
കൊല്ലം: 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃക പരിചയപ്പെടാൻ വിവിധ സംസ്ഥാനങ്ങളിലെ ഐഎഎസ് പ്രതിനിധികളടങ്ങുന്ന ഉന്നതതലസംഘം ജില്ല സന്ദർശിച്ചു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോൺക്ലേവിന്റെ ഭാഗമായാണ് സന്ദർശനം. മീനാട് സ്‌മാർട്ട് വില്ലേജ് സംഘം സന്ദർശിച്ചു. ഡിജിറ്റൽ ലാൻഡ് സർവേ പൂർത്തീകരിച്ച വില്ലേജാണ് മീനാട് .ചാത്തന്നൂർ പഞ്ചായത്തിൻ്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ച് മീനാട് പഞ്ചായത്തിലെ ഓരോ വീടും സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും സ്ഥലപരിശോധന നടത്തി, 97 ശതമാനം റെക്കോഡുകളുടെയും കൃത്യത ഉറപ്പാക്കുകയും ചെയ്‌തു. പഴയ രേഖകളുടെ ഓൺലൈൻ ഡേറ്റാബേസും നിർമിച്ചു.
കളക്ടറേറ്റിലെത്തിയ സംഘത്തെ സ്വീകരിച്ച കളക്‌ടർ എൻ.ദേവിദാസ്, പദ്ധതിപ്രവർത്തനങ്ങളും ജില്ലയിലെ ഡിജിറ്റൽ സർവേയുടെ പുരോഗതിയും വിശദീകരിച്ചു.
സംഘം ആദിനാട് വില്ലേജ് ഡിജിറ്റൽ ക്യാമ്പ് ഓഫീസ് സന്ദർശിച്ചു. ജില്ലാ സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ സലിം ജില്ലയിലെ ഡിജിറ്റൽ സർവേ പ്രക്രിയ വിശദീകരിച്ചു.
മൂന്നുഘട്ടമായി നടക്കേണ്ട 43 ഫീൽഡ് സർവേകളിൽ 36 എണ്ണം പൂർത്തീകരിച്ചു. 21,870.9 ഹെക്ടർ ഭൂമി ഒന്നാംഘട്ടത്തിൽ സർവേ നടത്തി.
സർവേക്കുമുൻപ് ഓരോ വില്ലേജിലും ജാഗ്രതാസമിതികൾ രൂപവത്കരിച്ചിരുന്നു. ഇതുവഴി അവബോധം സൃഷ്ടിക്കാനും സർവേയുടെ തത്സമയ വിവരങ്ങൾ കൈമാറാനും കഴിഞ്ഞു. കളക്‌ടറുടെ നേതൃത്വത്തിൽ പ്രതിമാസം ചേരുന്ന നിർവഹണസമിതിയും ആഴ്‌ചയിലൊരിക്കൽ ജില്ലാ നോഡൽ ഓഫീസറായ സബ് കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ഡിജിറ്റൽ ലാൻഡ് സർവേ യോഗവും നടപടികൾ വേഗത്തിലാക്കി.
ജി.എസ്. ജയലാൽ എംഎൽഎ, എഡിഎം ജി. നിർമൽകുമാർ, സബ് കളക്‌ടർ നിഷാന്ത് സിഹാര, ഉദ്യോഗസ്ഥർ എന്നിവർ സംഘത്തെ അനുഗമിച്ചു.
ഛത്തീസ്ഗഢ് കേഡർ ഐഎഎസ് ഓഫീസർ അരവിന്ദ്കുമാർ എക്ക, ഹരിയാണ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹൂഡ, ഹിമാചൽ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാഘവ് ശർമ എന്നിവരടങ്ങിയ 25-അംഗ സംഘമാണ് പര്യടനം നടത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group