
തിരുവനന്തപുരം: ഗവർണറെ അപമാനിച്ചതിന് വൈസ് ചാൻസലർ സസ്പെൻഡ് ചെയ്‌ത കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്.അനിൽകുമാർ അച്ചടക്ക നടപടിയെ വെല്ലുവിളിച്ചുകൊണ്ട് ജോലിക്കെത്തി. വ്യാഴാഴ്‌ച രാവിലെ 11-നാണ് അദ്ദേഹം സർവകലാശാല ആസ്ഥാനത്ത് എത്തിയത്. സർവകലാശാല കെട്ടിടത്തിന്റെ പ്രധാന കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഭരണഘടനയുടെ ചിത്രം നൽകി വരവേറ്റു. സിപിഎം അനുകൂല സിൻഡിക്കേറ്റ് അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഒന്നാം നിലയിലെ ഓഫീസിലേക്കാണ് രജിസ്ട്രാർ പോയത്. സിൻഡിക്കേറ്റ് അംഗങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു. ആർഎസ്എസ് അനുകൂല സിൻഡിക്കേറ്റ് അംഗങ്ങളുടെയോ, എബിവിപിയുടെയോ പ്രതിഷേധമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
ഓഫീസിൽ ഏറെനേരം ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാർ ഔദ്യോഗിക കടമകളൊന്നും നിർവഹിച്ചില്ലെന്ന് അറിയുന്നു. സസ്പെൻഷനെ സർക്കാരും എതിർത്ത സാഹചര്യത്തിൽ രാഷ്ട്രീയ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാർ ജോലിക്കെത്തിയത്. സസ്പെൻഷൻ നടപടി വൈസ് ചാൻസലറുടെ അമിതാധികാര പ്രയോഗമാണെന്നും അംഗീകരിക്കില്ലെന്നും മന്ത്രിമാരായ ആർ.ബിന്ദുവും, വി.ശിവൻകുട്ടിയും രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രജിസ്ട്രാർ സർവകലാശാല ആസ്ഥാനത്ത് എത്തിയത്. വൈസ് ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല കെട്ടിടത്തിനു മുകളിൽ ഭരണഘടനയുടെ ചിത്രവുമായി കയറി മുദ്രാവാക്യം മുഴക്കി.
ഗവർണർ പങ്കെടുക്കാനിരുന്ന ചടങ്ങിന് അനുവദിച്ച സെനറ്റ് ഹാൾ റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ഗവർണറോടുള്ള അനാദരവാണെന്ന് കാണിച്ചാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌തത്. രജിസ്ട്രാർ ചുമതലയേറ്റതിന് പിന്നാലെ പുറത്തെത്തിയ സിപിഎം അനുകൂല സിൻഡിക്കേറ്റ് അംഗങ്ങൾ എത്രയും പെട്ടെന്ന് സിൻഡിക്കേറ്റ് വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടു. വൈസ് ചാൻസലറുടേത് അമിതാധികാര പ്രയോഗമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ ജി.മുരളീധരനും, ഷിജുഖാനും ആരോപിച്ചു.
വിദേശയാത്രയിലുള്ള വൈസ് ചാൻസലർക്ക് പകരം ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സിസാ തോമസും വ്യാഴാഴ്‌ച ചുമതലയേറ്റു. ഒരാഴ്ചത്തേയ്ക്കാണ് താത്കാലിക ചുമതലയുള്ളത്. സിസാ തോമസിനെതിരേ പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് സർവകലാശാല ആസ്ഥാനത്ത് പോലീസ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് 12.30 നാണ് സീസാ തോമസ് ചുമതല ഏൽക്കാനെത്തിയത്. എസ്എഫ്ഐ പ്രവർത്തകർ കാമ്പസിലുണ്ടായിരുന്നെങ്കിലും പ്രതിഷേധമുയർത്തിയില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group