
കൊല്ലം ഇത്തവണ 1760 കുട്ടികൾ കൊല്ലം സിറ്റി പോലീസ് പരിധിയിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റാകും. അനുമതി നേടിയ 17 സ്‌കൂളുകളിൽ നാല് സ്കൂളുകൾക്കാണ് ഈ അധ്യയനവർഷം അംഗീകാരം ലഭിച്ചത്. 176 കുട്ടികൾ പുതുതായി എസ്‌പിസിപദ്ധതിയുടെ ഭാഗമായി. 40 സ്‌കൂളുകളിലാണ് സിറ്റി പരിധിയിൽ എസ്‌പിസി പദ്ധതിയുള്ളത്. ഇതിൽ രണ്ടു സ്‌കൂളുകൾ ഹയർ സെക്കൻഡറിയും ഒരെണ്ണം അൺ എയ്‌ഡഡ് സ്കൂളുമാണ്.
സംസ്ഥാന ആഭ്യന്തരവകുപ്പിനു കീഴിലാണ് എസ്‌പിസിയുടെ പ്രവർത്തനം: എട്ടാംക്ലാസിലെ കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. ഇവരിൽ പകുതി പെൺകുട്ടികളാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കഴിഞ്ഞ 20-ന് വിവിധ കേന്ദ്രങ്ങളിലായി എഴുത്തുപരീക്ഷ നടത്തിയിരുന്നു. എസ്‌പിസി സംസ്ഥാന ഡയറക്ടറേറ്റ് തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ച് ഒരേസമയമായിരുന്നു പരീക്ഷ. ഇതിന്റെ തുടർച്ചയായി ശാരീരികക്ഷമതാ പരിശോധനയും സ്കൂമുകളിൽ നടന്നുവരികയാണ്.
അത് പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശാരീരികക്ഷമതാപരിശോധന നടക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേർ അടങ്ങുന്നതാണ് കുട്ടിപ്പോലീസ്. വിദ്യാർഥികൾക്ക് യൂണിഫോം സൗജന്യമാണ്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്‌ചയുമാണ് പരേഡും പരിശീലനവും.
വിദ്യാർഥികളുടെ സമ്പൂർണ വ്യക്തിവികസനത്തിന് ഊന്നൽ നൽകുന്ന വിവിധ പരിപാടികളാണ് കുട്ടിപ്പോലീസിന്റെ പ്രവർത്തനത്തിലുള്ളത്. സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലാണ് എസ്‌പിസി പ്രവർത്തനങ്ങൾ നടക്കുന്നത്. അഡിഷണൽ എസ്‌പി സഖറിയ മാത്യു ആണ് ജില്ലാ നോഡൽ ഓഫീസർ.
കുട്ടിപ്പോലീസിൽ ഇവർ
: എട്ട്, ഒൻപത്. പ്ലസ്‌ടു ക്ലാസുകളിലെ കുട്ടികളെയാണ് കുട്ടിപ്പോലീസിലേക്ക് തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ 100-ൽ കൂടുതൽ ഉണ്ടെങ്കിൽ പൊതുവിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. ഇവർക്ക് ഒരു പ്രാഥമിക എഴുത്തുപരീക്ഷയും കായികക്ഷമതാപരീക്ഷയും നടത്തും. 100, 800 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുന്നതാണ് കായികക്ഷമതാപരീക്ഷ. കാഡറ്റുകൾക്ക് പരീക്ഷയിൽ 20 ഗ്രേസ് മാർക്കും ലഭിക്കും.
അധികാരികൾ
പോലീസിൽനിന്ന് ഒരു ഡ്രിൽ ഇൻസ്ട്രക്‌ടറും (ഡിഐ) അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടറും (എഡിഐ) സ്‌കൂളുകളിൽ എത്തും. സ്‌കുളിൽ എസ്‌പിസിയുടെ ചുമതലയുള്ള രണ്ട് അധ്യാപകരുണ്ടാകും. ഇവർ കമ്യൂണിറ്റി പോലീസ് ഓഫീസർ (സിപിഒ), അസിസ്റ്റന്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ (എസിപിഒ.) എന്നാണ് അറിയപ്പെടുക. 10 ദിവസത്തെ പോലീസ് ട്രെയിനിങ് പൂർത്തിയാക്കിയ എസ്‌ഐ റാങ്കിലുള്ള ആൾക്ക് തുല്യമായ പദവിയാണിത്. സ്‌കൂൾ പ്രധാനാധ്യാപകനും സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുമാണ് എസ്‌പിസി യൂണിറ്റിൻ്റെ അധികാരികൾ.
നേട്ടം പിഎസ്‌സി നിയമനത്തിലും
സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്ക് പിഎസ്‌സി മുഖേന പോലീസ്, ഫോറസ്റ്റ് എക്സൈസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ മോട്ടോർ വെഹിക്കിൾ തുടങ്ങിയ യൂണിഫോം സർവീസുകളിലേക്ക് നടത്തുന്ന നിയമനത്തിൽ പരമാവധി അഞ്ചുശതമാനം വെയിറ്റേജ് നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി നാലുവർഷം ട്രെയിനിങ് പൂർത്തിയാക്കി പരീക്ഷയിൽ എ+ ഗ്രേഡ് കരസ്ഥമാക്കുന്ന കാഡറ്റുകൾക്കാണ് വെയിറ്റേജ് ലഭിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group