
കൊല്ലം: മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾക്ക് തുറമുഖവകുപ്പ് താത്കാലിക നിരോധനം ഏർപ്പെടുത്തിയതോടെ കരയ്ക്കെത്താൻ മാർഗമില്ലാതെ ഒൻപത് തുരുത്തുകളിലെ 500 കുടുംബങ്ങൾ.
കൊല്ലം കോർപ്പറേഷൻ മീനത്തുചേരി ഡിവിഷനിലെ പുത്തൻതുരുത്ത്, കണക്കൻ തുരുത്ത്, അരുളപ്പൻ തുരുത്ത്, ചിക്കൻ തുരുത്ത്, പഞ്ചായത്ത് തുരുത്ത്, ഫാത്തിമ ഐലൻഡ്, തോമസ് ഐലൻഡ്, ജോസഫ് ഐലൻഡ്, സെയ്ൻറ് ജോർജ് ഐലൻഡ് എന്നിവിടങ്ങളിലെ രണ്ടായിരത്തോളം ജനങ്ങൾ ദിവസവും കരയിലെത്താൻ ആശ്രയിക്കുന്നത് കടത്തുവള്ളങ്ങളെയാണ്. മോട്ടോർ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഇല്ലാത്തതിനാൽ ഇവിടത്തെ കടത്തുവള്ളങ്ങൾ ഉൾപ്പെടെയുള്ള ഒൻപത് വള്ളങ്ങൾക്ക് തുറമുഖവകുപ്പ് ഉദ്യോഗസ്ഥരെത്തി നോട്ടീസ് നൽകി.
എപ്പോഴും വേലിയേറ്റവും പ്രതികൂല കാലാവസ്ഥയുമുള്ള കായലിൽ തുഴ ഉപയോഗിച്ചു തുഴഞ്ഞുപോകുക അസാധ്യമാണ്. മത്സ്യബന്ധനബോട്ടുകൾകൂടി ഇതുവഴി പോകുന്നതിനാൽ തുഴ ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തും.
സർക്കാർ ഓഫീസുകൾ, ആശുപത്രി, സ്‌കൂൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ഏത് ആവശ്യത്തിനും ഇവർക്ക് ഇക്കരെയെത്താതെ മാർഗമില്ല. മുക്കാട്-ഫാത്തിമ ഐലൻഡ് പാലവും ഫാത്തിമ ഐലൻഡ്-അമുളപ്പൻ തുരുത്ത് പാലവും നിർമിച്ചെങ്കിലും അനുബന്ധ പാതകളുടെ നിർമാണം തുടങ്ങിയിട്ടില്ല. മറ്റ് തുരുത്തുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾക്കുള്ള പ്രാരംഭനടപടികൾ മാത്രമാണ് നടന്നിട്ടുള്ളത്. അഞ്ചുവർഷത്തിൽ കൂടുതൽ വേണ്ടിവരും പാലങ്ങൾ യാഥാർത്ഥ്യമാകാൻ.
കോർപ്പറേഷന്റെ 10 കടത്തുവള്ളങ്ങളും പിഡബ്ല്യുഡിയുടെ അഞ്ച് കടത്തുവള്ളങ്ങളുമാണ് ഒൻപത് കടത്തുകടവുകളിലായുള്ളത്. കരയിലെ നാല് കടവുകളിൽ പകൽ രണ്ട് കടത്തുവള്ളങ്ങളും രാത്രി ഒരു വള്ളവും വീതമാണ് സർവീസ് നടത്തുന്നത്.
മൂന്നുടണ്ണിൽ കൂടുതൽ ഭാരമുള്ള വളളങ്ങളിൽ തുഴ ഉപയോഗിക്കുക സാധ്യമല്ല. കഴിഞ്ഞ 10 വർഷത്തിലധികമായി വള്ളങ്ങളിൽ മോട്ടോർ ഘടിപ്പിച്ചാണ് ഓടുന്നത്. തുരുത്തുകളിൽനിന്ന് മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ കരയിലെത്തണമെങ്കിൽ പത്തുമിനിറ്റിൽ താഴെയേ വേണ്ടു. തുഴഞ്ഞാണെങ്കിൽ കരയിലെത്താൻ 40 മിനിറ്റുവരെ വേണ്ടിവരും. രാവിലെ സ്‌കൂളിൽ പോകേണ്ടുന്ന കുട്ടികൾ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കൃത്യസമയത്ത് എത്തണമെങ്കിൽ വള്ളത്തിൽ മോട്ടോർ വേണം.
ആഴക്കടൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ ഉൾപ്പെടെ ഇന്ധനം നിറയ്ക്കാനും ഐസ് എടുക്കാനുമായി ഇതുവഴിയാണ് പോകുന്നത്. പല ബോട്ടുകളും കടത്തുകടവുകളോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് നങ്കൂരമിട്ടിരിക്കുന്നത്. എപ്പോഴും ബോട്ടുകൾ സഞ്ചരിക്കുന്നതിനാൽ വള്ളങ്ങളിലുള്ള യാത്ര അപകടംപിടിച്ചതാണ്. ബോട്ടുകൾ വരുമ്പോൾ പങ്കായത്തിനു തുഴഞ്ഞ് വള്ളങ്ങളുടെ ദിശ മാറ്റുക സാധ്യമല്ല. മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതുകൊണ്ട് വേഗത്തിൽ ദിശ മാറ്റാനും അപകടമുന്നറിയിപ്പുകൾ വരുമ്പോൾതന്നെ കരയിൽ എത്തിക്കാനും കഴിയും.
നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്
വളളങ്ങളിൽ നിയമാനുസൃതമല്ലാതെ മോട്ടോർ ഘടിപ്പിച്ചു സർവീസ് നടത്തുന്നത് തടയണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പരിശോധ നടത്തി നോട്ടീസ് നൽകിയതെന്ന് പോർട്ട് കൺസർവേറ്റർ അനിൽകുമാർ.
യന്ത്രവത്കൃത യാനങ്ങൾ തുറമുഖവകുപ്പിൻ്റെ പരിധിയിലാണ് വരുന്നത്. യന്ത്രവത്കൃതമല്ലാത്ത യാനങ്ങൾക്ക് ലൈസൻസ് ഉൾപ്പെടെ നൽകുന്നത് കനാൽ ഓഫീസിൽനിന്നാണ്. യന്ത്രവത്കൃതമല്ലാത്ത യാനങ്ങൾ മോട്ടോർ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതാണ് ഇവിടെ പ്രശ്നം.
നോട്ടീസ് നൽകിയതു സംബന്ധിച്ച് അഞ്ചാലുംമൂട്, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിയമലംഘനം തുടർന്നാൽ യാനം കസ്റ്റഡിയിലെടുക്കാനും പിഴ ഈടാക്കാനുമുള്ള നടപടികളുമുണ്ടാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group