
അഞ്ചാലുംമൂട് രാജ്യത്തെ നടുക്കിയ പെരുമൺ ട്രയിൻ ദുരന്തത്തിന് ചൊവ്വാഴ്ച 37 വർഷം പൂർത്തിയാകും. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെമുതൽ പെരുമണിൽ എത്തും. 1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്‌സ്പ്രസിൻ്റെ 10 കോച്ചുകൾ പെരുമൺ പാലത്തിൽനിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.
ദുരന്തത്തിൽ 105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയിൽവേ നിയമിച്ചിരുന്നു. അന്നത്തെ റെയിൽവേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണനും അതിനുശേഷം റിട്ട. എയർമാർഷൽ സി.എസ്. നായ്ക്കുമാണ് അന്വേഷിച്ചത്. അപകടകാരണം കായലിലുണ്ടായ ടൊർണാഡോ അഥവാ ചുഴലിക്കാറ്റെന്നായിരുന്നു റിപ്പോർട്ട്
ദുരന്തം നടന്ന പാലത്തിന് ഇരുവശവുമുള്ള നടപ്പാത തകർന്നനിലയിലാണ്. ഇതുവഴി കാൽനടക്കാർ സഞ്ചരിക്കാതിരിക്കാൻ ഇരുമ്പുകമ്പിവെച്ച് അടച്ചിട്ടുണ്ട്. ദുരന്തസ്മാരകമായി നാട്ടുകാർ പാലത്തിനുസമീപം പെരുമണിലും പേഴുംതുരുത്തിലും ഓരോ സ്‌തൂപങ്ങൾ സ്ഥാപിച്ചിരുന്നു. പെരുമണിൽ പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡപം സ്ഥാപിച്ചെങ്കിലും പെരുമൺ പേഴുംതുരുത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് പെരുമണിലെ മണ്ഡപം പൊളിച്ചുനീക്കി.
ദുരന്തസ്മരണ പുതുക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയും ഒട്ടേറെപ്പേർ ചൊവ്വാഴ്‌ച പുലർച്ചെമുതൽ പെരുമൺ പാലത്തിനു സമീപമുള്ള സ്മൃതിസ്‌തൂപത്തിലെത്തി പ്രാർഥന നടത്തും. ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമൺ ട്രെയിൻദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കുറിയും രാവിലെ ഒൻപതിന് പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group