ഗൂഢമായി സൂക്ഷിച്ചത് നാലു വർഷം; ചുരുളഴിക്കാൻ തെളിവെടുപ്പ്, തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

ഗൂഢമായി സൂക്ഷിച്ചത് നാലു വർഷം; ചുരുളഴിക്കാൻ തെളിവെടുപ്പ്, തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും
ഗൂഢമായി സൂക്ഷിച്ചത് നാലു വർഷം; ചുരുളഴിക്കാൻ തെളിവെടുപ്പ്, തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും
Share  
2025 Jun 30, 09:09 AM
MANNAN

തൃശ്ശൂർ ഞായറാഴ്ച്‌ച പുലർച്ചെ 12.20. പുതുക്കാട് പോലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാർ മാത്രം. പാൻ്റും ഷർട്ടും ധരിച്ചൊരു ചെറുപ്പക്കാരൻ കൈയിൽ ബാഗുമായി സ്റ്റേഷനിലേക്ക് വരുന്നു. പരാതി പറയാൻ എത്തിയ ആളിനെ കേൾക്കാൻ തയ്യാറായ പോലീസുകാരന് ഇയാളുടെ മട്ടും ഭാവവും കണ്ട് തുടക്കത്തിലേ പന്തികേടുതോന്നി. പരസ്‌പരവിരുദ്ധമായി പറയുന്ന കാര്യങ്ങളിൽ പലതിലും വ്യക്തതയില്ല. മദ്യപിച്ചിട്ടുണ്ടെന്ന് സംസാരത്തിൽ നിന്നുതന്നെ വ്യക്തമായി. 'എനിക്ക് ഒരു പെൺകുട്ടിയുമായി ബന്ധമുണ്ട്. അതിൽ രണ്ടുകുട്ടികൾ ജനിച്ചിട്ടുണ്ട്. രണ്ടു കുട്ടികളും മരിച്ചു. ആ കുട്ടികളുടെ അസ്ഥികളുടെ അവശിഷ്ടങ്ങളാണിത്. ഇത്രയും പറഞ്ഞ് യുവാവ് ബാഗ് പോലീസിനെ ഏൽപ്പിച്ചു.


ആദ്യം പോലീസുകാരൻ അമ്പരന്നു. യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിലായി. ബാഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടതോടെ പറയുന്നത് മദ്യലഹരിയിൽ മാത്രമല്ലെന്ന് പോലീസിന് ബോധ്യമായി. ബാഗിൽ അസ്ഥിയെന്ന് മനസ്സിലാക്കിയ പോലീസുകാർ സിഐ മഹേന്ദ്രസിംഹനെയും ഡിവൈഎസ്‌പി ബിജുകുമാറിനെയും വിവരം അറിയിച്ചു. പിന്നാലെ റൂറൽ എസ്‌പി കൃഷ്ണ‌കുമാറിനെയും സംഭവം അറിയിച്ചു.


യുവാവ് പറഞ്ഞ കാര്യങ്ങൾ രാത്രി തന്നെ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. ഇയാളെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു. കൊണ്ടുവന്നത് മനുഷ്യൻ്റെ അസ്ഥിതന്നെയാണോ എന്ന് വ്യക്തത വരുത്താനായി ഫോറൻസിക് സർജൻ്റെ സഹായം തേടി. രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുടെ ഭാഗമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ അനീഷയെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ അസ്ഥികൾ എന്നതിൽനിന്നാണ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും രണ്ടു കുട്ടികൾ ജനിച്ചിട്ടുണ്ടെന്നും അനീഷ സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ കൊന്നതാണെന്ന് സമ്മതിക്കുന്നത്.


ഫോണിൽ വിളിച്ചപ്പോൾ തിരക്കിലായത് പ്രകോപനം


പുതുക്കാട് : 2020-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിൻ അനീഷയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ വീട്ടിലെ ശൗചാലയത്തിൽ 2021 നവംബർ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആൺകുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതിനെത്തുടർന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താൻതന്നെ വീട്ടുപറമ്പിൽ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ് പറഞ്ഞു.


എട്ടുമാസത്തിനുശേഷം കുഞ്ഞിൻ്റെ അസ്ഥി, കർമങ്ങൾ ചെയ്‌ത് കടലിൽ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിൻ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാൽ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിൻ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.


