽ പുതിയ രോഗികളില്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെയും ദ്വിതീയസമ്പർക്കമുള്ളവരുടെയും ആരോഗ്യനില സംബന്ധിച്ചും ചർച്ചചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group