
ആത്മഹത്യാഭീഷണിയുമായി മൂന്ന് വിദ്യാർഥികൾ
മണിക്കൂറുകളോളം പ്രതിഷേധം
ചെയർമാനെ പോലീസ് സ്റ്റേഷനിലെത്തിച്ചു
മാറനല്ലൂർ: കണ്ടല അക്കാദമി ഓഫ് കോളേജ് ഫാർമസിയിൽ കോളേജ് മാനേജ്‌മെന്റും വിദ്യാർഥികളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ കൈയാങ്കളി. ആത്മഹത്യാഭീഷണിയുമായി മൂന്ന് വിദ്യാർഥികൾ രണ്ടാംനിലയിൽ കയറി. തുടർന്നുനടന്ന വിദ്യാർഥികളുടെ പ്രതിഷേധം മണിക്കൂറുകൾ നീണ്ടുനിന്നു. വിദ്യാർഥികളെ പിന്തുണച്ച് കെ.എസ് പ്രവർത്തകർ എത്തിയത് നേരിയ സംഘർഷമുണ്ടാക്കി. വിവിധ സ്റ്റേഷനുകളിൽനിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
അമിതഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ടും കോഴ്‌സ് പൂർത്തിയാക്കിയ കുട്ടികളുടെ എസ്എസ്എൽസി ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകുന്നില്ലന്നുമുള്ള പരാതികളുമായാണ് രക്ഷാകർത്താക്കൾ എത്തിയത്. സർക്കാർ നിശ്ചയിച്ച ഫീസിനു പുറമേ കുട്ടികളിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി പണം പിരിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
കൂടാതെ 14 വിദ്യാർഥികൾക്ക് ഹാജർ കുറവാണെന്നുകാണിച്ച് മാനേജ്മെന്റ് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ച മുൻപ് വിദ്യാർഥികൾ മാനേജ്‌മെൻ്റ് പ്രതിനിധികളെ കോളേജ് ഗേറ്റിൽ തടഞ്ഞിരുന്നു. തുടർന്ന് പോലീസെത്തിയശേഷം രക്ഷാകർത്താക്കളുടെ യോഗം ചേർന്ന് പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.
തുടർന്നാണ് ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ കോളേജിൽ രക്ഷാകർത്താക്കളുടെ യോഗം ചേർന്നത്, കാട്ടാക്കട ഡിവൈഎസ്‌പി റാഫിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ചർച്ചയ്ക്കിടെ ഒരു രക്ഷാകർത്താവ് സംസാരിക്കുന്നതിനിടെ ചെയർമാൻ മൈക്ക് പിടിച്ചുവാങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഇതിനിടയിൽ അമ്മയുടെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങിയെന്നാരോപിച്ച് കോളേജിലെ രണ്ടാംവർഷ വിദ്യാർഥി ചെയർമാനു നേരേ ആക്രോശിച്ചു. ചെയർമാൻ ചെരിപ്പൂരി അടിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർഥികളുടെ പരാതി.
തുടർന്ന് നടന്ന പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു. ഇതിനിടെയാണ് മൂന്ന് വിദ്യാർഥിനികൾ കോളേജിൻ്റെ രണ്ടാംനിലയിൽക്കയറി ആത്മഹത്യാഭീഷണിയും മുഴക്കി. തുടർന്ന് വനിതാ പോലീസുൾപ്പെടെ എത്തി കുട്ടികളെ പിന്തിരിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഏഴോടെ കാട്ടാക്കട തഹസിൽദാർ ശ്രീകുമാർ കോളേജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ ആവശ്യത്തിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ കോളേജിന് എതിരേയുള്ള ആക്ഷേപങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തിയശേഷം കോളേജ് തുറന്നുപ്രവർത്തിച്ചാൽ മതിയെന്നു തീരുമാനമെടുത്തതോടെയുമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിച്ചത്.
കോളേജ് ചെയർമാനെ മാറനല്ലൂർ പോലീസ് സ്റ്റേഷനിലെത്തിക്കുകയും മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group