ബീനാച്ചി എസ്റ്റേറ്റ് പട്ടയപ്രശ്നം; പരിഹരിക്കാൻ മധ്യപ്രദേശ് സർക്കാരുമായി സംയുക്തപഠനം

ബീനാച്ചി എസ്റ്റേറ്റ് പട്ടയപ്രശ്നം; പരിഹരിക്കാൻ മധ്യപ്രദേശ് സർക്കാരുമായി സംയുക്തപഠനം
ബീനാച്ചി എസ്റ്റേറ്റ് പട്ടയപ്രശ്നം; പരിഹരിക്കാൻ മധ്യപ്രദേശ് സർക്കാരുമായി സംയുക്തപഠനം
Share  
2025 Jul 02, 08:59 AM
MANNAN

കണ്ണൂർ : സുൽത്താൻബത്തേരി താലൂക്ക് ബീനാച്ചി എസ്റ്റേറ്റിലെ പട്ടയപ്രശ്നം പരിഹരിക്കാൻ മധ്യപ്രദേശ് സർക്കാരുമായി ചേർന്ന് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വി.കെ. കൃഷ്‌ണമേനോൻ വനിതാ കോളേജിൽ നടന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലെ 224.3100 ഹെക്ട‌ർ ഭൂമിയിലെ 64.95 ഹെക്‌ടറിൽ 1955 മുതൽ 160 കർഷകകുടുംബങ്ങൾ കൈയേറി താമസിക്കുകയാണ്. ഈ ഭൂമി സംസ്ഥാനസർക്കാർ ഏറ്റെടുത്ത് കർഷകർക്ക് പട്ടയത്തോടെ തിരിച്ചുനൽകണമെന്ന വിഷയത്തിലാണ് തീരുമാനം. റവന്യുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മധ്യപ്രദേശ് സർക്കാരുമായി ചേർന്ന് പഠനം നടത്തി അടിയന്തരമായി നടപടി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ചീങ്ങേരി മോഡൽ ഫാമിൽ തൊഴിലാളികളെ നിയമിക്കും


ചീങ്ങേരി മോഡൽ ഫാമിലേക്ക് തൊഴിലാളികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിനുകീഴിൽ ബത്തേരി താലൂക്കിലെ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ സ്ക‌ീമിലെ മോഡൽ ഫാമിലെ തൊഴിലാളിനിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


2017-ൽ 31 തൊഴിലാളികളാണ് ഫാമിൽ ജോലിചെയ്‌തിരുന്നത്. നിലവിൽ 11 പട്ടികവർഗവിഭാഗക്കാരാണ് ജോലിചെയ്യുന്നത്. ഫാമിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് അധികമായി നുറോളംപേർക്ക് തൊഴിൽ ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ പട്ടികവർഗവികസനവകുപ്പ്, കൃഷിവകുപ്പ് ഡയറക്ട‌ർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.


പട്ടികവർഗവിഭാഗങ്ങളുടെ ഉന്നമനത്തിന് കാർഷികവൃത്തി പരിശീലിപ്പിക്കാൻ 1958-ലാണ് ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം ഫാം രൂപവത്‌കരിച്ചത്. അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ ചിങ്ങേരി ഉന്നതിയിലെ പട്ടികവർഗകുടുംബങ്ങൾക്ക് കാർഷികമേഖലയിൽ പരിശീലനം നൽകി കാപ്പി, കുരുമുളക് തോട്ടങ്ങൾ നട്ടുപിടിപ്പിച്ച് വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കിയത്. പ്രദേശത്തെ 526.35 ഏക്കർ ഭൂമിയിൽനിന്ന് 182 ഏക്കർ കൃഷിത്തോട്ടം ഒഴിവാക്കിയുള്ള സ്ഥലം റവന്യൂവകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, 2005 ഡിസംബർ 20-ന് സർക്കാർ ഉത്തരവ് പ്രകാരം 182 ഏക്കർ ഭൂമി ട്രൈബൽ വിഭാഗങ്ങൾക്ക് പതിച്ചുനൽകാൻ ടിആർഡിഎം മിഷന് നൽകി.