2024 ഏപ്രിൽ 29-ന് അനീഷയുടെ വീട്ടിൽവച്ചുതന്നെയാണ് രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്കൂ‌ട്ടറിൽ ഭവിൻ്റെ ആമ്പല്ലൂരിലെ വീട്ടിൽ എത്തിച്ചു. മൃതദേഹം ഭവിൻ്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടൻ കുട്ടി കരഞ്ഞതു പുറത്തുകേൾക്കാതിരിക്കാൻ മുഖം പൊത്തിപ്പിടിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.


തൃശ്ശൂർ റൂറൽ എസ്‌പി ബി. കൃഷ്‌ണകുമാർ, ചാലക്കുടി ഡിവൈഎസ്‌പി ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യംചെയ്ത‌ത്. ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന അനിഷ കുറച്ചുകാലമായി ഭവിനുമായി അകൽച്ചയിലായിരുന്നു. പെൺകുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തിൽ ഭവിൻ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.


ശനിയാഴ്ച രാത്രി അനീഷയെ ഫോണിൽ വിളിച്ചപ്പോൾ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിൻ വീട്ടിൽ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി.


മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫോറൻസിക് വിദഗ്‌ധരുടെ സഹായം തേടി. തുടർന്ന് അസ്ഥികൾ രണ്ടു കുഞ്ഞുങ്ങളുടെ ശരിരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങൾ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എസ്‌പി പറഞ്ഞു.


സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാർക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്‌പി ബിജുകുമാർ, സിഐ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്യത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.


മരണങ്ങളിൽ ഭവിൻ സംശയിച്ചു തൃശ്ശൂർ : രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തിൽ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാൻ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാൾ വിശ്വസിച്ചു.


യുവതി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്ന സംശയം പ്രശ്നങ്ങൾ ഗുരുതരമാക്കി. രണ്ടാമതൊരു ഫോൺ ഉപയോഗിക്കുന്നത് ഇയാൾ വിലക്കി. യുവതി മറ്റൊരു ഹോൺ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിൻ മനസ്സിലാക്കിയത്.


ശല്യമായപ്പോൾ മനഃപൂർവം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തിൽനിന്നു യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാതിരുന്നാലോ തൻ്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിൻ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെൺകുട്ടിയോട് ക്ഷമപറയുന്ന തരത്തിൽ ഇയാൾ സംസാരിച്ചിരുന്നു. ശനിയാഴ്‌ച വൈകീട്ട് അനീഷയുമായി വീണ്ടും തർക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിൻ പറഞ്ഞു.


അയൽവാസിയെ ചോദ്യം ചെയ്ത് പോലീസ്


മറ്റത്തൂർ : നവജാത ശിശുക്കളെ കൊന്ന സംഭവത്തിൽ അനീഷയുടെ അയൽവാസി ഗിരിജയെ പോലീസ് ചോദ്യം ചെയ്‌തു. നൂലുവള്ളിയിലെ ഗിരിജയുടെ വീട്ടിൽ എത്തിയ പോലീസിൻ്റെ ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടു. സംഭവം നടന്നെന്ന് പറയുന്ന 2021 ൽ അനിഷയുടെ വീട്ടുകാരും ഗിരിജയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഗിരിജ അപവാദം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് അനീഷയുടെ വീട്ടുകാർ വീട്ടിലെത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഇരുവരും വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകി. പോലീസ് രണ്ട് വീട്ടുകാരെയും വിളിച്ച് സംസാരിച്ച് പരാതി ഒത്തുതീർപ്പാക്കുകയായിരുന്നു.


സംഭവം നടന്നു എന്ന് പറയുന്ന ദിവസം അനീഷ ബക്കറ്റുമായി എത്തി കുഴിയെടുത്ത് എന്തോ കുഴിച്ചിടുന്നത് കണ്ടു. ചെറിയമഴ പെയ്യുന്നുണ്ടായിരുന്നു. കുഴിച്ചിട്ടത് എന്താണെന്ന് മനസ്സിലായില്ല. അന്നും ഇത് തന്നെയാണ് പോലീസിനോട് പറഞ്ഞത്. ഞായറാഴ്‌ച ചോദ്യം ചെയ്‌തപ്പോഴും പോലീസ് പഴയ കാര്യങ്ങൾ തന്നെയാണ് ചോദിച്ചത് -ഗിരിജ പറഞ്ഞു. അനീഷയുടെ വീട്ടിൽ ആരൊക്കെ വരാറുണ്ടെന്നും ഭവിനെ അവിടെ കണ്ടിട്ടുണ്ടോയെന്നും പോലീസ് ചോദിച്ചതായും ഗിരിജ പറഞ്ഞു.


