
പുനലൂർ :കൊല്ലം-ചെങ്കോട്ട പാതയിലോടുന്ന എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് തീവണ്ടിക്ക് ഇനി ലിങ്ക് ഹോഫ്‌മാൻ ബുഷ് (എൽഎച്ച്‌ബി) കോച്ചുകൾ. ജൂലായ് ഏഴുമുതൽ പുതിയ കോച്ചുകളുമായി തീവണ്ടി ഓടിത്തുടങ്ങും. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ ഉത്തരവ് പുറത്തിറങ്ങി.
നിലവിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) കോച്ചുകൾക്ക് പകരമായാണ് എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കുന്നത്. ജർമൻ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ കോച്ചുകളാണിത്. സീറ്റുകൾമുതൽ സാങ്കേതികസംവിധാനങ്ങൾവരെ ആധുനികരീതിയിലാണ് ഇവയിൽ സജ്ജീകരിച്ചിട്ടുള്ളത്.
സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ട് നിർമിച്ചതാണ് ബോഡി. വണ്ടി അപകടത്തിൽപ്പെട്ടാൽ കോച്ചുകൾ തമ്മിൽ തുളച്ചുകയറുകയോ പരസ്പരം മുകളിലേക്ക് കയറുകയോ ഇല്ല. ഉയർന്ന വേഗത്തിലും കാര്യക്ഷമമായ ബ്രേക്കിങ്ങിനുവേണ്ടി ഓരോ കോച്ചിലും 'അഡ്വാൻസ്‌ഡ് ന്യൂമാറ്റിക് ഡിസ്ക‌് ബ്രേക്ക് സംവിധാനമുണ്ട്. യാത്രക്കാർക്ക് അമിതമായ കുലുക്കം അനുഭവപ്പെടില്ല. ഉളളിൽ മികച്ച പ്രകാശവിന്യാസവുമുണ്ട്.
2000-ത്തിലാണ് ജർമനിയിൽനിന്ന് എൽഎച്ച്‌ബി കോച്ചുകൾ ആദ്യം ഇന്ത്യയിലെത്തിച്ചത്. പിന്നീട് സാങ്കേതികവിദ്യാകൈമാറ്റത്തിലൂടെ പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽവേ ഫാക്‌ടറിയിൽ ഈ കോച്ചുകൾ നിർമിച്ചുതുടങ്ങി.
കൊല്ലം-ചെങ്കോട്ട പാതയിൽ എൽഎച്ച്‌ബി കോച്ചുകളുമായി ഓടുന്ന രണ്ടാമത്തെ തീവണ്ടിയാണ് വേളാങ്കണ്ണി എക്സ്പ്രസ്.
പ്രതിവാര സർവീസായി ഓടിയിരുന്ന തിരുവനന്തപുരം നോർത്ത്-ചെന്നൈ എസി എക്സ്പ്രസിലാണ് പാതയിൽ ആദ്യമായി എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചത്. ഈ സർവീസ് താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനു ലഭിച്ച സ്വീകാര്യതയെത്തുടർന്നാണ് വേളാങ്കണ്ണി എക്സ്‌പ്രസിലും എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കാൻ റെയിൽവേ തീരുമാനിച്ചത്.
എൽഎച്ച്ബി കോച്ചിലേക്ക് മാറുന്നതോടുകൂടി തീവണ്ടിയിൽ സീറ്റുകളുടെ ലഭ്യത വർധിക്കും. സർവീസ് ആഴ്‌ചയിൽ മൂന്നുദിവസമാക്കുന്നതിനും തടസ്സമുണ്ടാകില്ല. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group