ഫാം വികസിപ്പിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഫാം ഒരു സന്നദ്ധസംഘമായി രജിസ്റ്റർചെയ്യണമെന്ന് 2010-ൽ പട്ടികജാതി-പട്ടികവർഗ വികസനവകുപ്പ് ഉത്തരവാക്കിയിരുന്നു. നിലവിൽ ഫാമിൽ റീ-പ്ലാൻറേഷൻ നടത്തി ആറളം ഫാം സൊസൈറ്റി മാതൃകയിലോ ജില്ലാ കൃഷിഫാമായോ മാറ്റാമെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു. ഒരുമാസത്തിനകം 31 തൊഴിലാളികളെ ഫാമിൽ സ്ഥിരപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചതായി പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു.


മരിയനാട് പുനരധിവാസപദ്ധതി: നഷ്ട‌പരിഹാരമായി അഞ്ചുകോടി


മരിയനാട് എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് വയനാട് പാക്കേജിലുൾപ്പെടുത്തി അഞ്ചുകോടിരൂപ സർക്കാർ അനുവദിച്ചു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻമാത്രമായിരിക്കും തുക വിനിയോഗിക്കുക.


സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ നേതൃത്വത്തിൽ വയനാട് വികസന പാക്കേജിൽ മരിയനാട് പുനരധിവാസപദ്ധതിക്ക് അഞ്ചുകോടിരൂപയുടെ ഭരണാനുമതി നൽകാൻ കളക്‌ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് രൂപവത്‌കരിച്ചിരുന്നു. തൊഴിലാളികൾ ആനുകൂല്യം കൈപ്പറ്റാൻ ആവശ്യമായ രേഖകൾ നൽകണം. 'മനസ്സോടിത്തിരി മണ്ണ്': ജില്ലയിൽ വാഗ്‌ദാനംചെയ്‌ത മുഴുവൻ സ്ഥലവും ലഭിച്ചു


വീടുവെക്കാൻ ഭൂമിയില്ലാത്തവർക്ക് ജനങ്ങൾ ഭൂമി സ്വമേധയാ നൽകുന്ന പദ്ധതിയായ 'മനസ്സോടിത്തിരി മണ്ണ് ജില്ലയിൽ വാഗ്‌ദാനം നൽകിയ ഭൂമി സർക്കാരിലേക്ക് രജിസ്റ്റർചെയ്‌ത് ലഭിച്ചു. ജില്ലയിൽ 1.25 ഏക്കർ ഭൂമിയാണ് പദ്ധതിയിലേക്കായി സുമനസ്സുകൾ വാഗ്‌ദാനം ചെയ്‌തത്. വാഗ്ദാനമനുസരിച്ച് മുഴുവൻ ഭൂമിയും സർക്കാരിന്റേതാക്കി രജിസ്ട്രേഷൻ ചെയ്തു. ഈ ഭൂമിയാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീടുവെക്കാൻ സ്ഥലമില്ലാത്തവർക്കായി സർക്കാർ നൽകുക.ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 26,235 വീട് പൂർത്തീകരിച്ചു. ലക്ഷ്യമിട്ടതിന്റെ 81.17 ശതമാനമാണിത്.


ജൈവമാലിന്യസംസ്കരണം


ജില്ലയിലെ 98 ശതമാനം സ്‌കൂളുകളിൽ ജൈവമാലിന്യസംസ്കരണ സംവിധാനവും 99 ശതമാനം സ്‌കൂളുകളിൽ അജൈവമാലിന്യസംസ്കരണ സംവിധാനവുമുണ്ട്. ജില്ലയിലെ 249 സ്‌കൂളുകളിൽ (89 ശതമാനം) ഇ-മാലിന്യ പരിപാലനസംവിധാനമുണ്ട്. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജലബജറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2