
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സസ്പെൻഡുചെയ്‌ത നടപടി
ചോദ്യംചെയ്ത് രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചിരിക്കേ, കേരള സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് ഞായറാഴ്ച ചേരും. രജിസ്ട്രാർക്കെതിരേയുള്ള വൈസ് ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്‌ച പരിഗണിക്കുന്നതിനാലാണ്, ഞായറാഴ്ച സിൻഡിക്കേറ്റ് വിളിക്കാൻ വിസി ഡോ. സിസാ തോമസിന്റെ തീരുമാനം.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ വാദം. രജിസ്ട്രാറെ നിയമിച്ച സിൻഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്നും അവർ ചൂണ്ടിക്കാട്ടി. അതിനാൽ, സസ്പെൻഷൻ റദ്ദാക്കാനുള്ള നീക്കം ഞായറാഴ്‌ചത്തെ യോഗത്തിലുണ്ടാവാനാണ് സാധ്യത. പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാൽ സിൻഡിക്കേറ്റിന് അങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് മറുപക്ഷം വാദിക്കുന്നു.
അഭിപ്രായ ഐക്യമില്ലാത്തതിനാൽ ഒരു പൊതുനിലപാട് സർവകലാശാലാ അഭിഭാഷകന് കോടതിയെ അറിയിക്കാനാവില്ല. സിൻഡിക്കേറ്റും വിസിയും വെവ്വേറെ സത്യവാങ്‌മൂലം നൽകും. രജിസ്ട്രാർ സ്വന്തം നിലയിലും അഭിഭാഷകനെ നിയോഗിച്ചു. ഗവർണറെ ഇതുവരെ കേസിൽ കക്ഷിയാക്കിയിട്ടില്ല.
വിസി നൽകുന്ന സത്യവാങ്‌മൂലം സിൻഡിക്കേറ്റ് അംഗീകരിച്ചുമാത്രമേ ഫയൽ ചെയ്യാവുവെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, വിസി അത് നിരാകരിച്ചു.
ഇടതംഗങ്ങൾ വിസിയെ തടഞ്ഞു
ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാൻ പിആർഒയുടെ ഓഫീസിലെത്തിയ താത്കാലിക വിസി സിസ തോമസിനെ ഇടതു സിൻഡിക്കേറ്റംഗങ്ങൾ തടഞ്ഞു.
പിആർഒ നൽകിയ റിപ്പോർട്ടനുസരിച്ചാണ് സെനറ്റ് ഹാളിന്റെ അനുമതി റദ്ദാക്കിയതെന്ന് രജിസ്ട്രാർ വിസിയോടു വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിക്കാനാണ് വിസി എത്തിയത്. വിസി ഓഫീസ് സെക്ഷനുകളിൽ നേരിട്ടു സന്ദർശിക്കാൻ പാടില്ലെന്നും രജിസ്ട്രാർ മുഖേനയാണ് ഫയൽ പരിശോധിക്കേണ്ടതെന്നും വാദിച്ച സിൻഡിക്കേറ്റിലെ ഫിനാൻസ് കമ്മിറ്റി കൺവീനർ ജി. മുരളീധരൻ്റെ നേതൃത്വത്തിലുള്ള ഇടതംഗങ്ങൾ വിസിയെ തടഞ്ഞു. ഏതു ഓഫീസും സന്ദർശിക്കാനും ഫയൽ പരിശോധിക്കാനുമുള്ള അധികാരം വിസിക്കുണ്ടെന്ന് സിസ മറുപടി നൽകി.
സിൻഡിക്കേറ്റ് ഉടനടി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് വിസിയെ കാണാനാണ് തങ്ങൾ വന്നതെന്ന് ഇടതംഗങ്ങൾ വിശദീകരിച്ചു. തന്നെ കാണേണ്ടത് ചേംബറിലാണെന്ന് അവർ വ്യക്തമാക്കി. തുടർന്ന്, ചേംബറിലെത്തിയപ്പോൾ ഇടതംഗങ്ങൾ വിസിയെ വളഞ്ഞു. സിൻഡിക്കേറ്റിലെ ബിജെപി അംഗം പി.എസ്. ഗോപകുമാർ എതിർത്തതോടെ വാക്കേറ്റമായി. ഒടുവിൽ വിസി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group