
തോപ്പുംപടി : ചെല്ലാനം പഞ്ചായത്തിലെ പുത്തൻതോട്ടിൽനിന്ന് വടക്കോട്ടുള്ള ഭാഗത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നതിന് 306 കോടി രൂപയുടെ പദ്ധതികൂടി അനുവദിച്ച സർക്കാർ നടപടി കണ്ണമാലി ഉൾപ്പെടെയുള്ള കടലോരത്തിന് ആശ്വാസമാകുന്നു. ആദ്യഘട്ടത്തിൽ 7.3 കിലോമീറ്റർ നീളത്തിൽ ടെട്രാപോഡ് ഭിത്തി നിർമിച്ചിരുന്നു. അതേ പദ്ധതിയിൽ 3.6 കിലോമീറ്റർകൂടി പൂർത്തിയാക്കേണ്ടതുണ്ട്. അതിനാണ് 3.6 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുള്ളത്. വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രൂക്ഷമായ കടലേറ്റത്തെ തുടർന്ന് ദുരിതത്തിലായ കണ്ണമാലി, ചെറിയകടവ്, കമ്പനിപ്പടി, കാട്ടിപ്പറമ്പ് മേഖലയിൽ കടലോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക ഇത് വലിയ ആശ്വാസമാകും. ഇതിനുമുൻപെങ്ങും കാണാത്തരീതിയിലാണ് കണ്ണമാലി പ്രദേശങ്ങളിൽ അടുത്തസമയത്ത് കടൽ കയറിയത്. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി.
പ്രശ്നപരിഹാരത്തിന് ഒടുവിൽ കൊച്ചി, ആലപ്പുഴ രൂപതകളുടെ നേത്യത്വത്തിൽ വിശ്വാസിസമൂഹംതന്നെ സമരത്തിനിറങ്ങുകയായിരുന്നു. വൈദികർ ഉൾപ്പെടെ സമരത്തിനിറങ്ങിയതോടെ, സർക്കാർ കാര്യങ്ങൾ വേഗത്തിലാക്കി. കഴിഞ്ഞദിവസം സമരസമിതിയുടെ പ്രതിനിധികൾ കെ.ജെ. മാക്സി എംഎൽഎയ്ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പും നൽകി. ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തിക്കായി 306 കോടി രൂപയുടെ പദ്ധതി അനുവദിച്ചതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫയിസ് ബുക്കിൽ കുറിപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും രണ്ടാംഘട്ട പദ്ധതിക്ക് അനുമതി നൽകുന്നതിൽ ഇടപെട്ടതായി അദ്ദേഹം ഫെയിസ് ബുക്ക് കുറിപ്പിൽ പറയുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കെ.ജെ. മാക്‌സി എംഎൽഎ, ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആൻ്റണി എന്നിവരും യോഗത്തിൽ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് കെ.ജെ. മാക്സി എം.എൽ.എ നിരന്തരം ഇടപെട്ടതായും മന്ത്രി പറഞ്ഞു. ഈ സർക്കാർ ചുമതലയേറ്റശേഷം ആദ്യം ചേർന്ന യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ തീരുമാനിച്ചതെന്നകാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തുന്നുണ്ട്. 10 കിലോമീറ്റർ ട്രെട്രാപോഡും രണ്ടുഭാഗങ്ങളിൽ പുലിമുട്ടും നിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ടുപോയപ്പോൾ നിർമാണച്ചെലവിൽ വ്യത്യാസമുണ്ടായി.
ഐഐടി റിപ്പോർട്ടുകൂടി അടിസ്ഥാനമാക്കി 7.3 കിലോമീറ്റർ പൂർത്തിയാക്കുകയാണുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതിക്ക് കിഫ്‌ബിയുടെ സാമ്പത്തികാനുമതി ഉടൻ ലഭ്യമാക്കും. ചെലവ് കണക്കാക്കുമ്പോൾ, ഒരു കിലോമീറ്റർ ടെട്രാപോഡ് ഭിത്തി നിർമിക്കാൻ ഏതാണ്ട് 100 കോടി രൂപ ചെലവ് വരും. ഈ പദ്ധതിയിലേക്ക് കേന്ദ്രസർക്കാർ ഒരു പൈസപോലും ചെലവഴിക്കുന്നില്ല. ദീർഘകാലമായി കടലേറ്റ ഭിഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരംകണ്ടത് ഈ സർക്കാരാണെന്നും മന്ത്രി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നടപടി സ്വാഗതാർഹം - കെയർ ചെല്ലാനം
തോപ്പുംപടി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തൻതോട് മുതലു കടൽഭിത്തി നിർമാണത്തിന് 306 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെയർ ചെല്ലാനം-കൊച്ചി ഭാരവാഹികൾ അറിയിച്ചു. മഴക്കാലത്ത് കടലാക്രമണ ഭീതിയിൽ കഴിയുന്ന തീരദേശവാസികൾക്ക് ആശ്വാസമാണ് സർക്കാരിൻ്റെ പ്രഖ്യാപനം. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കെയറിൻറെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകുന്നതിന് യോഗം തീരുമാനിച്ചു. പുത്തൻതോട് മുതൽ ബീച്ച് റോഡ് വരെയുള്ള കടൽഭിത്തിയുടെ നിർമാണമാണ് കെയർ ചെല്ലാനം-കൊച്ചിയുടെ ആവശ്യം. ഈ പ്രദേശത്തിന്റെ പൂർണമായ സുരക്ഷയ്ക്ക് തെക്കേ ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെ ടെട്രാപോഡ് കടൽഭിത്തി ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ്. യോഗത്തിൽ സെക്രട്ടറി ടി.എ. ഡാൽഫിൻ അധ്യക്ഷത വഹിച്ചു. ഫാ. സോളമൻ ചാരങ്ങാട്, കോഡിനേറ്റർ ജോണി സേവ്യർ പുതുക്കാട്, കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ഡെപ്യൂട്ടി ജനറൽ ഫാ. ജിജു അറക്കത്തറ, ഫാ. ജോപ്പൻ അണ്ടിശ്ശേരിൽ, ഫാ. ആൻ്റണി ടോപോൾ, ഫാ. ആന്റണി കുഴിവേലിൽ, സോഫി രാജു, ബിജു ജോസി, മെറ്റിൽഡാ മൈക്കിൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group