
പത്തനംതിട്ട: ഒന്നരവർഷംമുമ്പ് മൈലപ്ര ടൗണിൽ പട്ടാപ്പകൽ വ്യാപാരിയെ
കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതികളെ പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ മികവിന് അംഗീകാരം. അന്നത്തെ പത്തനംതിട്ട ഡിവൈഎസ്‌പി എസ്. നന്ദകുമാർ, എസ്എച്ച്‌ഒ ജിബു ജോൺ, എസ്ഐ അനൂപ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, ജയകൃഷ്‌ണൻ ജയരാജ് എന്നിവരാണ് പോലീസ് മേധാവിയുടെ മെഡൽ ഏറ്റുവാങ്ങിയത്. 2023 ഡിസംബർ 30-ന് ഉച്ചയ്ക്ക് മൂന്നരയോടെ മൈലപ്ര പോസ്റ്റ്ഓഫീസിന് അടുത്തുള്ള പുതുവേലിൽ സ്റ്റോഴ്‌സിനുള്ളിലാണ് ഉടമ ജോർജ് ഉണ്ണുണ്ണിയെ (73) കൊല്ലപ്പെട്ടനിലയിൽ കണ്ടത്. വൈകീട്ട് അഞ്ചിനാണ് മരണവിവരം പുറത്തറിഞ്ഞത്.
കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം.. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് പ്രതികൾ കൊണ്ടുപോയിരുന്നു. സ്വകാര്യ ബസുകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കുള്ള സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽനിന്ന് പ്രതികൾ വന്നതെന്ന് കരുതുന്ന ഓട്ടോറിക്ഷ കണ്ടെത്തിയതാണ് വഴിത്തിരിവായത്. വലഞ്ചുഴി പള്ളിമുരുപ്പേൽ ഹരിബ് (38), ജമീല മൻസിലിൽ നിയാസ് അമാൻ (33), തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകൻ (42), എം. സുബ്രഹ്മണ്യൻ (24), മുത്തുകുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
ബസുകളിലെ ക്യാമറകളിലൂടെ കിട്ടിയ തുമ്പ്
ഉച്ചയ്ക്ക് മൂന്നിനും വൈകീട്ട് അഞ്ചിനുമിടയിൽ കടയുടെ ഭാഗത്ത് തിരക്കില്ലെന്ന് കണ്ടെത്തിയാണ് പ്രതികൾ സമയം തീരുമാനിച്ചത്. എല്ലാം ഹരീബ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തിരുന്നു. മുരുകൻ, ബാലസുബ്രഹ്മണ്യൻ, മുത്തുകുമാർ എന്നിവർ കൃത്യത്തിനായി കടയിൽകയറുമ്പോൾ പുറത്തെ കാര്യങ്ങൾ നിരീക്ഷിച്ച് ഹരീബ് സ്ഥലത്തുണ്ടായിരുന്നു. കൊലപാതകശേഷം കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും കൊണ്ടുപോയതോടെ പിടിക്കപ്പെടില്ലെന്ന ഉറപ്പിലായിരുന്നു പ്രതികൾ. തൊട്ടടുത്ത കടകളിലൊന്നും ക്യാമറയില്ലാത്തതിനാൽ ആ വഴി അടഞ്ഞു. തുടർന്നാണ് പോലീസ് സ്വകാര്യബസിലെ ക്യാമറകൾ തേടിയത്.
ദൃശ്യങ്ങളിൽനിന്ന് സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് ആറിനുമിടയിൽ മൈലപ്ര ഭാഗത്ത് സംശയകരമായി കണ്ട വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. ഇതിൽനിന്ന് ഹരീബിൻ്റെ ഓട്ടോറിക്ഷ കണ്ടെത്തി. അവ്യക്തമായ രീതിയിലാണ് ആദ്യം നമ്പരുള്ള ദൃശ്യം ലഭിച്ചത്, പിന്നീട് നഗരത്തിലെ മറ്റ് ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനനയിൽ പത്തനംതിട്ട അബാൻ ടവർ പാർക്കിങ് പരിസരത്തുനിന്ന് ഓട്ടോ കണ്ടെത്തി. മറ്റൊരാളുടെ പേരിലുള്ള ഓട്ടോ ഓടിക്കുന്നത് ഹരീബ് ആണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
പല സംഘങ്ങളായി തിരിഞ്ഞ പോലീസ് തെങ്കാശിയിൽ പലയിടത്തും പ്രതികൾക്കായി തിരഞ്ഞിറങ്ങിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. വിവരം മണത്തറിഞ്ഞ മൂന്നുപേരും മുങ്ങി. തമിഴ്‌നാട് പോലീസിൻ്റെ സഹായം തേടി. തെങ്കാശി അയ്യാപുരത്ത് ഒരു മാന്തോപ്പിനുള്ളിൽ ഒളിച്ചുകഴിഞ്ഞ മുരുകനെയും ബാലസുബ്രഹ്മണ്യനെയും ഒടുവിൽ പിടികൂടി. മുത്തുകുമാർ വൈകാതെ പിടിയിലുമായി. പ്രതികളിൽ മുരുകൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 'മദ്രാസ് മുരുകൻ' എന്നറിയപ്പെടുന്ന ഇയാൾ 1996-ൽ ജർമൻ യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group