
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ വിദഗ്ദ്‌ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്കീഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.
ബ്രിട്ടീഷ് സൈന്യത്തിൻ്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാർ പരിഹരിക്കാനായില്ലെങ്കിൽ സൈനിക പരക്കുവിമാനമായ ഗ്ലോബൽ മാസ്റ്ററിൽ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിൻ്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം. ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടൻ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയുംകൂടി ലഭിച്ചാലേ ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിർത്തിയിട്ടിരിക്കുന്ന പാർക്കിങ് മേഖലയിൽ കടക്കാനാകൂ. എഫ്-35 പരിശോധിക്കാൻ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിൻ്റെ രണ്ട് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുൾപ്പെടെ ഏഴുപേരാണ് വിമാനത്തിൻ്റെ മേൽനോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങർ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങൾ ബ്രിട്ടണിൽനിന്ന് എത്തിക്കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടർന്ന് 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്, നിലവിൽ വിമാനത്താവളത്തിൻ്റെ നാലാം നമ്പർ ബേയിൽ സിഐഎസ്എഫിൻ്റെ സുരക്ഷാവലയത്തിലാണ് എഫ്-35. എന്നാൽ, എഫ്-35 പറന്നുയർന്ന എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പൽ സിങ്കപ്പൂർ തീരത്തേക്കു മടങ്ങിപ്പോയി.
എഫ്-35 തിരുവനന്തപുരത്ത് സുരക്ഷിതമെന്ന് ബ്രിട്ടിഷ് മന്ത്രി
തിരുവനന്തപുരം: എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ലൂക്ക് പൊള്ളാർഡ്. വിമാനത്തിൻ്റെ സുരക്ഷയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻ്റിലുയർന്ന ചോദ്യത്തിനാണ് അദ്ദേഹത്തിൻ്റെ മറുപടി. പ്രതിപക്ഷത്തെ കൺസർവേറ്റീവ് എംപി ബെൻ ഒബേസാണ് വിമാനത്തിൻ്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഹൗസ് ഓഫ് കോമൺസിൽ ഉന്നയിച്ചത്. സർക്കാർ നടപടികളെക്കുറിച്ചും എഫ്-35 എന്ന് തിരികെയെത്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. നാറ്റോയുടെ സഖ്യകക്ഷിയല്ലാത്ത ഒരു രാജ്യത്ത്, ജനവാസമേഖലയിൽ ഇത്രയും അത്യാധുനിക വിമാനം ഏറെക്കാലം നിർത്തിയിട്ടിരിക്കുന്നതിൽ പാർലമെന്റിൽ അംഗങ്ങൾ ആശങ്കയറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സേനയുടെ ഭാഗത്തുനിന്ന് ഏറ്റവും മികച്ച പിന്തുണയാണ് എഫ്-35 ലാൻഡുചെയ്ത സമയത്തു ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ മണ്ണിൽ കനത്ത സുരക്ഷയിലാണ് വിമാനമെന്നും റോയൽ എയർഫോഴ്‌സ് സംഘാംഗങ്ങൾ എപ്പോഴും എഫ്-35ന് ഒപ്പമുണ്ടെന്നും മന്ത്രി പാർലമെൻ്റിൽ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group