ആറളം ഫാമിലെ കാട്ടാനശല്യം; ഇടപെട്ട് ഹൈക്കോടതി

ആറളം ഫാമിലെ കാട്ടാനശല്യം; ഇടപെട്ട് ഹൈക്കോടതി
ആറളം ഫാമിലെ കാട്ടാനശല്യം; ഇടപെട്ട് ഹൈക്കോടതി
Share  
2025 Jun 29, 10:00 AM
MANNAN

ഇരിട്ടി: ആറളംഫാമിലെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിന് കർശന നടപടികളുമായി ഹൈക്കോടതി. കാട്ടാനശല്യം കാണിച്ച് സുൽത്താൻബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച കോടതി ഫാം എംഡിയെയും ആറളം പഞ്ചായത്ത് സെക്രട്ടറിയെയും അനെർട്ട് ഓഫീസറെയും കക്ഷിചേർത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസ് പ്രത്യേകമായി പരിഗണിക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്‌ചയും വൈകിട്ട് മൂന്നിന് സ്പെഷ്യൽ സിറ്റിങ് നടത്താനും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവായി.


ഹൈക്കോടതി നിർദേശപ്രകാരം രൂപവത്‌കരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ 131 നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലം കണ്ണൂർ ഡിഎഫ്‌ഒ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ച ശേഷമാണ് ഫാം എംഡിയെയും പഞ്ചായത്ത് സെക്രട്ടറിയെയും അനെർട്ട് ഓഫീസറെയും സ്വമേധയാ കേസിൽ കക്ഷിചേർക്കാൻ കോടതി ഉത്തരവിട്ടത്. ആറളം ഫാമിൽ ഇതുവരെ 14 ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവങ്ങൾ കാണിച്ചാണ് ബൈജുപോൾ മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.


പരിഹാരനിർദേശങ്ങൾ തേടി


പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെയും വനംവകുപ്പിൻറെയും നിലപാട് ആരാഞ്ഞു. പ്രശ്നപരിഹാരത്തിന് ബഹുമുഖ പദ്ധതികൾ നിർദേശിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ച് 131 നിർദേശങ്ങൾ അടങ്ങിയ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിച്ചത്. ഇതിലെ പ്രധാന നിർദേശങ്ങളിലൊന്ന് ആനമതിലിൻ്റെ നിർമാണം 2026 മാർച്ച് 31-നുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിദൂരമാണ്.


10.5 കിലോമീറ്റർ നിർമിക്കേണ്ട മതിലിൻ്റെ നാലുകിലോമീറ്റർ മാത്രമാണ് രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാനായത്. നിർമാണം ഇഴഞ്ഞുനീങ്ങുന്നത് കാരണം നിലവിലെ കരാറുകാരനെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റോടെ പുതിയ ടെൻഡർ വെച്ച് കരാറുകാരനെ കണ്ടെത്താനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ ആഴ്‌ചയും കേസ് പ്രത്യേകമായി പരിഗണിക്കാനുള്ള കോടതിയുടെ തീരുമാനം സർക്കാറിനും വനം വകുപ്പിനും വരും ദിവസങ്ങളിൽ നിർണായകമാകും.


അറുതിയില്ലാതെ കാട്ടാനഭീതി


നാലുമാസം മുൻപ് പുനരധിവാസ മേഖലയിൽ ആദിവാസി ദമ്പതിമാരായ വെള്ളിയെയും ലീലയെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.


ഇതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ വനംമന്ത്രിയുടെ നിർദേശ പ്രകാരം എംഎൽഎയുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ച പ്രാദേശിക കമ്മിറ്റിയാണ് ആന്ന തുരത്തലും പ്രതിരോധ സംവിധാനങ്ങളും ആനമയിലിൻ നിർമാണവുമെല്ലാം നിരീക്ഷിച്ചിരുന്നത്.


ദമ്പതിമാരെ ചവിട്ടിക്കൊന്നതിന് ശേഷം മേഖലയിൽ ഇരുപതോളം കുടിലുകൾക്കും ഷെഡുകൾക്കും കാട്ടാന നാശം വരുത്തിയിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2