ഒന്നും പറയാതെ പോലീസ്, സ്റ്റേഷൻ വളഞ്ഞ് മാധ്യമപ്പട


പുതുക്കാട് : ഞായറാഴ്‌ച രാവിലെ പതിനൊന്നോടെയാണ് മനസ്സാക്ഷിയെ

ഞെട്ടിക്കുന്ന വാർത്ത പുറംലോകം അറിയുന്നത്. മാധ്യമങ്ങൾക്കുൾപ്പെടെ പ്രാഥമികവിവരങ്ങൾ മാത്രമാണ് ലഭിച്ചത്. സംഭവം എന്താണെന്ന് മനസ്സിലാക്കിവരുമ്പോഴേക്കും പുതുക്കാട് സ്റ്റേഷൻ മാധ്യമപ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.


പ്രതികളെ സ്റ്റേഷനിൽ ചോദ്യംചെയ്യുമ്പോൾ ചാനൽ ക്യാമറകൾ പുറത്ത് കാത്തുനിന്നു. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പുറത്തുവന്നു. ഭവിനെയും അനീഷയെയും രണ്ടു മുറികളിലായാണ് ആദ്യം ചോദ്യംചെയ്തത്. ഇടയ്ക്ക് ഇരുവരെയും ഒന്നിച്ച് ചോദ്യംചെയ്യാനായി സ്റ്റേഷനിലെ മറ്റൊരു മുറിയിലേക്ക് മാറ്റുമ്പോൾ ചിത്രമെടുക്കാൻ കൂട്ടയിടി. മുഖം മറച്ച് ചുറ്റും പോലീസുകാരുടെ അകമ്പടിയിലായിരുന്നു പ്രതികൾ. 11.30-ഓടെ തൃശ്ശൂർ റൂറൽ എസ്‌പി ബി. കൃഷ്ണ‌കുമാർ സ്റ്റേഷനിലെത്തി. മാധ്യമപ്പട വളഞ്ഞെങ്കിലും ഒന്നും പറയാതെ അദ്ദേഹം സ്റ്റേഷനിലേക്ക് പോയി. പിന്നാലെ ഫോറൻസിക് വിദഗ്‌ധരുടെ സംഘമെത്തി. സംഭവത്തിൽ വ്യക്തത വന്നതോടെ മാധ്യമങ്ങളുമായി സംസാരിക്കാൻ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.


മാധ്യമപ്പട സ്റ്റേഷനിലേക്ക്, കേസിൻ്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത് എസ്പിയുടെ പത്രസമ്മേളനത്തിലൂടെയായിരുന്നു.


ചുരുളഴിക്കാൻ തെളിവെടുപ്പ്ഇന്ന് കോടതിയിൽ ഹാജരാക്കും


തൃശ്ശൂർ : പ്രതികളായ ഭവിനെയും അനീഷയെയും രണ്ട് സംഘങ്ങളായി വീടുകളിൽ തെളിവെടുപ്പിനെത്തിച്ചു. അനീഷയെ വെള്ളിക്കുളങ്ങര നൂലുവള്ളിയിലെ വീട്ടിലും ഭവിനെ ആമ്പല്ലൂരിലെ വീട്ടിലുമെത്തിച്ചാണ് തെളിവെടുത്തത്. അനീഷയുടെ മൊഴിപ്രകാരം ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ട ഭാഗത്ത് പോലീസ് സംഘം എത്തിച്ചു. അനീഷയെ എത്തിക്കുന്നതറിഞ്ഞ് വലിയതോതിൽ നാട്ടുകാർ (പ്രദേശത്തെത്തി.


ഇതിനുശേഷമാണ് ഭവിനെ ആമ്പല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം അനീഷ എത്തിച്ചതും മറവുചെയ്‌തതും പ്രതി വിവരിച്ചു. വീടിന് പിറകിലെ തോട്ടത്തിലാണു കുഴിച്ചിട്ടത്. ഇരുവരെയും തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും.


അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടോ എന്നത് അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇരുവരും തമ്മിൽ അടുപ്പമുള്ള കാര്യം അറിയാമായിരുന്നു. വീട്ടുകാർക്ക് ഇഷ്‌ടമില്ലാത്തതിനാൽ അനീഷയ്ക്ക് ഇയാളുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും അമ്മ പറഞ്ഞു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2